
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം പിണറായി വിജയനിൽ മാത്രം കേന്ദ്രീകരിച്ചത് തിരിച്ചടിയായെന്നതടക്കമുള്ള സി.പി.എം കേന്ദ്ര കമ്മിറ്റിയുടെ അവലോകന റിപ്പോർട്ട് ഇന്നലെ ചേർന്ന സംസ്ഥാന സമിതിയോഗം അംഗീകരിച്ചു. സംസ്ഥാനത്ത് വീണ്ടും ഭരണത്തിലെത്തുകയെന്ന ലക്ഷ്യം മുൻനിറുത്തിയായിരുന്നു പ്രചാരണം. സർക്കാരിന്റെ വികസന പ്രവർത്തനങ്ങൾ മാത്രം പ്രചാരണ വിഷയമാക്കി. സി.പി.എം ഉയർത്തിപ്പിടിക്കുന്ന രാഷ്ട്രീയം, ന്യൂനപക്ഷങ്ങളോടുള്ള സമീപനം എന്നിവയൊന്നും ചർച്ചയാക്കാൻ കഴിഞ്ഞില്ല.
ഇതുൾപ്പെടെ തിരഞ്ഞടുപ്പ് തോൽവിയിലും സംഘടനാ വീഴ്ചയിലും സംസ്ഥാന നേതൃത്വത്തിനെതിരെ കടുത്ത വിമർശനങ്ങളാണ് റിപ്പോർട്ടിലുള്ളത്. തളിപ്പറമ്പ്, പയ്യന്നൂർ എന്നിവിടങ്ങളിലെ സ്ഥാനാർത്ഥി നിർണയത്തിൽ ഗുരുതരമായ വീഴ്ചയുണ്ടായി. ഇതിന്റെ ഉത്തരവാദിത്വം സംസ്ഥാന നേതൃത്വത്തിനാണ്. പലയിടത്തും സംഘടനാ ദൗർബല്യങ്ങൾ പരാജയത്തിനിടയാക്കി. ഗൗരവത്തോടെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഏറ്റെടുക്കാൻ താഴെതട്ടിലുള്ള കമ്മിറ്റികൾക്ക് കഴിഞ്ഞില്ലെന്നും റിപ്പോർട്ട് വിമർശിക്കുന്നു.
പി.എംശ്രീയിൽ
അസ്വാരസ്യം
പി.എം.ശ്രീ പദ്ധതിയിൽ ഒപ്പിട്ടത് മുന്നണിക്കുള്ളിൽ അസ്വാരസ്യങ്ങൾക്ക് കാരണമായെന്നും കേന്ദ്ര കമ്മിറ്റി റിപ്പോർട്ട് കുറ്റപ്പെടുത്തുന്നു. വിവാദം പാർട്ടി കൈകാര്യം ചെയ്ത രീതി ഉചിതമായില്ല. മുന്നണിക്ക് അകത്തുള്ള തർക്കം യു.ഡി.എഫ് മുതലെടുത്തു
തിരഞ്ഞെടുപ്പിൽ തിരിച്ചടിക്ക് ഇത് കാരണമായി. ഈ തർക്കം തീർക്കാൻ സി.പി.എം പി.ബിക്ക് ഇടപെടേണ്ടി വന്നു. പദ്ധതിയിൽ ഒപ്പിട്ടത് ബി.ജെ.പിയുമായുള്ള ഡീൽ ആണെന്ന പ്രചാരണം ഉയർത്താൻ യു.ഡി.എഫിന് സഹായകമായി
വിശാല സംസ്ഥാന സമിതി
സെപ്തംബർ 13 മുതൽ
വിശാല സംസ്ഥാന സമിതി യോഗം സെപ്തംബർ 13, 14, 15 തീയതികളിൽ കോഴിക്കോട്ട് ചേരാനും തീരുമാനിച്ചു. 11 മുതൽ 13 വരെ ചേരാനാണ് സെക്രട്ടേറിയറ്റ് യോഗത്തിൽ ധാരണയായതെങ്കിലും സംസ്ഥാന കമ്മിറ്റി ഇതിൽ മാറ്റം വരുത്തുകയായിരുന്നു. വിശാല സംസ്ഥാന സമിതിയിൽ ഏരിയ സെക്രട്ടറിമാരെ പങ്കെടുപ്പിക്കില്ല. ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങൾ പങ്കെടുക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |