SignIn
Kerala Kaumudi Online
Saturday, 26 September 2026 2.03 AM IST

പരിസ്ഥിതി ലോല പ്രദേശം : 8,590.69 ചതുരശ്ര കി.മീറ്ററായി കുറയ്ക്കണമെന്ന് കേരളം

READ ENGLISH VERSION
aa

□കേന്ദ്രത്തിന് നിർദ്ദേശം സമർപ്പിച്ചു

തിരുവനന്തപുരം: ജനവാസ മേഖലകൾ, കൃഷി സ്ഥലങ്ങൾ, തോട്ടങ്ങൾ എന്നിവയെ ഒഴിവാക്കി സംസ്ഥാനത്തിന്റെ പരിസ്ഥിതി ലോല പ്രദേശം (ഇ.എസ്.എ) 8,590.69 ചതുരശ്ര കിലോ മീറ്ററാക്കണമെന്ന നിർദ്ദേശം കേരളം കേന്ദ്രത്തിന് സമർപ്പിച്ചു.

കസ്തൂരി രംഗൻ റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം പുറപ്പെടുവിച്ച കരട് വിജ്ഞാപനത്തിൽ ഭേദഗതികളും നിർദേശങ്ങളും സമർപ്പിക്കുന്നതിന്റെ ഭാഗമായാണിതെന്ന് മന്ത്രി സണ്ണി ജോസഫ് വാർത്താസമ്മേളനത്തിൽ അറിയിച്ചു. വനമേലഖയിൽ മാത്രമായി പരിസ്ഥിതി ലോലപ്രദേശങ്ങൾ ഉൾപ്പെടുത്തണം. വരുന്ന നിയമസഭാ സമ്മേളനത്തിൽ ഐക്യകണ്‌ഠ്യേനെ പ്രമേയം പാസാക്കും. 13 വർഷമായി നിലനിൽക്കുന്ന വിഷയത്തിൽ ആവശ്യമെങ്കിൽ മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘം ഡൽഹിയിലെത്തി കേന്ദ്ര മന്ത്രിമാരെ കാണും.

നിയന്ത്രണങ്ങൾ

പ്രതിസന്ധിയാവും
കുറഞ്ഞ ഭൂവിസ്തൃതിയും ഉയർന്ന ജനസാന്ദ്രതയുമുള്ള കേരളത്തിൽ 29.15 ശതമാനവും വനപ്രദേശമാണ്. നെൽവയൽ-തണ്ണീർത്തട സംരക്ഷണം, മരം മുറി തുടങ്ങി വീണ്ടും നിയന്ത്രണങ്ങൾ വരുന്നത് കാർഷിക മേഖലയെയും ജനജീവിതത്തെയും പ്രതികൂലമായി ബാധിക്കും. 2013-ലെ കസ്തൂരിരംഗൻ റിപ്പോർട്ടിൽ കേരളത്തിലെ 123 വില്ലേജുകളിലായി 13,108 ചതുരശ്ര കിലോമീറ്റർ പ്രദേശമാണ് ഇ.എസ്.എ പരിധിയിൽ ഉൾപ്പെടുത്തിയിരുന്നത്. ജനകീയ പ്രക്ഷോഭങ്ങളെത്തുടർന്ന്, ഉമ്മൻ വി. ഉമ്മൻ കമ്മിറ്റിയുടെ റിപ്പോർട്ട് പ്രകാരം വിസ്തൃതി 9,993.7 ചതുരശ്ര കിലോമീറ്ററായി പരിമിതപ്പെടുത്തി. ഇതിൽ 9107 ചതുരശ്ര കിലോമീറ്റർ വനവും, 886.7 സ്‌ക്വയർ കിലോമീറ്റർ വനേതരവുമാണ്. കൃത്യമായ പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് പരിധി 8,590.69 ചതുരശ്ര കിലോ മീറ്ററാക്കാൻ സംസ്ഥാനം ആവശ്യപ്പെടുന്നത്.


ഒഴിവാക്കേണ്ട

33 വില്ലേജുകൾ
□കൊക്കയാർ, ചക്കുപള്ളം, ആനവിലാസം, അയ്യപ്പൻകോവിൽ, ആനക്കര, കട്ടപ്പന, പാമ്പാടുംപാറ, അറക്കുളം, ഇരട്ടയാർ, തങ്കമണി, കൽകൂന്തൽ, പാറത്തോട്, ഉപ്പുതോട്, ഉടുമ്പഞ്ചോല, വാത്തിക്കുടി, ചതുരങ്കപ്പാറ, കാന്തിപ്പാറ, കൊന്നത്തടി, രാജാക്കാട്, രാജകുമാരി, കുഞ്ചിത്തണ്ണി, കരുണാപുരം, വണ്ടൻമേട് (ഇടുക്കി)
□പൂഞ്ഞാർ തെക്കേക്കര, തീക്കോയി, മേലുകാവ്, കൂട്ടിക്കൽ (കോട്ടയം )
□മണ്ണൂർക്കര, കള്ളിക്കാട് (തിരുവനന്തപുരം)
□അച്ചൂരാനം (വയനാട്).
-കെടാവൂർ (കോഴിക്കോട്)
□ചുങ്കത്തറ (മലപ്പുറം)
□മുതലമട-2 (പാലക്കാട്)

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KERALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA