
ചേർത്തല: മൂന്നാം പിണറായി സർക്കാർ വരാത്തതിനു കാരണം ചില ഇടതുനേതാക്കളുടെ കൊള്ളയും ധിക്കാരവും ധാർഷ്ട്യവുമാണെന്ന് എസ്.എൻ.ട്രസ്റ്റ് സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. തോൽവിയുടെ ഉത്തരവാദിത്വം തന്റെ തലയിൽ കെട്ടിവയ്ക്കാൻ നോക്കേണ്ടെന്നും പറഞ്ഞു. കഴിഞ്ഞ സർക്കാരിന്റെ കാലത്തു പല ഇടതു നേതാക്കൾക്കും തമ്പ്രാൻ മനോഭാവമായിരുന്നെന്നും കുറ്റപ്പെടുത്തി.
ശ്രീനാരായണ ട്രസ്റ്റിന്റെ 73-ാമതു വാർഷിക പൊതുയോഗത്തിൽ സ്വാഗതം പറയുകയായിരുന്നു അദ്ദേഹം.
മുൻ സ്പീക്കർ എ.എൻ.ഷംസീർ കമ്മ്യൂണിസ്റ്റുകാരനല്ല. ലീഗുകാരനാണ്. ലീഗിന്റെ ശബ്ദം തന്നെയാണ് ഷംസീറിൽ നിന്ന് ഉണ്ടായത്. ഇടതുതോൽവിയുടെ ഉത്തരവാദിത്വം പിണറായിക്കാണെന്നു വരുത്തിതീർക്കാനാണ് ഷംസീർ തനിക്കെതിരായ പരാമർശങ്ങൾ നടത്തിയത്.
പിണറായിയെ നേരിട്ടുപറയാനാകാത്തതിനാലാണ് ഷംസീർ എനിക്കെതിരെ തിരിഞ്ഞത്. തന്റെ മലപ്പുറം പ്രസംഗത്തെ തള്ളിപ്പറയുന്നതിന് പാർട്ടി കൂടുതൽ ശക്തികാട്ടാത്തതാണ് ഇടതുപരാജയത്തിന്കാരണമെന്ന ഷംസീറിന്റെ പ്രസ്താവന ഇതാണ് സൂചിപ്പിക്കുന്നത്. നിരവധി ത്യാഗപോരാട്ടങ്ങളിലൂടെ കൊടിയ മർദ്ദനം ഉൾപ്പെടെ സഹിച്ച് നേതാവായ ആളാണ് പിണറായി. ചുളുവിലും തണലിലും നേതാവായ ആളാണ് ഷംസീർ. ലീഗിനെതിരായ തന്റെ നിലപാടിന്റെ പേരിൽ വർഗീയവാദിയാക്കി ഒറ്റപ്പെടുത്താൻ ശ്രമിച്ചപ്പോൾ മുസ്ലീംസമുദായത്തെയല്ല ലീഗിനെയാണ് വിമർശിച്ചതെന്ന യാഥാർത്ഥ്യം പറഞ്ഞതു പിണറായി മാത്രമായിരുന്നു.
ഇടതുപക്ഷത്തിന്റെയും പിണറായിയുടെയും ഒരു ഔദാര്യവും സ്വീകരിച്ചിട്ടില്ല. വ്യക്തിപരമായും സംഘടനാപരമായും പലകേസുകളുമുണ്ടായപ്പോഴും ഒരു സഹായത്തിനും പോയിട്ടില്ല. പത്തുവർഷത്തെ ഭരണത്തിൽ പിണറായിയെ നേരിട്ടുകണ്ടിട്ടുള്ളത് നാലോ അഞ്ചോ തവണമാത്രമാണ്. അന്നും ന്യൂനപക്ഷങ്ങൾക്കു വാരിക്കോരി നൽകിയപ്പോഴും ഈഴവസമുദായത്തിനു അവഗണനമാത്രമായിരുന്നു. പിണറായിയെ തള്ളിപ്പറയില്ലെന്നും നൂറ്റാണ്ടു കഴിഞ്ഞാലും കേരളത്തിൽ ഒരു മുന്നണിയിലും ഒരു ഈഴവ മുഖ്യമന്ത്രിയുണ്ടാകില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.
മുസ്ലീംലീഗിനെ പേടിച്ച് ആർക്കും ഒന്നും പറയാൻ കഴിയാത്ത സ്ഥിതിയാണ്. മതംപറയുന്നവർ മന്ത്രി സ്ഥാനത്തെത്തുകയും മതേതരത്വം പറഞ്ഞവർ തെരുവിൽ തെണ്ടുന്ന രീതിയുമാണിപ്പോൾ. സമൂഹത്തിനും സമുദായത്തിനുംവേണ്ടി ഒന്നും ചെയ്യാനാകാത്തവരാണ് തന്റെ രക്തത്തിനായി മുറവിളികൂട്ടുന്നതെന്നും വെള്ളാപ്പള്ളി പറഞ്ഞു.
ദേവസ്വം ബോർഡുകളിൽ
അഴിമതിയും കൊള്ളയും
അഞ്ചു ദേവസ്വം ബോർഡുകളും അഴിമതിയിലും കൊള്ളയിലും മുങ്ങികുളിച്ചിരിക്കുകയാണെന്ന് ട്രസ്റ്റിന്റെ വാർഷിക റിപ്പോർട്ടിൽ വിമർശനം. നിർഗുണന്മാരായ കുറച്ചു നേതാക്കൾക്കു രണ്ടോ മൂന്നോ വർഷം പദവി നൽകാനും ശിഷ്ടകാലം ജീവിക്കാൻ വകയുണ്ടാക്കാനുള്ള സംവിധാനവുമായി ദേവസ്വം ബോർഡുകൾ മാറി. വന്നവരിലും പോയവരിലും ചൂഷണവും മോഷണവും നടത്താത്തവർ കുറവാണ്. കാണിക്കവഞ്ചിയിൽ കൈയിട്ടുവാരാത്തവർ ചുരുക്കം മാത്രം. യു.ഡി.എഫ് മന്ത്രിസഭയിൽ ഈഴവ സമുദായത്തിനു ജനസംഖ്യാനുപാതിക പ്രാതിനിദ്ധ്യമില്ല. 21അംഗ മന്ത്രിസഭയിൽ 12 പേരും ന്യൂനപക്ഷങ്ങളിൽ നിന്നുള്ളവരാണെന്ന് റിപ്പോർട്ടിൽ പറഞ്ഞു.
എസ്.എൻ.ട്രസ്റ്റ്
166 കോടിയുടെ
ബഡ്ജറ്റ്
ചേർത്തല:എസ്.എൻ.ട്രസ്റ്റിന് 2026–27 വർഷത്തിൽ 166,55,84,000 രൂപയുടെ വാർഷിക ബഡ്ജറ്റ്. ചേർത്തല എസ്.എൻ.കോളേജ് ഓഡിറ്റോറിയത്തിൽ ചേർന്ന 73ാമത് വാർഷിക പൊതുയോഗമാണ് ബഡ്ജറ്റിന് അംഗീകാരം നൽകിയത്.
ആശുപത്രികളുടെ വികസനത്തിനായി 50 കോടി. എയ്ഡഡ് വിദ്യാലങ്ങൾക്ക് കെട്ടിടങ്ങൾ നിർമ്മിക്കുന്നതിനും അറ്റകുറ്റപ്പണികൾക്കുമായി 14 കോടി. എയ്ഡഡ് കോളേജുകളിൽ കെട്ടിടം നിർമ്മിക്കുന്നതിന് 9.5 കോടി. ആശുപത്രികളിൽ അത്യാധുനിക സംവിധാനങ്ങൾ ഒരുക്കുന്നതിന് 11കോടി. സെൽഫ് ഫിനാൻസിംഗ് ആർട്സ് ആൻഡ് സയൻസ് കോളേജുകൾക്കും സെൻട്രൽ സ്കൂളുകൾക്കും 1.5 കോടി. വാഗമൺ മുരുകൻമലയിൽ പുതിയ കെട്ടിടം നിർമ്മിക്കുന്നതിനും നാക് അക്രഡിറ്റേഷനും ഓരോ കോടി. എന്നിങ്ങനെയാണ് തുക വകയിരുത്തിയത്. ചെയർമാൻ ഡോ.എം.എൻ.സോമൻ അദ്ധ്യക്ഷത വഹിച്ചു.സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പ്രവർത്തന റിപ്പോർട്ടും ബഡ്ജറ്റും അവതരിപ്പിച്ചു.അസിസ്റ്റന്റ് സെക്രട്ടറി തുഷാർ വെള്ളാപ്പള്ളി,ട്രഷറർ ഡോ.ജി.ജയദേവൻ,എക്സിക്യൂട്ടീവ് അംഗങ്ങളായ സന്തോഷ് അരയാക്കണ്ടി,മോഹൻശങ്കർ,ഡി.പ്രേംരാജ്,പി.സുന്ദരൻ,കെ.പത്മകുമാർ,എ.സോമരാജൻ,കെ.അശോകപ്പണിക്കർ,സംഗീത വിശ്വനാഥൻ,ഗോപിനാഥൻ പാലക്കാട്,ഡോ.എ.വി.ആനന്ദരാജ്, പി.വി.ബിനേഷ് പ്ലാത്താനത്ത് തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |