SignIn
Kerala Kaumudi Online
Thursday, 29 October 2026 1.43 AM IST

10 രൂപയ്‌ക്കായി രോഗിയെ തടഞ്ഞു; കോതമംഗലം താലൂക്കാശുപത്രി കരാർ ജീവനക്കാരിക്ക് സസ്പെൻഷൻ

കോതമംഗലം: കോതമംഗലം താലൂക്ക് ആശുപത്രിയിൽ ജീവനക്കാരി രോഗിയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയിൽ ടിക്കറ്റ് കൗണ്ടർ ഡ്യൂട്ടിയിലുണ്ടായിരുന്ന കരാർ ജീവനക്കാരി രേഖയെ സസ്പെൻഡ് ചെയ്തു. ഇന്നലെ പുലർച്ചെ ഹൃദയസംബന്ധമായ അസ്വസ്ഥതയെ തുടർന്ന് ചികിത്സ തേടിയെത്തിയ പെരുമ്പാവൂർ സ്വദേശി കരീമിനാണ് മോശം അനുഭവം ഉണ്ടായത്.

അത്യാഹിത വിഭാഗത്തിലെത്തിയ കരീമിന്റെ പക്കൽ ഫീസായി അടയ്‌ക്കേണ്ട പത്ത് രൂപ പണമായി ഉണ്ടായിരുന്നില്ല. ഗൂഗിൾ പേ ചെയ്യാമെന്ന് പറഞ്ഞെങ്കിലും പണമായി വേണമെന്ന് രേഖ വാശി പിടിച്ചു. ഇരുവരും തമ്മിൽ വാക്കേറ്റവുമുണ്ടായി. ഇതിനിടെ ജീവനക്കാരി പൊലീസിനെ വിളിച്ചുവരുത്തി. പണമില്ലാത്തതിന്റെ പേരിൽ മറ്റ് രണ്ടുപേരെ സൗജന്യമായി അത്യാഹിത വിഭാഗത്തിലേക്ക് കടത്തിവിട്ടതിന് പിന്നാലെയാണ് കരീം എത്തിയത്. തുടർച്ചയായി ഇങ്ങനെ ആളുകൾ എത്തിയതിനെ തുടർന്നാണ് ജീവനക്കാരി പ്രകോപിതയായതെന്ന് പറയുന്നു.

ജീവനക്കാരിക്കെതിരെ നടപടിയെടുക്കാൻ മുനിസിപ്പൽ അധികൃതർ ആശുപത്രി സൂപ്രണ്ടിന് നിർദ്ദേശം നൽകി. ചികിത്സ വൈകിപ്പിച്ചെന്ന ആക്ഷേപം ആശുപത്രി അധികൃതർ നിഷേധിച്ചു. വാക്കുതർക്കത്തിനിടെ നഴ്സ് എത്തി കരീമിനെ അത്യാഹിത വിഭാഗത്തിലെ ഡോക്ടറുടെ അടുത്തെത്തിച്ചിരുന്നു. പിന്നീട് വിദഗ്ദ്ധ ചികിത്സയ്‌ക്കായി കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് റഫർ ചെയ്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: HOSPITAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA