SignIn
Kerala Kaumudi Online
Wednesday, 01 July 2026 12.31 PM IST

വിഴിഞ്ഞത്തെ അദാനി-എംഎസ്‌സി ഡീൽ: സർക്കാർ അറിഞ്ഞിട്ടില്ലെന്ന് വി ഡി സതീശൻ

READ ENGLISH VERSION
vd-satheesan-
മുഖ്യമന്ത്രി വി ഡി സതീശൻ നിയമസഭയിൽ, photo credit:sabha tv

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിൽ എംഎസ്‌സി (മെഡിറ്ററേനിയൻ ഷിപ്പിംഗ് കമ്പനി)​ വൻ വിദേശനിക്ഷേപം നടത്താനൊരുങ്ങുന്ന വിവരം സർക്കാർ അറിഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. നിയമസഭയിലെ ചോദ്യോത്തരവേളയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. എംഎസ്‌സിയുടെ ഉപവിഭാഗമായ ടെർമിനൽ ഇൻവെസ്റ്റ്മെന്റ് ലിമിറ്റഡ് (ടിഐഎൽ)​ 13,000 കോടി രൂപയുടെ നിക്ഷേപം നടത്തുമെന്നാണ് കഴിഞ്ഞ ദിവസം അദാനി അറിയിച്ചത്.

വിഴിഞ്ഞം തുറമുഖത്തിന്റെ 49 ശതമാനം ഓഹരി എംഎസ്‌സി സ്വന്തമാക്കാനൊരുങ്ങുന്നതായാണ് പുറത്തുവന്ന വിവരം. വിദേശ നിക്ഷേപത്തെ കുറിച്ചുള്ള ഒരു വിവരവും അദാനി ഗ്രൂപ്പ് ഇതുവരെ സർക്കാരിനെ ഔദ്യോഗികമായി അറിയിക്കുകയോ അനുമതി തേടുകയോ ചെയ്തിട്ടില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. വിഴിഞ്ഞം പദ്ധതിയിൽ സർക്കാരിന് പങ്കാളിത്തമുള്ളതാണെന്നും കരാർ പ്രകാരം 2080-ൽ തുറമുഖത്തിന്റെ പൂർണാവകാശം സംസ്ഥാന സർക്കാരിന് ലഭിക്കേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.

ഇത്തരത്തിലുള്ള വലിയ നിക്ഷേപങ്ങളും പങ്കാളിത്തങ്ങളും സംസ്ഥാന സർക്കാരിനെ അറിയിക്കേണ്ടതുണ്ട്. അദാനി ഗ്രൂപ്പും എംഎസ്‌സി ഷിപ്പിംഗ് കോർപ്പറേഷനും നിക്ഷേപവുമായി ബന്ധപ്പെട്ട ചർച്ചകൾ നടത്തിയിട്ടുണ്ടാകാം. അതിന്റെ അടിസ്ഥാനത്തിലാകാം വാർത്തകൾ പ്രചരിച്ചത്. സർക്കാരിന് ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക അറിയിപ്പ് ലഭിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു.

അ‌ഞ്ച് പ്രധാനകാര്യങ്ങൾ ഉറപ്പാക്കിയ ശേഷമായിരിക്കും വിദേശ നിക്ഷേപത്തിന് അനുമതി നൽകുകയെന്ന് വി ഡി സതീശൻ അറിയിച്ചു. വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട വികസനത്തിൽ ദേശീയ സുരക്ഷ ഉറപ്പാക്കണം, പൊതുജനതാല്പര്യം സംരക്ഷിക്കണം. കൂടാതെ നല്ല മത്സരസാദ്ധ്യത ഉറപ്പുവരുത്തണം, മറ്റ് നിക്ഷേപങ്ങൾ പ്രോത്സാഹിപ്പിക്കുകയും ചെയ്യണം. ദീർഘവീക്ഷണത്തോടെയുള്ള വികസനങ്ങൾ നടപ്പാക്കണം. എന്നീ അഞ്ച് കാര്യങ്ങൾ പരിഗണിച്ചായിരിക്കും ഭാവി നടപടിയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

വിഴിഞ്ഞം തുറമുഖ പദ്ധതിയും കഴിഞ്ഞ ബഡ്‌ജറ്റിൽ പ്രഖ്യാപിച്ച വിഷൻ സമുദ്ര‌യും കേരളത്തിന്റെ രണ്ടാംതലമുറ വികസന സ്വപ്നങ്ങൾക്ക് കരുത്തുപകരുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. വിഴിഞ്ഞത്തിന് പുറമെ മലബാറിലെ അഴീക്കൽ, ബേപ്പൂർ തുറമുഖങ്ങളുടെ വികസനത്തിനും സർക്കാർ പ്രഥമ പരിഗണന നൽകുമെന്നും അദ്ദേഹം അറിയിച്ചു. വിഴിഞ്ഞത്ത് ഇപ്പോൾ തുറമുഖത്തിന്റെ രണ്ടാം ഘട്ട വികസന പ്രവർത്തനം പുരോഗമിക്കുകയാണ്. 16 ലക്ഷം ടിഇയുവാണ് (ട്വന്റി ഫൂട്ട് ഇക്വിലന്റ് യൂണിറ്റ്)​ നിലവിലെ കണ്ടെയ്നർ കൈകാര്യ ശേഷി. 2028 ഡിസംബറിൽ വികസന പ്രവർത്തനം പൂർത്തിയാകുന്നതോടെ ഇത് 3.5 മടങ്ങ് ഉയർന്ന് 57 ലക്ഷം ടിഇയു ആകും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: VIZHINJAM PORT, ADANI MSC DEAL, VD SATHEESAN, VIZHINJAM NEWS, VIZHINJAM SEA PORT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA