
തിരുവനന്തപുരം:പരിസ്ഥിതിലോല നിയമങ്ങൾ പ്രകാരം കർഷകരുടെ ഭൂമി നിർബന്ധമായി പിടിച്ചെടുക്കില്ലെന്ന് കർഷകസംഘടനകൾക്ക് വനംമന്ത്രി ഷിബു ബേബി ജോണിന്റെ ഉറപ്പ്.
മനുഷ്യ-വന്യജീവി സംഘർഷലഘൂകരണം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ
മലയോര-വനാതിർത്തി പ്രദേശങ്ങളിലെ കർഷകസംഘടനാ പ്രതിനിധികളുമായുളള ചർച്ചയിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
ഭൂമി ഏറ്റെടുക്കേണ്ട ആവശ്യമുണ്ടായാൽ നഷ്ടപരിഹാരം നൽകി ഏറ്റെടുക്കും. 98 വില്ലേജുകളെ മാത്രം ഇ.എസ്.എ പരിധിയിലാക്കാൻ കേന്ദ്രസർക്കാരിൽ സമ്മർദ്ദം ചെലുത്തും. ജനവാസകേന്ദ്രങ്ങളെയും കൃഷിയിടങ്ങളെയും തോട്ടം മേഖലയെയും ഇ.എസ്.എ പരിധിയിൽ നിന്നും പൂർണമായും ഒഴിവാക്കും.
വന്യജീവി ആക്രമണത്തിൽ വിളനാശത്തിനടക്കം കർഷകർക്ക് നൽകുന്ന നഷ്ടപരിഹാരം വർദ്ധിപ്പിക്കും. സമയബന്ധിതമായി ലഭ്യമാക്കാൻ നടപടിയെടുക്കും.
വനവത്കരണം ശക്തമാക്കിയും പുൽമേടുകളും ജൈവവനങ്ങളും പുന:സ്ഥാപിച്ചും വനത്തിനുള്ളിൽ കുടിവെള്ളത്തിനായി സോളാർ പമ്പുകൾ, മഴക്കുഴി എന്നിവ സ്ഥാപിച്ചും വന്യമൃഗവ്യാപനം നിയന്ത്രിക്കും.
വനാതിർത്തികളിൽ സുരക്ഷാസംവിധാനമുണ്ടാകും. ഹോട്ട് സ്‌പോട്ടുകളിൽ ത്രിതല സുരക്ഷ ഏർപ്പെടുത്തും. 25 ദ്രുതകർമസേനയെ നിയോഗിക്കും. ഡ്രോൺ സ്‌ക്വാഡ് ഏർപ്പെടുത്തും. വന്യമൃഗങ്ങളെ പ്രതിരോധിക്കാനും ബദൽ വരുമാനത്തിനും സ്മാർട്ട് ഫാമിംഗ് നടത്തണം. കർഷകതാല്പര്യങ്ങൾ സംരക്ഷിക്കും. എന്നാൽ കയ്യേറ്റക്കാരോട് വിട്ടുവീഴ്ചയുണ്ടാകില്ല.
കാട്ടുപന്നി നിയന്ത്രണത്തിന് തോക്ക് ലൈസൻസുള്ള വ്യക്തികളെ ഷൂട്ടർ ആയി നിയോഗിക്കാൻ ഉത്തരവിറക്കിയതായും മന്ത്രി വ്യക്തമാക്കി.
വനാതിർത്തികളിലെ എം.പിമാർ, എം.എൽ.എമാർ, പഞ്ചായത്ത് പ്രസിഡന്റുമാർ, കർഷക-പരിസ്ഥിതി സംഘടനകൾ എന്നിവരുമായി നടത്തിയ ചർച്ചയിൽ തയ്യാറാക്കിയ വിഷൻ ഡോക്യുമെന്റ് അവതരിപ്പിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |