തിരുവനന്തപുരം: വടകര ദേശീയപാതയുടെ കടുത്ത ദുരവസ്ഥയിലും രൂക്ഷമായ ഗതാഗതക്കുരുക്കിലും നിയമസഭയിൽ വികാരഭരിതയായി പ്രതികരിച്ച് വടകര എം.എൽ.എ. കെ.കെ. രമ. നാട്ടുകാരുടെ പ്രതിഷേധം കാരണം വാഹനത്തിൽ ‘എംഎൽഎ’ ബോർഡ് വച്ച് യാത്ര ചെയ്യാൻ പോലും കഴിയാത്ത അവസ്ഥയാണെന്ന് രമ നിയമസഭയിൽ പറഞ്ഞു. ഇപ്പോൾ എംഎൽഎ ബോർഡ് വയ്ക്കാതെയാണ് താൻ യാത്ര ചെയ്യുന്നതെന്നും അവർ കൂട്ടിച്ചേർത്തു.
അഞ്ചാറു വർഷമായി പ്രദേശത്തെ ജനങ്ങൾ കടുത്ത ദുരിതത്തിലാണ്. ഭൂരിഭാഗം വീടുകളിലേക്കും സഞ്ചരിക്കാൻ വഴിയില്ലാത്ത സ്ഥിതിയാണ്. മഴ പെയ്താൽ റോഡിൽ നിൽക്കാൻ പോലും കഴിയില്ല. ദേശീയപാത ഉദ്യോഗസ്ഥരോട് പരാതി പറഞ്ഞിട്ട് ഒരു കാര്യവുമില്ല. അവർക്ക് യാതൊരു ഉത്തരവാദിത്തവുമില്ല.
മുൻ സർക്കാരിന്റെ കാലത്തും ഈ വിഷയം സഭയിൽ ഉന്നയിച്ചിരുന്നു. പൊതുമരാമത്ത് മന്ത്രി അടിയന്തരമായി ഇടപെട്ട് ഇതിനൊരു പരിഹാരം കാണണമെന്നും കെകെ രമ ആവശ്യപ്പെട്ടു.
പൊതുമരാമത്ത് മന്ത്രി പി.കെ. ബഷീറിന്റെ മറുപടി
അഴിയൂർ - വെങ്ങളം റീച്ചിലെ നിർമാണവുമായി ബന്ധപ്പെട്ട് കെ.കെ. രമ ഉന്നയിച്ച വിഷയം വളരെ ഗൗരവമുള്ളതാണ്. കണ്ണൂരിലേക്ക് പോകുന്ന യാത്രക്കാർ വടകരയിലെത്തുമ്പോൾ രണ്ടു മണിക്കൂറോളം ബ്ലോക്കിൽപ്പെടേണ്ടി വരുന്നുണ്ട്. അദാനി ഗ്രൂപ്പാണ് നിർമാണ കരാർ എടുത്തിരുന്നത്. എന്നാൽ ഉപകരാർ എടുത്തവർ ജോലി കൃത്യമായി ചെയ്തില്ല. നിലവിൽ ‘ഗൾഫാർ’ കരാർ ഏറ്റെടുക്കുകയും പണി ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.
ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും കരാറുകാരുടെയും യോഗം ഉടനടി വിളിച്ച് പ്രശ്നത്തിന് അടിയന്തര പരിഹാരം കാണുമെന്ന് മന്ത്രി ഉറപ്പുനൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |