SignIn
Kerala Kaumudi Online
Wednesday, 14 October 2026 2.59 AM IST

മരുന്ന് ക്ഷാമമില്ലെന്ന് മന്ത്രി; ഒത്തുകളിയെന്ന് പിണറായി

zz

തിരുവനന്തപുരം: ആശുപത്രികളിലെ മരുന്നുക്ഷാമത്തെച്ചൊല്ലി നിയമസഭയിൽ ഭരണ - പ്രതിപക്ഷ വാക്‌പോര്. പരസ്പരം പഴിചാരലിലേക്കും കടുത്ത ആരോപണങ്ങളിലേക്കും കടന്നു. അടിയന്തരപ്രമേയാനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം ഇറങ്ങിപ്പോയി.

26 ഇനം മരുന്നുകൾക്ക് ബുദ്ധിമുട്ടുണ്ടായത് പരിഹരിച്ചെന്ന് ആരോഗ്യമന്ത്രി കെ.മുരളീധരൻ പറഞ്ഞു. പ്രതിപക്ഷത്തിന് അധികാരം നഷ്ടപ്പെട്ട രോഗത്തിനുള്ള മരുന്നുമാത്രമേ സ്റ്റോക്കില്ലാതുള്ളൂ. പെരുമാറ്റച്ചട്ടത്തിന്റെ പേരിൽ കഴിഞ്ഞ സർക്കാർ മരുന്നുവാങ്ങാൻ ടെൻഡർ ചെയ്യാത്തതാണ് ചില മരുന്നുകൾക്ക് ക്ഷാമമുണ്ടാക്കിയത്. ചികിത്സാ രംഗത്തെ അമേരിക്കൻ കുത്തകകളെ സഹായിക്കാനാണ് മരുന്നു ക്ഷാമമെന്ന പ്രതിപക്ഷ പ്രചാരണം. 10 വർഷം മരുന്നുവാങ്ങാൻ കമ്മിഷൻ വാങ്ങിയെന്നും ആരോപിച്ചു. ഇതോടെ പ്രതിപക്ഷാംഗങ്ങൾ എഴുന്നേറ്റ് ബഹളം വച്ചു.

മന്ത്രിയുടേത് സഭയിൽ സ്വീകരിക്കാൻ പാടില്ലാത്ത നടപടിയാണെന്ന് പ്രതിപക്ഷനേതാവ് പിണറായി വിജയൻ കുറ്റപ്പെടുത്തി. കമ്മിഷൻ ആരോപണം സ്വന്തം അനുഭവത്തിൽ നിന്നാണ്. താത്പര്യമുള്ള സ്വകാര്യ കമ്പനികളുമായി ഡീലുണ്ടോയെന്ന് പരിശോധിക്കും. ടെൻഡർ വിളിച്ചിട്ടും ഓർഡർ നൽകാത്തതിനു പിന്നിൽ വേറെ എന്തൊക്കെയോ ആണ്. വൻകിട അന്താരാഷ്ട്ര ആശുപത്രികൾക്ക് അടിയറവയ്ക്കാനുള്ള ഉദ്ദേശ്യം മരുന്നുക്ഷാമത്തിന് പിന്നിലുണ്ടെന്നും പിണറായി ആരോപിച്ചു.

ആരോഗ്യമേഖല വെന്റിലേറ്ററിലാണെന്ന് അടിയന്തരപ്രമേയ നോട്ടീസ് അവതരിപ്പിച്ച കെ.വി.സുമേഷ് പറഞ്ഞു. കെ.രാജൻ, പി.കെ പ്രവീൺ എന്നിവരും വാക്കൗട്ട് പ്രസംഗം നടത്തി.

ലോക്കൽ പർച്ചേസ്

നടത്തുന്നു: മുരളീധരൻ

ജില്ലകളിൽ അഡിഷണൽ ഡി.എം.ഒ, ആശുപത്രി സൂപ്രണ്ട് എന്നിവരടങ്ങിയ സമിതി കുറവുള്ള മരുന്ന് കൂടുതലുള്ള ആശുപത്രികളിൽ നിന്ന് എത്തിക്കാനും ലോക്കൽ പർച്ചേസിനും സംവിധാനമൊരുക്കി. കഴിഞ്ഞ സർക്കാർ വാങ്ങിയ മരുന്നിന് ഭീമമായ കുടിശികയാണ് കൊടുക്കാനുള്ളത്. ബ്രാൻഡഡ് കമ്പനികളുടെ മരുന്നുകളാവും അടുത്ത വർഷം മുതൽ വാങ്ങുക. പനിബാധിതരുടെ എണ്ണത്തിൽ മാത്രമാണ് വർദ്ധന.

വിളക്ക് കെടുത്തരുത്:

പിണറായി

മരുന്നും ഡോക്ടർമാരുമില്ലാത്തത് അത്യന്തം ലജ്ജാകരവും ജനദ്രോഹപരവുമാണ്. പ്രശ്നങ്ങൾ തീർക്കാൻ തന്റെ പക്കൽ അലാവുദ്ദീന്റെ അത്ഭുതവിളക്കില്ലെന്നാണ് മന്ത്രി പറയുന്നത്. അത്ഭുതവിളക്ക് വേണ്ട, ആരോഗ്യരംഗത്തെ വിളക്ക് കെടുത്തരുത്. ആത്മാർത്ഥതയില്ലായ്മയുടെയും പിടിപ്പുകേടിന്റെയും പ്രശ്നമാണിത്. മരുന്നുക്ഷാമത്തിന്റെ ഉത്തരവാദിത്വം പഴയ സർക്കാരിന് മേൽ ആരോപിക്കുന്നത് ശരിയല്ല.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: K MURALIDHARAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA