SignIn
Kerala Kaumudi Online
Sunday, 12 July 2026 10.27 PM IST

കള്ളാടി മണ്ണിടിച്ചിൽ : മരിച്ചവരുടെ കുടുംബങ്ങൾക്ക് 6 ലക്ഷം രൂപ വീതം സഹായം,​ നിർമ്മാണ കമ്പനി നഷ്ടപരിഹാരം നൽകുമെന്ന് മന്ത്രി

kalladi-
കള്ളാടി മണ്ണിടിച്ചിലിൽ തകർന്ന പാലം . ഫോട്ടോ: കേരളകൗമുദി

മേപ്പാടി : വയനാട് മേപ്പാടി കള്ളാടിയിലുണ്ടായ മണ്ണിടിച്ചിലിൽ മരിച്ചവരുടെ കുടുംബങ്ങൾക്കും പരിക്കേറ്റവർക്കും നിർമ്മാണ കമ്പനി നഷ്ടപരിഹാരം നൽകുമെന്ന് മന്ത്രി ടി. സിദ്ദിഖ് അറിയിച്ചു,​ ദുരന്തത്തിൽ മരിച്ച 7 പേരുടെ കുടുംബങ്ങൾക്ക് 6 ലക്ഷം രൂപ വീതവും കരാർ തൊഴിലാളിയായ അൽമോന്റെ കുടുംബത്തിന് 5 ലക്ഷം രൂപയും അടിയന്തര സഹായമായി കമ്പനി നൽകും.

അപകടത്തിൽ പരിക്കേറ്റ 9 പേരിൽ 6 പേർക്ക് രണ്ടര ലക്ഷം രൂപ വീതം സാമ്പത്തിക സഹായം കൈമാറും. നിലവിൽ തീവ്രപരിചരണത്തിൽ ഗുരുതരാവസ്ഥയിൽ കഴിയുന്ന മറ്റ് മൂന്നുപേർക്ക് രണ്ടര ലക്ഷത്തിൽ കൂടുതൽ തുക നൽകാൻ നിർദ്ദേശം നൽകിയതായും മന്ത്രി വ്യക്തമാക്കി. മണ്ണിടിച്ചിലിനെ തുടർന്ന് പ്രദേശത്ത് അടിഞ്ഞുകൂടിയ മണ്ണ് എത്രയും വേഗം നീക്കം ചെയ്യാൻ ദിലീപ് ബിൽഡ് കോൺ കമ്പനിക്ക് നിർദ്ദേേശം നൽകിയിട്ടുണ്ട്. കൂടാതെ സ്കൂളുകൾ അടക്കമുള്ള അവശ്യ സർവീസുകൾക്കിുള്ള വാഹന ഗതാഗതം നിലവിൽ മീനാക്ഷി പാലത്തിലൂടെ അനുവദിക്കും. പാലത്തിന്റെ ബലക്ഷയം കൃത്യമായി പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ പൊതുമരാമത്ത് വകുപ്പിനെ ചുമതലപ്പെടുത്തിയതായും മന്ത്രി കൂട്ടിച്ചേർത്തു.

അതേസമയം കള്ളാടി ദുരന്തത്തിൽ ഒരു മൃതദേഹം കൂടി കണ്ടെത്തി. ഹിമാചൽ സ്വദേശിയും കൺസ്‌ട്രക്ഷൻ മാനേജറുമായ വിക്രം റാണയുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഇതോടെ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം എട്ടായി. ഇന്ന് രാവിലെ നടത്തിയ തെരച്ചിലിലാണ് വിക്രം റാണയുടെ മൃതദേഹം കണ്ടെത്തിയത്. പാലത്തിൽ നിന്ന് 150 മീറ്റർ ദൂരെയായിരുന്നു മൃതദേഹം. വിക്രം റാണയുടെ സഹോദരങ്ങളായ കുൽവന്ത്, പ്രമോദ്, ബന്ധുവായ അൻകുഷ് എന്നിവർ വയനാട്ടിൽ എത്തിയിരുന്നു.

അപകടത്തെത്തുടർന്ന് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവരുടെ ആരോഗ്യനിലയിൽ പുരോഗതിയുള്ളതായി അധികൃതർ അറിയിച്ചു. 49 കുടുംബങ്ങളിലെ 132പേർ ക്യാമ്പിൽ തുടരുകയാണ്. ദുരന്തം ഭൗമശാസ്ത്രജ്ഞനായ ഡോ. സി.പി.രാജേന്ദ്രൻ അദ്ധ്യക്ഷനായുള്ള അഞ്ചംഗ വിദഗ്ദ്ധ സമിതി അന്വേഷിക്കും. ഇതുസംബന്ധിച്ച് ദുരന്ത നിവാരണ വകുപ്പ് ഉത്തരവിറക്കി. പരിസ്ഥിതി ശാസ്ത്രജ്ഞൻ ഡോ. വിഷ്ണുദാസ്, കേരള ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഡോ. പി.പുകഴേന്തി, പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി എന്നിവരാണ് മറ്റ് അംഗങ്ങൾ. റവന്യു-ദുരന്ത നിവാരണ വകുപ്പ് സെക്രട്ടറി കൺവീനറായി പ്രവർത്തിക്കും. തുരങ്ക നിർമ്മാണ മേഖലയിലുണ്ടായ സുരക്ഷാവീഴ്ചകൾ, സാങ്കേതിക പിഴവുകൾ, പരിസ്ഥിതി അനുമതികളുടെ ലംഘനം എന്നിവയെക്കുറിച്ച് വിശദമായി അന്വേഷിക്കും. ഒരു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദ്ദേശം. ഏഴിനാണ് മേപ്പാടി കള്ളാടി മേഖലയിൽ മീനാക്ഷി പാലത്തിനോട് ചേർന്ന് മണ്ണിടിച്ചിലുണ്ടായത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KALLADI LANDSLIDE, KALLADI MANNIDICHIL, LANDSLIDE COMPEMSATION, KERALA LANDSLIDE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA