
കോഴിക്കോട്ടെ ദ്വിദിന ശിൽപ്പശാല സമാപിച്ചു.
കോഴിക്കോട്:മുഖ്യമന്ത്രിയും മന്ത്രിമാരും കുട്ടികളായി ക്ളാസിലിരുന്നു. കേരളത്തിന്റെ ഭാവി എങ്ങനെയാകണം? .വികസനത്തിന്റെ അടുത്ത ചുവട് എവിടെ വയ്ക്കണം?. വിദഗ്ദ്ധരായ അദ്ധ്യാപകരുടെ ഉത്തരങ്ങൾ അവർ സശ്രദ്ധം കേട്ടു.ഇടയ്ക്ക് സംശയങ്ങൾ ചോദിച്ചു. പിന്നെ,കൂട്ടായ ചർച്ചയും അത്യാവശ്യം വേണ്ടതെല്ലാം പഠിച്ചായിരുന്നു അദ്ധ്യാപക ദിനത്തിൽ അവരുടെ മടക്കം.
കോഴിക്കോട് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മാനേജ്‌മെന്റിലായിരുന്നു മന്ത്രിസഭാംഗങ്ങൾക്കായി ദ്വിദിന 'റീ ഇമാജിനിങ് കേരളം' നേതൃത്വ ശിൽപ്പശാല സംഘടിപ്പിച്ചത്. ഇന്നലെ സാമ്പത്തിക അടിത്തറ ശക്തിപ്പെടുത്തൽ, സംരംഭകത്വവും നൈപുണ്യ വികസനവും, ഉന്നത വിദ്യാഭ്യാസ രംഗത്തെ മികവിന്റെ കേന്ദ്രമായി കേരളത്തെ മാറ്റൽ തുടങ്ങിയ വിഷയങ്ങളിൽ പഠനവും ചർച്ചയും നടന്നു. തലമുറ മാറ്റവും കേരളത്തെ ആഗോള ബ്രാൻഡായി ഉയർത്തുന്നതുമായി ബന്ധപ്പെട്ട അവസാന സെഷനിൽ ഐ.ഐ.എം കോഴിക്കോട് ഡയറക്ടർ പ്രൊഫ. ദേബാശിഷ് ചാറ്റർജി, പ്രൊഫ. അനന്തക്കുട്ടൻ ബി. ഉണ്ണിത്താൻ എന്നിവർ ക്ളാസെടുത്തു. തുടർന്ന്, മന്ത്രിസഭാംഗങ്ങളുടെ ഫോട്ടോസെഷനും, മുഖ്യമന്ത്രിയുടെ അശോക വൃക്ഷത്തൈ നടീലും ,ലൈബ്രറിക്കകത്തെ പരമ്പരാഗത ശൈലിയിലുള്ള ഗുരുകുലം ക്ലാസ് മുറി സന്ദർശനവും.
കേരളത്തിന്റെ സാമ്പത്തിക വളർച്ച, ധനകാര്യ സുസ്ഥിരത, ആരോഗ്യം,ക്ഷേമം, കാലാവസ്ഥാ പ്രതിരോധം, സംരംഭകത്വം, നൈപുണ്യ വികസനം, ഉന്നത വിദ്യാഭ്യാസം എന്നിവയിൽ പുതിയ ഇടപെടലുകൾക്ക് വഴിയൊരുക്കുന്ന ആശയങ്ങൾ ശിൽപ്പശാലയിൽ ഉയർന്നു. ഭരണ സംവിധാനത്തെ കൂടുതൽ ഫലപ്രദവും ജനകേന്ദ്രീകൃതവുമായി ശക്തിപ്പെടുത്താനുള്ള ആശയ വിനിമയവും നടന്നു. ഉച്ചയ്ക്ക് 1.15ന് എം.ഡി.സി ക്ലാസ്‌റൂം സി1ൽ സമാപനച്ചടങ്ങ്.. മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ഐ.ഐ .എം ഡയറക്‌ടർ സർട്ടിഫിക്കറ്റുകൾ നൽകി. ഐ.ഐ.എമ്മിന് സർക്കാരിന്റെ ഉപഹാരം ഡയറക്ടർ ദേബശിഷ് ചാറ്റർജിക്ക് മുഖ്യമന്ത്രി സമ്മാനിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |