SignIn
Kerala Kaumudi Online
Friday, 28 August 2026 1.00 AM IST

16 മലയാളികളെ ആദിബുദ്ധൻ കാത്തു

nep4

കൊച്ചി: നേപ്പാളിലെ പ്രളയദുരന്തത്തിൽ നിന്ന് 16 കോട്ടയം സ്വദേശികളെ രക്ഷിച്ചത് കാഠ്മണ്ഡുവിലെ ആദിബുദ്ധ ക്ഷേത്രദർശനം. ക്ഷേത്രത്തിൽ കയറിയില്ലായിരുന്നെങ്കിൽ സംഘം പ്രളയം വിഴുങ്ങിയ പ്രദേശത്ത് എത്തുമായിരുന്നു. രണ്ടുകുട്ടികൾ ഉൾപ്പെടെ കാഠ്മണ്ഡുവിൽ സുരക്ഷിതരാണ്.

ലൈസൻസ്ഡ് എൻജിനിയേഴ്സ് ആൻഡ് സൂപ്പർവൈസേഴ്സ് ഫെഡറേഷൻ അംഗങ്ങൾ കുടുംബസമേതമാണ് ജില്ലാ പ്രസിഡന്റ് ബി. വിജയകുമാറിന്റെ നേതൃത്വത്തിൽ നേപ്പാളിലെത്തിയത്.

കാഠ്മണ്ഡുവിലെ ഹോട്ടലിൽനിന്ന് 200 കിലോമീറ്റർ അകലെ പൊക്കാറയിലേക്ക് തിരുവോണദിവസം പോകാനാണ് നിശ്ചയിച്ചിരുന്നത്. എന്നാൽ, കാഠ്മണ്ഡു വാലിയിലെ സ്വയംഭൂനാഥ് മഹാചൈത്യ സന്ദർശിക്കാൻ രാവിലെ തീരുമാനിച്ചു. ഇവിടെ ദർശനംനടത്തി രണ്ടുമണിക്കൂർ വൈകിയാണ് ടെമ്പോട്രാവലറിൽ യാത്രതുടങ്ങിയത്. ആദ്യം നിശ്ചയിച്ചപ്രകാരം പുറപ്പെട്ടിരുന്നെങ്കിൽ പ്രളയംമുക്കിയ പ്രദേശത്ത് തങ്ങൾ എത്തുമായിരുന്നെന്ന് വിജയകുമാറിന്റെ മകൻ വി. അഭിറാം കേരളകൗമുദിയോട് പറഞ്ഞു.

രാവിലെ പത്തരയോടെ മലമ്പ്രദേശത്തുകൂടി സഞ്ചരിക്കുമ്പോൾ പൊലീസ് തടഞ്ഞു. താഴ്‌വരയിലെ ചെറിയൊരു അരുവിയിൽ ജലനിരപ്പ് ഉയർന്നതാണ് കാരണം. ക്രമേണ വലിയതോതിൽ വെള്ളമെത്തി. വീടുകളും കെട്ടിടങ്ങളും തകർത്ത് വെള്ളമൊഴുകിയത് ഭീതിയോടെ കണ്ടുനിന്നു.

ഒരുമണിക്കൂർകൊണ്ട് എത്തേണ്ടിയിരുന്ന പൊക്കാറയിൽ എട്ടുമണിക്കൂർ കൊണ്ടാണ് എത്തിയത്. വനമേഖലയിലൂടെ വാഹനങ്ങൾ തിരിച്ചുവിട്ടു. വഴിയരികിൽ കല്ലുംമണ്ണും ഇടിഞ്ഞുവീണത് കാണാമായിരുന്നു. ചിത്വാൻ പട്ടണത്തിൽ ബുധനാഴ്‌ച രാത്രി താമസിച്ചു. ഇന്നലെ കാഠ്മണ്ഡുവിൽ തിരിച്ചെത്തി. 29ന് നാട്ടിലേക്ക് മടങ്ങും.

ആർക്കും പ്രശ്നങ്ങളില്ല

കൊച്ചിവഴി പോയ ആരും ദുരന്തത്തിൽ ഉൾപ്പെട്ടിട്ടില്ലെന്ന് ട്രാവൽ ഏജന്റ്സ് അസോസിയേഷൻ ഒഫ് ഇന്ത്യ സംസ്ഥാന പ്രസിഡന്റ് മറിയാമ്മ ജോസ് പറഞ്ഞു. ആരെങ്കിലും കുടുങ്ങിയതായി നേപ്പാളിലെ ടൂറിസം ഏജൻസികളും അറിയിച്ചിട്ടില്ല.

സ്വയം ഭൂനാഥ്

പടിഞ്ഞാറൻ കാഠ്മണ്ഡുവിലെ മലമുകളിലാണ് സ്വയംഭൂനാഥ്. ആദിബുദ്ധന്റെ പ്രതിഷ്‌ഠയുള്ള വിഹാരമാണ് പ്രധാന ആകർഷണം. ഗൗതമബുദ്ധന്റെ വലിയ പ്രതിമയുമുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEPAL KTM TEAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA