SignIn
Kerala Kaumudi Online
Tuesday, 06 October 2026 5.29 AM IST

'പിണറായി വിജയന്റെ ഉപദേശം തേടിയ ശേഷമാണ് രാഷ്ട്രീയത്തിലിറങ്ങിയത്'; കേരള മോഡലിൽ നിന്ന് ആശയം ഉൾക്കൊണ്ടാണ് പ്രവർത്തിച്ചതെന്ന് കമൽ ഹാസൻ

READ ENGLISH VERSION
kamal-hasan

തിരുവനന്തപുരം: രാഷ്ട്രീയത്തിലിറങ്ങാൻ തീരുമാനിച്ചപ്പോൾ ആദ്യം കേരളത്തിലെത്തി മുഖ്യമന്ത്രി പിണറായി വിജയന്റെ ഉപദേശം തേടിയിരുന്നതായി നടൻ കമൽ ഹാസൻ. കേരളത്തിന്റെ പുരോഗതിയും സംസ്കാരിക പാരമ്പര്യവും അവതരിപ്പിക്കുന്ന കേരളീയം മേളയുടെ ഉദ്‌ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ന് ഈ വേദിയില്‍ താന്‍ ഇംഗ്ലീഷിലാണ് പ്രസംഗിക്കുന്നത് എന്ന ആമുഖത്തോടെയാണ് കമല്‍ പ്രസംഗം ആരംഭിച്ചത്. താന്‍ പറയുന്നത് രാജ്യം മുഴുവന്‍ കേള്‍ക്കണം, അതു വഴി അവര്‍ കേരളത്തെ മനസിലാക്കട്ടെയെന്നും കമല്‍ പറഞ്ഞു.

'കേരളം എന്‍റെ ജീവിത യാത്രയിലെ പ്രധാന സ്ഥലമാണ്. എന്‍റെ കലാ ജീവിതത്തെ എന്നും പ്രോത്സാഹിപ്പിച്ച ജനതയാണ് കേരളത്തിലുള്ളത്. എന്നും കേരളത്തില്‍ ഞാന്‍ വരുന്നത് പുതുതായി എന്തെങ്കിലും പഠിക്കാനോ, അതില്‍ നിന്നും പ്രചോദനം ഉള്‍കൊള്ളാനോ ആണ്. എനിക്ക് ഏഴോ എട്ടോ വയസുള്ള സമയത്താണ് ഞാന്‍ ആദ്യമായി ഒരു മലയാള ചിത്രം ചെയ്യുന്നത്. എന്‍റെ പ്രിയ ഡയറക്ടര്‍ സേതുമാധവന്‍ സാറിന്‍റെയും ആദ്യത്തെ ചിത്രം അതായിരുന്നു. കേരളത്തിലെ സിനിമ രംഗം എന്നും കേരളം എന്ന സാംസ്കാരിക ഇടത്തെ രൂപപ്പെടുത്താന്‍ നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ട്. ഒപ്പം തന്നെ എന്‍റെ സിനിമ കാഴ്ചപ്പാടിനെയും മലയാള സിനിമ സ്വാധീനിച്ചിട്ടുണ്ട്. കേരളത്തിലെ സിനിമകള്‍ എന്നും സമൂഹിക വിഷയങ്ങളെ അഭിസംബോധന ചെയ്യാറുണ്ട്. ഇത് കേരളത്തിന്‍റെ സാമൂഹിക പ്രതിബദ്ധതയും, ഇത്തരം വിഷയത്തിലുള്ള ജാഗ്രതയും എടുത്തു കാട്ടുന്നു.'- കമൽ ഹാസൻ പറഞ്ഞു.

'കേരളീയത്തിന്‍റെ ചലച്ചിത്രോത്സവത്തില്‍ എന്‍റെ ചിത്രം മദനോത്സവം പ്രദര്‍ശിപ്പിക്കുന്നു എന്നതില്‍ അഭിമാനമുണ്ട്. എന്‍റെ 21-ാമത്തെ വയസിലാണ് ഞാന്‍ മദനോത്സവം ചെയ്യുന്നത്. അന്ന് അതിന്‍റെ പിന്നിലെ ഒരോ വ്യക്തിയും എനിക്ക് വലിയ സ്വാതന്ത്ര്യമാണ് നല്‍കിയത്. 2017ല്‍ ഞാന്‍ രാഷ്ട്രീയത്തില്‍ ഇറങ്ങാന്‍ തീരുമാനിച്ചതിന് പിന്നാലെ കേരളത്തില്‍ എത്തി നിങ്ങളുടെ പ്രിയപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയനില്‍ നിന്നും ഉപദേശം തേടിയിരുന്നു. ജനകേന്ദ്രീകൃത രാഷ്ട്രീയം എന്ന എന്‍റെ ആശയം തന്നെ കേരള മോഡലില്‍ നിന്നും രൂപപ്പെടുത്തിയതാണ്. തമിഴ്നാട്ടിലെ പ്രാദേശിക ഭരണകൂടങ്ങളെ ശക്തിപ്പെടുത്തണം എന്ന എന്‍റെ ആശയത്തില്‍ ഞാന്‍ മാതൃകയാക്കിയത് കേരളം നടപ്പിലാക്കിയ 1996ലെ ജനകീയാസൂത്രണത്തെയാണ്. ജനാധിപത്യം ശരിക്കും നടപ്പിലാക്കപ്പെടുന്നത് വികേന്ദ്രീകൃത ആസൂത്രണത്തിലൂടെയാണ് അതില്‍ ഇന്ത്യയ്ക്ക് സ്വീകരിക്കാവുന്ന മാതൃകയാണ് കേരളം.' - അദ്ദേഹം പറഞ്ഞു.

തമിഴ്നാടും കേരളവും അതിര്‍ത്തി മാത്രം അല്ല ഒരു സംസ്കാരം തന്നെ പങ്കിടുന്നുണ്ട്. ജനങ്ങളുടെ വികസനവും ആരോഗ്യരംഗത്തെയും വിദ്യാഭ്യാസ രംഗത്തേയും പുരോഗതിയും ഇരു സംസ്ഥാനങ്ങളുടെയും നയമാണ്. സംഗീതത്തിലും ക്ലാസിക് കലകളിലും നാം രണ്ട് ജനതയും താല്‍പ്പര്യം പ്രകടിപ്പിക്കുന്നു. നമ്മുടെ ഭാഷപരമായ സാമ്യത ചെറുപ്പകാലം മുതല്‍ തന്നെ മലയാള സിനിമയില്‍ പ്രവര്‍ത്തിക്കുന്നതിനും തന്നെ സഹായിച്ചിട്ടുണ്ടെന്നും കമൽ ഹാസന്‍ കൂട്ടിച്ചേർത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KAMAL HASAN, PINARAYI VIJAYAN, KERALEEYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA