SignIn
Kerala Kaumudi Online
Monday, 31 August 2026 12.47 AM IST

ട്രയാജ് സംവിധാനം വന്നില്ല, ഗുരുതര രോഗികൾ ക്യൂവിൽ

hospital

കോഴിക്കോട്: സ്പെഷ്യാലിറ്റി സേവനം 24 മണിക്കൂറാക്കാൻ സർക്കാർ ഒരുങ്ങുമ്പോൾ ഗുരുതര രോഗികൾക്ക് ചികിത്സാ മുൻഗണന നൽകാനുള്ള ട്രയാജ് സംവിധാനം പ്രധാന ഗവ. ആശുപത്രികളിലെങ്കിലും നടപ്പാക്കണമെന്ന ആവശ്യം ഉയരുന്നു.ഇതിനും സ്പെഷ്യാലിറ്റി സേവനത്തിനും ആവശ്യത്തിന് ഡോക്ടർമാരെ നിയമിക്കണം.നിലവിൽ ഹൃദയാഘാതം ഉൾപ്പെടെ അടിയന്തര ചികിത്സ വേണ്ടവർ വരെ ആശുപത്രികളിൽ ക്യൂവിൽ നിൽക്കേണ്ട സ്ഥിതിയാണ്.

അടുത്തിടെ നെയ്യാറ്റിൻകരയിൽ ക്യൂവിൽ നിന്ന രോഗി കുഴഞ്ഞുവീണ് മരിച്ചിരുന്നു. തുർന്ന് പ്രധാന ആശുപത്രികളിൽ ട്രയാജ് സംവിധാനം ഏർപ്പെടുത്താൻ കഴിഞ്ഞ ജനുവരിയിൽ സർക്കാർ തീരുമാനിച്ചിരുന്നു.എന്നാൽ നടപ്പായില്ല.തിരക്കുള്ള സമയങ്ങളിൽ അത്യാഹിത വിഭാഗത്തിൽ രണ്ട് ഡോക്ടർമാരെ നിയമിക്കാനും ധാരണയായിരുന്നു.

ട്രയാജ് നടപ്പാക്കുന്നത് സംബന്ധിച്ച് 2021ൽ സർക്കാർ ഉത്തരവിറക്കിയെങ്കിലും ചുരുക്കം ചില ഗവ.ആശുപത്രികളിലേ നടപ്പായുള്ളൂ. വേണ്ടത്ര ജീവനക്കാരില്ലാത്തതാണ് കാരണമായി പറയുന്നത്. എന്നാൽ കൂടുതൽ ജീവനക്കാർ വേണ്ടെന്നും വലിയ പണച്ചെലവില്ലെന്നുമാണ് ഡോക്ടർമാർ പറയുന്നത്.

 ട്രയാജ് ഇങ്ങനെ

പ്രാഥമിക ചികിത്സയിലൂടെ ഗുരുതര രോഗമുള്ളവരെ ചുവപ്പ്, മഞ്ഞ, പച്ച വിഭാഗമായി തിരിക്കും. ഹൃദ്രോഗം, നെഞ്ചുവേദന, രക്തസ്രാവം തുടങ്ങിയവയുള്ളവരെ ചുവപ്പ് വിഭാഗത്തിൽ പെടുത്തി അടിയന്തര ചികിത്സ നൽകും. ഇത്രയും ഗുരുതരമല്ലാത്ത രോഗികളെ മഞ്ഞ വിഭാഗത്തിൽ പെടുത്തും. അടിയന്തര സാഹചര്യമില്ലെങ്കിലും ഇത്തരക്കാരെ ചികിത്സിക്കാൻ അധികം വെെകരുത്. ചുമ, ജലദോഷം പോലെ അപകടകരമല്ലാത്ത രോഗമുള്ളവരാണ് പച്ച വിഭാഗത്തിൽ.

'' ഗുരുതരാവസ്ഥയിലുള്ള രോഗികൾക്ക് കൃത്യസമയത്ത് ചികിത്സ നൽകാനാവാത്ത ദുരവസ്ഥ പരിഹരിക്കാൻ ട്രയാജ് സംവിധാനം നടപ്പാക്കണം.""

-ഡോ.സുനിൽ പി.കെ,

സംസ്ഥാന പ്രസിഡന്റ്

കെ.ജി.എം.ഒ.എ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: HOSPITAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA