
തിരുവനന്തപുരം: മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥനും മുൻ അഡിഷണൽ ചീഫ് സെക്രട്ടറിയുമായിരുന്ന പി.എച്ച്.കുര്യൻ (67) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ബുധനാഴ്ച വൈകിട്ടായിരുന്നു അന്ത്യം. അർബുദ ബാധിതനായി ചികിത്സയിലായിരുന്നു. ഭൗതികശരീരം ഇന്ന് രാവിലെ 8ന് മുട്ടടയിലെ വീട്ടിലെത്തിക്കും. തുടർന്ന് 12 വരെ പൊതുദർശനം. ഉച്ചയോടെ സൗത്ത് പാമ്പാടിയിലെ പുല്ലൂക്കോട്ടയിൽ വീട്ടിലേക്ക് കൊണ്ടുപോകും. നാളെ 11ന് സൗത്ത് പാമ്പാടി സെന്റ് തോമസ് ഓർത്തഡോക്‌സ് വലിയ പള്ളിയിൽ സംസ്കരിക്കും.
1959 ജനുവരി 20ന് കോട്ടയത്തെ കർഷക കുടുംബത്തിലായിരുന്നു ജനനം. കേരള സർവകലാശാലയിൽ നിന്ന് കെമിസ്ട്രിയിൽ ബിരുദാനന്തര ബിരുദം നേടിയ ശേഷം ബംഗളൂരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സയൻസിൽ ഗവേഷണം നടത്തുന്നതിനിടെയാണ് സിവിൽ സർവീസ് ലഭിച്ചത്. 1986 ബാച്ചിൽ ഒഡീഷ കേഡറിൽ ആദ്യ നിയമനം.1993ൽ കേരള കേഡറിലേക്കു മാറി.
പാലക്കാട്, പാലാ സബ് കളക്ടറായും കോട്ടയം, ഇടുക്കി ജില്ലാ കളക്ടറായും പ്രവർത്തിച്ചിട്ടുണ്ട്. റവന്യു, വ്യവസായം, മരാമത്ത്, തുറമുഖം, ഐ.ടി തുടങ്ങിയ വകുപ്പുകളുടെ സെക്രട്ടറി ചുമതല വഹിച്ചു. വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, ഇൻഫർമേഷൻ ടെക്‌നോളജി വകുപ്പ് സെക്രട്ടറി, റവന്യു വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി, ലേബർ കമ്മിഷണർ തുടങ്ങിയ പദവികളിൽ മികച്ച പ്രവർത്തനം കാഴ്ചവച്ചു. ഐ.ടി രംഗത്തിന്റെ വികസനത്തിനും ആദ്യത്തെ സ്റ്റാർട്ടപ്പ് നയം രൂപീകരിക്കുന്നതിനും നേതൃത്വം നൽകി.
ഭാര്യ: ഉഷ കുര്യൻ. മക്കൾ: ഗോഡ്ലി ഹേബൽ കുര്യൻ (സീനിയർ പ്ലാനിംഗ് മാനേജർ, അൽ-ഫുത്തൈം ഓട്ടോമോട്ടീവ്), ഡോ. ഹെൻറി കുര്യൻ (ഓർത്തോപീഡിഷ്യൻ, ശ്രീ ഗോകുലം മെഡിക്കൽ കോളേജ്). മരുമക്കൾ: സ്‌നേഹ അനിൽ (സീനിയർ ബിസിനസ് അനലിസ്റ്റ്, അൽ ഘുറൈർ), ഡോ. ജോമി ജേക്കബ് (പീഡിയാട്രീഷ്യൻ, ശ്രീ ഗോകുലം മെഡിക്കൽ കോളേജ്).
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |