SignIn
Kerala Kaumudi Online
Friday, 21 August 2026 1.24 AM IST

അന്തർ സംസ്ഥാന സർവീസ്: കെ.എസ്.ആർ.ടി.സിക്ക് ടോൾ  ഈടാക്കരുതെന്ന് മുഖ്യമന്ത്രി

1

തിരുവനന്തപുരം: അന്തർ സംസ്ഥാന പാതകളിൽ കെ.എസ്.ആർ.ടി.സിക്ക് ടോൾ ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ ആവശ്യപ്പെട്ടു.

ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ സോണൽ കൗൺസിൽ യോഗത്തിൽ സംസാരിക്കുകയായിരുന്നു. ഫാസ്റ്റ് ടാഗും ടോളും വൻ ബാദ്ധ്യതയാണ് കെ.എസ്.ആർ.ടി.സി.പോലുള്ള പൊതുഗതാഗത സംവിധാനങ്ങൾക്കുണ്ടാക്കുന്നത്. ജൂണിൽ മാത്രം 2.16 കോടിയാണ് ടോൾ അടച്ചത്.

കർണാടകവുമായും തമിഴ്നാടുമായും ബന്ധിപ്പിക്കുന്ന വനപാതകളിലെ രാത്രികാല നിയന്ത്രണം യാത്രക്കാർക്കും വ്യാപാര മേഖലയ്ക്കും ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു.

സന്ധ്യാസമയത്തും പുലർച്ചെയുമാണ് മൃഗങ്ങളുടെ സഞ്ചാരം കൂടുതൽ നടക്കുന്നത്. ശാസ്ത്രീയമായി നിർണയിച്ച സമയങ്ങളിൽ നിയന്ത്രിത വാഹന സഞ്ചാരം അനുവദിക്കണം. തലശ്ശേരി-മൈസൂർ, നിലമ്പൂർ നഞ്ചൻകോട് റെയിൽ പാതകളുടെ പ്രാധാന്യം ചർച്ചയിൽ ചൂണ്ടിക്കാട്ടി. കേരളം പ്രാഥമിക പ്രവർത്തനം പൂർത്തിയാക്കിയിട്ടുണ്ട്. ചെലവ് വർദ്ധിക്കാതെ അലൈൻമെന്റും വിശദമായ പദ്ധതി റിപ്പോർട്ടും അന്തിമമാക്കുന്നതിന് കർണാടക സർക്കാരിന്റെയും റെയിൽവേ മന്ത്രാലയത്തിന്റെയും സഹകരണം അഭ്യർത്ഥിച്ചു.

ചെന്നൈ മഹാബലിപുരത്തെ സ്വകാര്യഹോട്ടലിൽ നടന്ന യോഗത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അദ്ധ്യക്ഷനായി. കർണാടകവും തമിഴ്നാടും തമ്മിലുള്ള കാവേരി അണക്കെട്ട് തർക്കം, കർണാടകവും തെലങ്കാനയും തമ്മിലുള്ള കൃഷ്ണാനദീജല തർക്കം, ആന്ധ്രയും തെലങ്കാനയും തമ്മിലുള്ള ഗോദാവരി തർക്കം എന്നിവയും ചർച്ചയായി. ദക്ഷിണേന്ത്യയിലെ പ്രധാനനഗരങ്ങളെ ബന്ധിപ്പിച്ചുള്ള ബുള്ളറ്റ് ട്രെയിൻ പദ്ധതികളും നദീജല സംയോജന പദ്ധതികളും അമിത് ഷാ പരാർശിച്ചു.

കേരള മുഖ്യമന്ത്രിക്ക് പുറമേ, തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ്, ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബുനായിഡു, കർണാടക മുഖ്യമന്ത്രി ഡി.കെ.ശിവകുമാർ, തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി, പുതുച്ചേരി അഡ്മിനിസ്ട്രേറ്റർ കൈലാസനാഥ്, ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേൽ, ആൻഡമാൻ നിക്കോബാർ അഡ്മിനിസ്ട്രേറ്റർ ഡി.കെ.ജോഷി തുടങ്ങിയവർ പങ്കെടുത്തു.

ഉന്നയിച്ച് മൂന്ന് ആവശ്യങ്ങളും

1പാർലമെന്റിന്റെ ആകെ സീറ്റുകളുടെ എണ്ണം വർദ്ധിപ്പിക്കാതെ സ്ത്രീകൾക്ക് മൂന്നിലൊന്ന് സംവരണം നൽകണം.

2ഖനനാവകാശങ്ങൾ സംസ്ഥാനങ്ങളിൽ നിന്ന് കവരുന്ന നിയമഭേദഗതിയിലും തീരദേശ സംരക്ഷണ നിയമത്തിലും സംസ്ഥാന ആവശ്യം പരിഗണിക്കണം.

3 മുല്ലപ്പെരിയാർ ഡാമുമായി ബന്ധപ്പെട്ട് പുതിയ ഡാം പണിയണമെന്ന ആവശ്യം

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KSRTC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA