SignIn
Kerala Kaumudi Online
Wednesday, 16 September 2026 2.04 PM IST

ഐസിസ് ഭീകരൻ സുബഹാനി ഹാജയ്ക്ക് ജീവപര്യന്തം കഠിനതടവും 2 ലക്ഷം പിഴയും

nia

കൊച്ചി : ഐസിസിൽ ചേർന്ന് ഇറാക്കിൽ സായുധപോരാട്ടം നടത്തിയ കേസിൽ തൊടുപുഴ സ്വദേശി സുബഹാനി ഹാജ മൊയ്തീന് (34) എറണാകുളത്തെ പ്രത്യേക എൻ.ഐ.എ കോടതി ജീവപര്യന്തം കഠിനതടവും 2.10 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. ഇന്ത്യയുമായി സൗഹൃദത്തിലുള്ള രാജ്യത്തിനെതിരെ യുദ്ധംചെയ്ത കുറ്റമടക്കം ശരിവച്ചാണ് ശിക്ഷ. ഇത്തരത്തിൽ കേസെടുത്ത് ശിക്ഷിക്കുന്നത് കേരളത്തിലാദ്യമാണ്.

2015 ഏപ്രിൽ മുതൽ സെപ്തംബർ വരെയാണ് സുബഹാനി ഇറാക്കിൽ ഭീകരപ്രവർത്തനം നടത്തിയത്. ഇന്ത്യയിൽ നിന്ന് തുർക്കി വഴി ഇറാക്കിലെത്തിയ ഇയാൾ സായുധ പരിശീലനത്തിനു ശേഷം മൊസൂളിൽ യുദ്ധമുഖത്തേക്ക് പോയി. ഇവിടെ ഒപ്പമുണ്ടായിരുന്ന ഒരാൾ കൊല്ലപ്പെടുന്നതു കണ്ടത് നാട്ടിലേക്ക് മടങ്ങാൻ കാരണമായി.

തുടർന്ന് നാട്ടിലും ഭീകര സംഘടനയുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചു. കണ്ണൂർ കനകമലയിലെ രഹസ്യയോഗക്കേസിൽ സുബഹാനിയെ 2016 ഒക്ടോബർ അഞ്ചിന് എൻ.ഐ.എ അറസ്റ്റുചെയ്തു. ചോദ്യംചെയ്തപ്പോഴാണ് ഇറാക്കിലെ വിവരം പുറത്തറിഞ്ഞത്.

2019 ജനുവരിയിലാണ് എറണാകുളത്തെ പ്രത്യേക എൻ.ഐ.എ കോടതിയിൽ വിചാരണ തുടങ്ങിയത്. ബാഗ്ദാദിലെ ഇന്ത്യൻ എംബസിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥനടക്കം 46 സാക്ഷികളെ വിസ്തരിച്ചിരുന്നു.

കുറ്റവും ശിക്ഷയും

 ഐ.പി.സി 125 - സഖ്യരാജ്യങ്ങളുമായി യുദ്ധംചെയ്യൽ : ഏഴുവർഷം തടവും ഒരു ലക്ഷം പിഴയും

 ഐ.പി.സി 120(ബി) - ഗൂഢാലോചന : അഞ്ചുവർഷം തടവും 10,000 രൂപ പിഴയും

 യു.എ.പി.എ 20 - ഭീകരസംഘടനയിൽ അംഗമാവുക - ജീവപര്യന്തം കഠിനതടവും ഒരു ലക്ഷം പിഴയും

 യു.എ.പി.എ 38 - ഭീകരസംഘടനയുമായി ചേർന്നുള്ള പ്രവർത്തനം - ഏഴു വർഷം തടവ്

 യു.എ.പി.എ 39 - ഭീകരസംഘടനയെ പിന്തുണയ്ക്കൽ - ഏഴു വർഷം തടവ്

(ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതിയെന്നതിനാൽ ജീവപര്യന്തം കഠിനതടവും 2.10 ലക്ഷം രൂപ പിഴയും)

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SUBAHANY CASE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA