കൊച്ചി: കള്ളുഷാപ്പുകളിൽ സ്ത്രീകളെ നിയമിക്കുന്നത് വിലക്കുന്ന ഉത്തരവ് റദ്ദാക്കി കേരള ഹൈക്കോടതി. കേരള അബ്‌കാരി ഷാപ്പ് ഡിസ്‌പോസൽ ചട്ടങ്ങളിലെ 7(37)-ാം വകുപ്പാണ് കോടതി റദ്ദാക്കിയത്. ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. തൃശൂർ സ്വദേശിനിയായ സോഫി സമർപ്പിച്ച ഹർജി പരിഗണിച്ചുകൊണ്ടാണ് കോടതിയുടെ ഉത്തരവ്.
കള്ളുഷാപ്പ് ജീവനക്കാരനായിരുന്ന സോഫിയുടെ ഭർത്താവ് 2024ൽ മരണപ്പെട്ടതിനെത്തുടർന്ന് ആശ്രിതനിയമനത്തിന് സോഫി അപേക്ഷിച്ചെങ്കിലും ചട്ടം ചൂണ്ടിക്കാട്ടി ജോലി നിഷേധിക്കപ്പെട്ടു. തുടർന്ന് മുതിർന്ന അഭിഭാഷകനായ രഞ്ജിത്ത് തമ്പാൻ മുഖേന സോഫി ഹൈക്കോടതിയെ സമീപിച്ച് ചട്ടത്തിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്യുകയായിരുന്നു. സ്ത്രീകളെ ചൂഷണത്തിൽ നിന്നും ജോലി സ്ഥലത്തെ ഉപദ്രവങ്ങളിൽ നിന്നും സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നിയമം കൊണ്ടുവന്നതെന്നാണ് സർക്കാർ പ്ളീഡർ കോടതിയിൽ വാദിച്ചത്.
എന്നാൽ ലിംഗവിവേചനം മൂലമുണ്ടാകുന്ന പ്രയാസങ്ങൾ ഇല്ലാതാക്കാനും സ്ത്രീകൾക്ക് തങ്ങൾ തിരഞ്ഞെടുക്കുന്ന മേഖലകളിൽ ആത്മവിശ്വാസത്തോടെ ജോലി ചെയ്യാനുള്ള സുരക്ഷിത അന്തരീക്ഷം ഒരുക്കാനുമാണ് സർക്കാർ ശ്രദ്ധിക്കേണ്ടതെന്ന് കോടതി വ്യക്തമാക്കി. വിലക്ക് ന്യായീകരിക്കാൻ സാധിക്കില്ലെന്നും സ്ത്രീകൾക്ക് അവർ ആഗ്രഹിക്കുന്നയിടത്ത് ജോലി ചെയ്യാനുള്ള സുരക്ഷിതത്വം ഉറപ്പാക്കുകയാണ് വേണ്ടതെന്നും കോടതി കൂട്ടിച്ചേർത്തു.
The Kerala High Court has struck down a rule prohibiting women from working in toddy shops, declaring it unconstitutional. The ruling came on a petition filed by Thrissur resident Sophie, whose application for a dependent job was rejected after her husband, a toddy shop employee, died in 2024. The court said the government should ensure workplace safety rather than impose gender-based restrictions.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |