SignIn
Kerala Kaumudi Online
Saturday, 22 August 2026 3.22 PM IST

കിംസ് ഹെൽത്തിന് യുണിവന്റ്സ് ഹെൽത്ത്‌കെയർ എക്സലൻസ് അവാർഡ്‌

kims-health-team
യുണിവന്റ്സ് ഹെൽത്ത്‌കെയർ എക്സലൻസ് അവാർഡ്സ് 2026 അന്താരാഷ്ട്ര പുരസ്‌കാരം ഏറ്റുവാങ്ങിയ കിംസ്ഹെൽത്ത് സംഘം

തിരുവനന്തപുരം: യുണിവന്റ്സ് ഹെൽത്ത്‌കെയർ എക്സലൻസ് പുരസ്കാരങ്ങളിൽ രണ്ട് അംഗീകാരങ്ങൾ നേടി കിംസ്ഹെൽത്ത്. രോഗികളുടെ സുരക്ഷയും ചികിത്സാഫലങ്ങളും മെച്ചപ്പെടുത്തുന്നതിനായി കിംസ്ഹെൽത്ത് നടപ്പാക്കിയ നൂതന ആരോഗ്യപരിചരണ പദ്ധതികൾക്കാണ് അന്താരാഷ്ട്ര പുരസ്കാരങ്ങൾ ലഭിച്ചത്.

‘ഇംപ്രൂവിംഗ് പെരിനേറ്റൽ ഔട്ട്കംസ് ആൻഡ് പ്രൊട്ടക്ടിംഗ് സേഫ്റ്റി ത്രൂ ലബോറട്ടറി മെഡിസിൻ ഗൈഡഡ് റിസ്ക് സ്ട്രാറ്റിഫിക്കേഷൻ ഓഫ് ആന്റിനേറ്റൽ അലോ ഇമ്യൂണൈസേഷന്’ എലൈറ്റ് വിഭാഗത്തിലാണ് പുരസ്കാരം ലഭിച്ചത്. ഗർഭിണിയുടെ ശരീരത്തിൽ രൂപപ്പെടുന്ന ആന്റിബോഡികൾ കുഞ്ഞിന്റെ ചുവന്ന രക്താണുക്കളെ ആക്രമിക്കുകയും വിളർച്ചയ്ക്ക് കാരണമാകുകയും ചെയ്യുന്ന അവസ്ഥയാണ് ഗർഭകാല അലോ ഇമ്യൂണൈസേഷൻ. ഈ അവസ്ഥ നേരത്തെ കണ്ടെത്തി നിയന്ത്രിക്കുന്നതിലൂടെ ഉയർന്ന അപകടസാദ്ധ്യതയുള്ള ഗർഭാവസ്ഥകൾ നേരത്തെ തിരിച്ചറിയാനും കുഞ്ഞുങ്ങളെ കൃത്യമായി നിരീക്ഷിക്കാനും സാധിക്കുന്നു.

ആവശ്യമായ ഘട്ടങ്ങളിൽ ബ്ലഡ് ട്രാൻസ്ഫ്യൂഷൻ നടത്തുന്നത് ഉൾപ്പെടെയുള്ള സമയബന്ധിത ചികിത്സ നൽകാനും അതേസമയം കുറഞ്ഞ അപകടസാദ്ധ്യതയുള്ള അമ്മമാരിൽ ആവശ്യമില്ലാത്ത ചികിത്സകൾ ഒഴിവാക്കാനും ഈ പദ്ധതി സഹായിക്കുന്നു. ‘നഴ്സ്-ലെഡ് ആന്റി-കോഗുലേഷൻ ക്ലിനിക്ക് ഫോർ ഇംപ്രൂവ്ഡ് സേഫ്റ്റി ആൻഡ് റെഡ്യൂസ്ഡ് കോംപ്ലിക്കേഷൻസ് ഇൻ പേഷ്യന്റ്സ് ടേക്കിംഗ് ഓറൽ ആന്റികോഗുലേഷൻ” എന്ന പദ്ധതിക്ക് ഡിസ്റ്റിങ്ഷൻ വിഭാഗത്തിലാണ് രണ്ടാമത്തെ പുരസ്കാരം ലഭിച്ചത്.

പ്രത്യേക പരിശീലനം നേടിയ നഴ്സിന്റെ നേതൃത്വത്തിലാണ് ഈ ക്ലിനിക്ക് പ്രവർത്തിക്കുന്നത്. രക്തം കട്ടപിടിക്കുന്നത് തടയുന്ന മരുന്നുകൾ ഉപയോഗിക്കുന്ന രോഗികൾക്ക് വ്യക്തിഗത പരിചരണം, മരുന്നിന്റെ അളവ് നിരീക്ഷിക്കൽ, രോഗികൾക്കുള്ള ബോധവത്കരണം, തുടർപരിചരണം എന്നിവ ക്ലിനിക്കിലൂടെ നൽകുന്നു. 24 മണിക്കൂറും ടെലിഫോൺ സഹായവും ലഭ്യമാണ്. നിലവിൽ 1,200 രോഗികൾക്ക് ക്ലിനിക്കിന്റെ സേവനം ലഭിക്കുന്നുണ്ട്.

തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ അബോട്ട് ഗ്ലോബൽ ഡയറക്ടർ ട്രീഷ്യ എച്ച്. റവാലിക്കോയിൽ നിന്ന് കിംസ്ഹെൽത്ത് ഗ്രൂപ്പ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. എം. ഐ. സഹദുള്ളയുടെ സാന്നിധ്യത്തിൽ കിംസ്ഹെൽത്ത് പ്രതിനിധി സംഘം പുരസ്കാരങ്ങൾ ഏറ്റുവാങ്ങി. യുണിവന്റ്സ് പുരസ്കാരങ്ങളുടെ ചരിത്രത്തിൽ ആദ്യമായാണ് ഒരേ ആശുപത്രിക്ക് രണ്ട് പുരസ്കാരങ്ങൾ ലഭിക്കുന്നത്.

'യുണിവന്റ്സ് ഹെൽത്ത്‌കെയർ എക്സലൻസ് പുരസ്കാരങ്ങളിൽ രണ്ട് അംഗീകാരങ്ങൾ നേടാനായത് കിംസ്ഹെൽത്തിനെ സംബന്ധിച്ചിടത്തോളം അഭിമാനകരമായ നേട്ടമാണ്. രോഗികളുടെ സുരക്ഷ, ക്ലിനിക്കൽ മികവ്, കൂട്ടായ പ്രവർത്തനം, നൂതന ആശയങ്ങൾ എന്നിവയ്ക്ക് ഞങ്ങൾ നൽകുന്ന പ്രാധാന്യത്തിനുള്ള അംഗീകാരമാണിത്. രോഗികൾക്ക് മികച്ച ചികിത്സയും സുരക്ഷിതമായ പരിചരണവും ഉറപ്പാക്കുന്നതിനുള്ള ഞങ്ങളുടെ തുടർച്ചയായ പ്രവർത്തനങ്ങൾക്ക് ഈ അംഗീകാരം കൂടുതൽ പ്രചോദനമാകും'- ഡോ. എം. ഐ. സഹദുള്ള പറഞ്ഞു.

ആരോഗ്യപരിചരണ രംഗത്ത് രോഗികളുടെ പരിചരണത്തിലും ചികിത്സാഫലങ്ങളിലും ഗുണപരമായ മാറ്റങ്ങൾ സൃഷ്ടിക്കുന്ന നൂതന പദ്ധതികളെ അംഗീകരിക്കുന്ന ആഗോള പുരസ്കാരമാണ് യുണിവന്റ്സ് ഹെൽത്ത്‌കെയർ എക്സലൻസ് പുരസ്കാരം. ആരോഗ്യമേഖലയിലെ പ്രമുഖ സംഘടനകളും വിദഗ്ധരും അടങ്ങുന്ന ഏഴംഗ ജൂറിയാണ് പുരസ്കാര ജേതാക്കളെ തിരഞ്ഞെടുത്തത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ലഭിച്ച എൺപതിലേറെ അപേക്ഷകളിൽ നിന്നാണ് 2026-ലെ അവാർഡിനായി കിംസ്ഹെൽത്ത് തിരഞ്ഞെടുക്കപ്പെട്ടത്.

English Summary

KIMSHEALTH received two international Univants Healthcare Excellence Awards 2026 for its innovative projects improving patient safety and treatment outcomes. The hospital was recognized for enhancing perinatal outcomes through laboratory medicine guided risk stratification and for its nurse-led anti-coagulation clinic. This achievement marks the first instance a single hospital has won two Univants awards globally.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KIMSHEALTH, UNIVENTS EXCELLENCE AWARD, HEALTHCARE AWARD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA