
തിരുവനന്തപുരം: വെഞ്ഞാറമൂട് തൈക്കാട്ടെ റോഡരികിൽ ബസ് കാത്തിരുന്ന വിദ്യാർത്ഥിയെ വെഞ്ഞാറമൂട് എസ്.ഐയും പൊലീസുകാരും ചേർന്ന് ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ വിദ്യാർത്ഥിക്ക് രണ്ടു ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് മനുഷ്യാവകാശ കമ്മിഷൻ ഉത്തരവിട്ടു. ആറാഴ്ച്ചയ്ക്കുള്ളിൽ നഷ്ടപരിഹാരം നൽകിയില്ലെങ്കിൽ 8% പലിശ ഈടാക്കാമെന്നും മനുഷ്യാവകാശ കമ്മിഷൻ അദ്ധ്യക്ഷൻ ജസ്റ്റിസ് അലക്സാണ്ടർ തോമസ് വ്യക്തമാക്കി. എസ്.ഐയിൽ നിന്ന് 1.60 ലക്ഷവും നാലു പൊലീസുകാരിൽ നിന്ന് 10,000 രൂപ വീതവും തിരിച്ചുപിടിക്കാം. സ്വീകരിച്ച നടപടികൾ ആഭ്യന്തര വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി മൂന്നുമാസത്തിനകം അറിയിക്കണം. എസ്.ഐ പി.ആർ. രാഹുൽ, സി.പി.ഒമാരായ അനൂപ്, വൈശാഖ്, സുധീഷ് എസ്, ഗോപകുമാർ എന്നിവരിൽ നിന്നാണ് പിഴയീടാക്കേണ്ടത്.
2023 ഫെബ്രുവരി 22നായിരുന്നു സംഭവം. പൊലീസ് ക്രൂരമായി മർദ്ദിച്ചതായി ജില്ല പൊലീസ് മേധാവിയും സംസ്ഥാന പൊലീസ് മേധാവിയും ആഭ്യന്തരവകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറിയും രേഖകളിൽ സമ്മതിച്ചിരുന്നു. എസ്.ഐയ്ക്ക് ലഘുവായ ശിക്ഷ നൽകിയ ഉത്തരവ് സർക്കാർ പുനഃപരിശോധിക്കണമെന്നും കമ്മിഷൻ ആവശ്യപ്പെട്ടു. എസ്.ഐക്കും വിദ്യാർത്ഥിയെ മർദ്ദിച്ച നാലു പൊലീസുകാർക്കുമെതിരെ അച്ചടക്ക നടപടി സ്വീകരിക്കാത്ത സാഹചര്യത്തിൽ ഉചിതമായ അച്ചടക്കനടപടി സംസ്ഥാന പൊലീസ് മേധാവിയും ജില്ല പൊലീസ് മേധാവിയും സ്വീകരിക്കണം.
മർദ്ദനത്തെതുടർന്ന് വിദ്യാർത്ഥിയുടെ ഇടതുകൈയിലും നെഞ്ചിന്റെ ഇടതുവശത്തും വലതുതോളിലും മാരകമായി പരിക്കേറ്റു. ഇടതുചെവിയിൽ രക്തം ഉണങ്ങിക്കിടപ്പുണ്ട്. കോരാണി ചെമ്പകമംഗലം സ്വദേശിയാണ് വിദ്യാർത്ഥി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |