തിരുവനന്തപുരം: പ്രിയദർശിനി സർവീസുകൾക്ക് നേരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ആക്രമണങ്ങളും സർവീസ് തടസപ്പെടുത്താനുള്ള ശ്രമങ്ങളും നടക്കുന്ന സാഹചര്യത്തിൽ ശക്തമായ നടപടി സ്വീകരിക്കുമെന്ന് കെഎസ്ആർടിസി അറിയിച്ചു. ഇത്തരം സംഭവങ്ങളിൽ യാതൊരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്നും കുറ്റക്കാർക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിച്ചുവരികയാണെന്നും അധികൃതർ വ്യക്തമാക്കി.
ഈ മാസം 23ന് കൊട്ടാരക്കര ഡിപ്പോയിലെ ജീവനക്കാർക്ക് നേരെ അസഭ്യം പറയുകയും കൈയേറ്റ ശ്രമം ഉണ്ടാകുകയും ചെയ്തിരുന്നു. വൈക്കത്ത് ചെമ്പ് അങ്ങാടിയിലാണ് കെഎസ്ആർടിസി ബസ് തടഞ്ഞത്. പ്രതികൾ കെഎസ്ആർടിസി ബസിന്റെ വലതുവശത്തെ ഗ്ലാസ് തകർക്കുകയും ചെയ്തു. കെഎസ്ആർടിസി ഡ്രൈവർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വൈക്കം പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
തൊട്ടടുത്ത ദിവസം കൊല്ലം–പത്തനംതിട്ട സർവീസിനിടെ ഭരണിക്കാവിൽ രണ്ട് യുവാക്കൾ യാതൊരു പ്രകോപനവും ഇല്ലാതെ കെഎസ്ആർടിസി ഡ്രൈവർ എസ് രാജീവിനെ മർദ്ദിച്ചു. പരിക്കേറ്റ ഡ്രൈവർ ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിലും പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.
കെഎസ്ആർടിസി ജീവനക്കാർക്കും പൊതുമുതലിനുമെതിരായ ആക്രമണങ്ങൾ അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്ന് കെഎസ്ആർടിസി വ്യക്തമാക്കി. ഇത്തരം സംഭവങ്ങളിൽ കുറ്റക്കാർക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കുന്നതിന് സംസ്ഥാന പൊലീസ് വകുപ്പുമായി ഏകോപിതമായ നടപടികൾ സ്വീകരിച്ചുവരുകയാണെന്നും ട്രാൻസ്പോർട്ട് അധികൃതർ അറിയിച്ചു.
യാത്രക്കാരുടെ സുരക്ഷയും ജീവനക്കാരുടെ സുരക്ഷിതമായ തൊഴിൽ സാഹചര്യവും ഉറപ്പാക്കുന്നതിൽ കെഎസ്ആർടിസി യാതൊരു വിട്ടുവീഴ്ചയും ചെയ്യില്ല. പൊതുഗതാഗത സേവനങ്ങളെ തടസപ്പെടുത്തുകയോ പൊതുമുതൽ നശിപ്പിക്കുകയോ ജീവനക്കാരെ ആക്രമിക്കുകയോ ചെയ്യുന്നവർക്കെതിരെ മാതൃകാപരമായ നിയമനടപടികൾ സ്വീകരിക്കുമെന്നും കെഎസ്ആർടിസി വ്യക്തമാക്കി.
പൊതുജനങ്ങളും യാത്രക്കാരും ഇത്തരം സംഭവങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ ബന്ധപ്പെട്ട അധികാരികളെ അറിയിച്ച് സഹകരിക്കണമെന്നും കെഎസ്ആർടിസി മാനേജിംഗ് ഡയറക്ടർ അറിയിച്ചു.
KSRTC has warned of strict legal action against those attacking or disrupting its Priyadarshini bus services. Recent incidents include vandalism of a bus in Vaikom and the assault of a driver during a Kollam–Pathanamthitta service. The corporation said it is coordinating with police to ensure passenger safety, protect employees, and take exemplary action against offenders who damage public property.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |