തിരുവനന്തപുരം: നാടൊട്ടുക്ക് ഓണാഘോഷങ്ങൾ തുടങ്ങിയതോടെ പൂവില റോക്കറ്റുപോലെ മുകളിലേക്കുയർന്നു. ഒരുവിധം എല്ലാപൂക്കൾക്കും വില കൂടിയെങ്കിലും മുല്ലയ്ക്കും പിച്ചിയ്ക്കുമാണ് വലിയ കയറ്റം. ഏറ്റവുംകൂടുതൽ ആവശ്യക്കാരുള്ളതും ഇതുരണ്ടിനുമാണ്. നിലവിൽ തമിഴ്‌നാട്ടിൽ ഒരു കിലോ മുല്ലപ്പൂവിന് നാലായിരം മുതൽ ആറായിരം രൂപവരെയാണ് വില. കേരളത്തിലെത്തുമ്പോൾ വില കാര്യമായി കൂടും. കേരളത്തിൽ ഇപ്പോൾ ഒരുമുഴം മുല്ലപ്പൂവിന് 100-150 രൂപവരെയാണ്. പിച്ചിക്ക് ചിലയിടങ്ങളിൽ 100 രൂപവരെ വാങ്ങുന്നുണ്ട്.
തിരുവോണം അടുത്തതോടെ വില ഇനിയും ഉയരുമെന്നാണ് കച്ചവടക്കാർ പറയുന്നത്. ചിങ്ങമാസം വിവാഹക്കാലമായതിനാൽ ഈ മാസം മുഴുവൻ വിലക്കുറവ് പ്രതീക്ഷിക്കേണ്ടെന്നും അവർ പറയുന്നു. തമിഴ്നാട്ടിൽ കാലംതെറ്റിയുണ്ടായ മഴമൂലം ഉത്പാദനം കാര്യമായി കുറഞ്ഞതാണ് വില കൂടാൻ കാരണം. കർണാടകത്തിലെ ഉത്പാദനവും കുറഞ്ഞിട്ടുണ്ട്.
അത്തപ്പൂവിടാൻ ആവശ്യക്കാർ കൂടിയതോടെ അരളിക്കും വെള്ള ജമന്തിക്കും ചെത്തിക്കും വൻതോതിൽ വില കൂടിയിട്ടുണ്ട്. മുല്ലയുടെയും പിച്ചിയുടെയും തൊട്ടുപിന്നിൽത്തന്നെയാണ് ഇവയുടെ സ്ഥാനം. അരളിക്ക് കിലോയ്ക്ക് 500 രൂപയാണ്. വെള്ള ജമന്തിക്കും ചെത്തിക്കും 600രൂപയാണ് വില. മഞ്ഞ, ഓറഞ്ച് ജമന്തികൾക്ക് 250രൂപയാണ് കിലോയ്ക്ക്. ഇവ കേരളത്തിലും കൃഷിചെയ്യുന്നതിനാലാവണം വില കാര്യമായി ഉയരാത്തത്. നാട്ടിൻപുറത്ത് ഇഷ്ടംപോലെ കാണുന്ന തുളസിക്കും വില കിലോയ്ക്ക് 100 രൂപയായിട്ടുണ്ട്. വാടാമുല്ലയ്ക്ക് 200 രൂപയാണ് വില.
വിലകൂടിയതോടെ ആവശ്യക്കാർ വാങ്ങുന്ന പൂക്കളുടെ അളവ് കുറഞ്ഞിട്ടുണ്ടെന്നാണ് കച്ചവടക്കാർ പറയുന്നത്. മുല്ലയുടെയും പിച്ചിയുടെയും വില ഉയർന്നതോടെ തലയിൽ വയ്ക്കാൻ കെട്ടിയ അരളിപ്പൂവ് വാങ്ങുന്നവരുടെ എണ്ണവും കൂടിയിട്ടുണ്ടത്രേ.
Flower prices have sharply risen across Kerala due to Onam celebrations and the wedding season. Jasmine and Pichy are most affected, with a kilogram of jasmine costing 4000-6000 INR in Tamil Nadu, leading to 100-150 INR per arm's length in Kerala. Unseasonal rains in Tamil Nadu and reduced production in Karnataka are cited as main reasons for the surge.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |