
തിരുവനന്തപുരം: സർവകലാശാലാ സിൻഡിക്കേറ്റുകളിലേക്ക് തിരഞ്ഞെടുപ്പ് ഒഴിവാക്കി അംഗങ്ങളെ പൂർണമായി സർക്കാരിന് നാമനിർദ്ദേശം ചെയ്യാനാവുന്ന തരത്തിൽ നിയമഭേദഗതി വരും.അതോടെ സിൻഡിക്കേറ്റുകൾ സർക്കാരിന്റെ കൈപ്പിടിയിലാവും.
കേരളയിൽ തിരഞ്ഞെടുക്കപ്പെട്ട സിൻഡിക്കേറ്റംഗങ്ങൾക്ക് 2027വരെ കാലാവധിയുണ്ടെങ്കിലും ഭേദഗതി വരുന്നതോടെ പുറത്താവും.നാലുവർഷമായിരിക്കും നോമിനേറ്റഡ് അംഗങ്ങളുടെ കാലാവധി.
നിലവിൽ കേരള, കാലിക്കറ്റ് സർവകലാശാലകളിൽ മാത്രമാണ് സിൻഡിക്കേറ്റുകളിലേക്ക് തിരഞ്ഞെടുപ്പ് നടത്തുന്നത്. സിൻഡിക്കേറ്റിലേക്ക് 13 പേരാണ് മത്സരത്തിലൂടെ എത്തുന്നത്. മറ്റിടങ്ങളിൽ അംഗങ്ങളെ നാമനിർദ്ദേശം ചെയ്യുകയാണ്.
വിവിധ മേഖലകളെ പ്രതിനിധീകരിച്ച് സെനറ്റിലെത്തുന്നവർ സിൻഡിക്കേറ്റിലേക്ക് മത്സരിച്ച് ജയിക്കുന്നതാണ് നിലവിലെ രീതി. നാമനിർദ്ദേശം ചെയ്യപ്പെടുന്നവർ സെനറ്റിലെയും അക്കാഡമിക് കൗൺസിലിലെയും അംഗങ്ങളുമാവും.
സർക്കാരും സർവകലാശാലകളും തമ്മിലുള്ള ഏകോപനം ഉറപ്പിക്കാനും ഭരണകാര്യങ്ങളിൽ വേഗം കൈവരിക്കാനും കഴിയുമെന്നാണ് സർക്കാരിന്റെ വിലയിരുത്തൽ. സർക്കാർ നയം തടസമില്ലാതെ സർവകലാശാലകളിൽ നടപ്പാക്കാം.
കുസാറ്റിൽ നാലുപേരെയും സംസ്കൃത സർവകലാശാലയിൽ ഒരംഗത്തെയും സിൻഡിക്കേറ്റിലേക്ക് ഗവർണർക്ക് നാമനിർദ്ദേശം ചെയ്യാം. എം.ജിയിൽ മൂന്ന് ഡീൻമാരെയും ഗവർണറാണ് നോമിനേറ്റ് ചെയ്യുന്നത്. സെനറ്റുകളിലേക്ക് ഗവർണർ നാമനിർദ്ദേശം നടത്തുന്നുണ്ട്. പുതിയ ഭേദഗതിയിൽ എല്ലാ സർവകലാശാലകളുടെയും സിൻഡിക്കേറ്റിലേക്ക് ഒരംഗത്തെയെങ്കിലും ഗവർണർക്ക് നാമനിർദ്ദേശം ചെയ്യാമെന്ന വ്യവസ്ഥ ഉൾപ്പെടുത്തുന്നതും പരിഗണനയിലുണ്ട്.
സർവകലാശാലകളിൽ
യു.ഡി.എഫ് ആധിപത്യം
കേരളയിൽ കഴിഞ്ഞ സർക്കാർ നാമനിർദ്ദേശം ചെയ്ത ആറംഗങ്ങളെ നീക്കിയതോടെ യു.ഡി.എഫിന് ഏഴംഗങ്ങളായി. മൂന്നു ഗവ. പ്രതിനിധികളുണ്ട്. എൽ.ഡി.എഫിന് ആറും ബി.ജെ.പിക്ക് രണ്ടും അംഗങ്ങളുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പിൽ തോറ്റതോടെ രണ്ട് സി.പി.എമ്മുകാർക്ക് അംഗത്വം നഷ്ടമായി.
കാലിക്കറ്റിലും കഴിഞ്ഞ സർക്കാർ നിയോഗിച്ച ആറംഗങ്ങളെയും നീക്കി. തിരഞ്ഞെടുക്കപ്പെട്ടവരിൽ ഇടതിന്-7, യു.ഡി.എഫിന്-4, ബി.ജെ.പിക്ക്-1 എന്നിങ്ങനെയുണ്ട്. നാല് ഔദ്യോഗിക അംഗങ്ങളുമുണ്ട്. ആറ് നോമിനേറ്റഡ് അംഗങ്ങളെ ഒഴിവാക്കിയതോടെ യു.ഡി.എഫിന് ഭൂരിപക്ഷമായി.
മറ്റിടങ്ങളിലെ സിൻഡിക്കേറ്റുകളിൽ ഇടത് സർക്കാർ നോമിനേറ്റ് ചെയ്തവരെയും ഒഴിവാക്കും. ഭരണമാറ്റം വന്നതോടെ സിൻഡിക്കേറ്റുകളിലെ എം.എൽ.എമാരും മാറും. സാങ്കേതിക സിൻഡിക്കേറ്റിലെ ഐ.ബി.സതീഷും കെ.സച്ചിൻദേവും പരാജയപ്പെട്ടതോടെ പുറത്തായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |