SignIn
Kerala Kaumudi Online
Saturday, 12 September 2026 5.06 PM IST

മനുഷ്യജീവനെക്കാൾ വലുതല്ല മറ്റൊന്നും, വനംമന്ത്രിയുടെ ശ്രദ്ധ സ്വന്തം കസേര സംരക്ഷിക്കാനെന്ന് കോൺഗ്രസ്

READ ENGLISH VERSION
wildlife

തിരുവനന്തപുരം: കാട്ടാന ആക്രമണത്തിൽ മൂന്ന് ദിവസത്തിനുള്ളിൽ നാലു പേർ മരിച്ച അതീവ ഗുരുതരമായ സാഹചര്യത്തിൽ വനംമന്ത്രി രാജിവയ്ക്കുകയോ മുഖ്യമന്ത്രി അദ്ദേഹത്തെ അടിയന്തരമായി പുറത്താക്കുകയോ ചെയ്യണമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എംപി. മലയോരവാസികളുടെ ജീവന് കാട്ടുമൃഗങ്ങൾ വൻഭീഷണി ഉയർത്തുമ്പോൾ മന്ത്രി നിസഹായനായി കൈമലർത്തുകയും മുഖ്യമന്ത്രി അതിനു കൂട്ടുനില്ക്കുകയുമാണ്. ഈ മന്ത്രി അധികാരത്തിലിരിക്കുന്ന ഓരോ നിമിഷവും മലയോരവാസികളുടെ ജീവൻ അപകടത്തിലാണെന്ന് സുധാകരൻ പറഞ്ഞു.

സ്വന്തം കസേര സംരക്ഷിക്കുന്നതിൽ മാത്രമാണ് മന്ത്രിയുടെ ശ്രദ്ധ. ജനവാസ മേഖലകളിലേക്ക് വന്യമൃഗം ഇറങ്ങുന്നില്ലെന്നും കാട്ടിലേക്ക് ആളുകളാണ് കടന്നുകയറുന്നതെന്നുമുള്ള വനം മന്ത്രിയുടെ പ്രസ്താവന കേട്ടാൽ കാട്ടുമൃഗങ്ങളാണോ ഈ സർക്കാരിനെ തെരഞ്ഞെടുത്തതെന്ന് തോന്നിപ്പോകും. കാടിനെക്കുറിച്ചോ മലയോരവാസികളെക്കുറിച്ചോ ചുക്കും ചുണ്ണാമ്പും അറിവില്ലാത്ത വനംമന്ത്രിയാണ് നമുക്കുള്ളത്. പ്ലാന്റേഷന്റെയും പാടത്തിന്റെയും ഭാഗത്താണ് കഴിഞ്ഞ ദിവസം കാട്ടാന അക്രമത്തിൽ കൊല്ലപ്പെട്ടവരുടെ ശരീരാവശിഷ്ടം കണ്ടെത്തിയത്. ഇവരാരും കാടുകളിലേക്ക് അതിക്രമിച്ച് കയറിവരല്ല. ജനകീയ പ്രതിഷേധം തണുപ്പിക്കാൻ ചാവുപണം പ്രഖ്യാപിച്ച ശേഷം അതുപോലും പൂർണ്ണമായി വിതരണം ചെയ്യാൻ സർക്കാർ തയ്യാറായിട്ടില്ലെന്നും കെ.സുധാകരൻ ചൂണ്ടിക്കാട്ടി.


മനുഷ്യ ജീവനേക്കാൾ വലുതല്ല മറ്റൊന്നും. നിയമങ്ങൾ മരണവാറണ്ടായി മാറുന്നെങ്കിൽ, അവ പുനഃപരിശോധിക്കാൻ സർക്കാർ തയ്യാറാകണം.ജനവാസമേഖലകളിലെ വന്യമൃഗ സാന്നിധ്യം നിയന്ത്രിക്കാൻ കർശനമായ നടപടി സ്വീകരിക്കണം. വന്യജീവി ആക്രമണം അതിരൂക്ഷമാകുമ്പോഴും അതു തടയാൻ മതിയായ സാമ്പത്തിക സഹായം ബജറ്റിൽ നീക്കിവച്ചിട്ടില്ല. ബജറ്റിൽ വകയിരുത്തുന്ന തുക വേണ്ടവിധം ചെലവഴിക്കുന്നില്ല. കിടങ്ങുകൾ,സൗരോർജ്ജ വേലികൾ,ഫെൻസിങ്ങുകൾ എന്നിവ ഫലപ്രദമായി നിർമ്മിക്കുന്നില്ല.വന്യമൃഗ ആക്രമണം തടയുന്നതിന് പ്രത്യേക സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കാൻ കേന്ദ്രസംസ്ഥാന സർക്കാരുകൾ തയ്യാറാകണം.കാട്ടുപന്നികളെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കില്ലെന്ന കേന്ദ്ര വനം പരിസ്ഥിതി മന്ത്രിയുടെ നിലപാട് അങ്ങേയറ്റം പ്രതിഷേധാർഹമാണ്.

മലയോര പ്രദേശവാസികളുടെ ജീവന് ഭീഷണിയായ വന്യമൃഗ ആക്രണത്തിന് പരിഹാരം കാണുന്നതു വരെ കോൺഗ്രസ് പ്രതിഷേധവുമായി രംഗത്തുണ്ടാകുമെന്നും കെ.സുധാകരൻ പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CONGRESS, KPCC, SUDHAKARAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA