
തിരുവനന്തപുരം: ഫുട്ബാൾ താരം മെസിയെ കഴിഞ്ഞ സർക്കാരിന്റെ കാലത്ത് കേരളത്തിലെത്തിക്കാനുള്ള പ്രചാരണവുമായി ബന്ധപ്പെട്ട് നടത്തിയ പണമിടപാടിൽ നികുതി പിരിക്കുന്നതിൽ വീഴ്ച വരുത്തിയ മൂന്ന് ഉദ്യോഗസ്ഥർക്ക് ജി.എസ്.ടി കമ്മിഷണർ ചാർജ് മെമ്മോ നൽകി. വടക്കൻ മേഖലാ ജോയിന്റ് കമ്മിഷണർ ശ്രീവത്സ, കാസർകോട് ഡെപ്യൂട്ടി കമ്മിഷണർ വി. സജിത്ത്, ഇന്റലിജൻസ് ഓഫീസർ സജിനി എന്നിവർക്കാണ് മെമ്മോ.
ഇന്നലെ രാവിലെ കോഴിക്കോട്ടെ ജി.എസ്.ടി ഓഫീസിലേക്ക് കാഞ്ഞങ്ങാട്ടെ ഇന്റലിജൻസ് ഓഫീസറെ വിളിച്ചു വരുത്തി മൊഴി രേഖപ്പെടുത്തിയിരുന്നു. ഇതിന്റെ തുടർച്ചയായാണ് മൂന്ന് ഉദ്യോഗസ്ഥർക്ക് ചാർജ് മെമ്മോ നൽകിയത്.
ജി.എസ്.ടി പിരിക്കുന്നതിൽ വീഴ്ചയുണ്ടായെന്ന ആക്ഷേപം മുൻ സർക്കാരിന്റെ കാലത്ത് തന്നെ ഉയർന്നിരുന്നു. എന്നാൽ ഇക്കാര്യത്തിൽ തുടർ നടപടിയുണ്ടായില്ല.മെസ്സിയെ കൊണ്ടുവരാനുള്ള പ്രചാരണത്തിന് പിന്നിൽ വൻ ക്രമക്കേട് നടന്നതായും, പല വിവരങ്ങളും സർക്കാരിൽ നിന്ന് മറച്ചു വച്ചതായും കായികവകുപ്പ് സ്പെഷ്യൽ സെക്രട്ടറി നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. പല നിർണ്ണായക രേഖകളും സർക്കാർ ഫയലുകളിൽ കാണാനില്ല. നികുതി നഷ്ടമുൾപ്പെടെ അന്വേഷിക്കാൻ നിയോഗിച്ച ജി.എസ്.ടി വകുപ്പിലെ ഡെപ്യൂട്ടി കമ്മിഷണർ സി.ബ്രിജേഷിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. നികുതി പിരിക്കുന്നതിൽ വീഴ്ച വരുത്തി,ജി.എസ്.ടി തട്ടിപ്പുമായി ബന്ധപ്പെട്ട വിവരം ലഭിച്ചിട്ടും സ്‌പോൺസറായ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനിയിൽ നിന്ന് ജി.എസ്.ടി തുകയായ 22.68 കോടി രൂപ പിരിച്ചെടുക്കുന്നതിൽ താത്പര്യം കാട്ടിയില്ല തുടങ്ങിയവയാണ് എസ്.ഐ.ടിയുടെ പ്രാഥമികാന്വേഷണത്തിലെ കണ്ടെത്തൽ. 2025 ജൂണിൽ 22.5 കോടിയുടെ ജിഎസ്.ടി വെട്ടിപ്പ് സംബന്ധിച്ച് കമ്പനിക്ക് നോട്ടീസ് നൽകിയിട്ടും തുടർ നടപടിയെടുക്കാത്തത് ഉദ്യോഗസ്ഥരുടെ വീഴ്ചയാണെന്ന് റിപ്പോർട്ടിൽ പറയുന്നു.
മെസി വിവാദം: ആരോപണങ്ങളിൽ
കഴമ്പില്ലെന്ന് ഗോട്ട് ആഡ് കമ്പനി
കൊച്ചി: ലയണൽ മെസിയടങ്ങുന്ന അർജന്റീന ഫുട്ബാൾ ടീമിന്റെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട് തങ്ങൾക്കെതിരെ ഉയർന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് ഗോട്ട് ആഡ് കമ്പനി അറിയിച്ചു. ടീമിനെ കേരളത്തിലെത്തിക്കാനുള്ള പ്രൊപ്പോസൽ മാത്രമാണ് 2023 ജൂലായ് 8ന് അന്നത്തെ കായിക മന്ത്രിയുടെ ഔദ്യോഗിക മെയിലിലേക്ക് അയച്ചത്. പിന്നീട് സർക്കാരിന്റെ ഭാഗത്തുനിന്ന് യാതൊരു തുടർനടപടികളും ഉണ്ടായിട്ടില്ലെന്ന് കമ്പനി പ്രതിനിധികളായ മുഷ്താഖ് അഹമ്മദും സദക്കത്തുള്ളയും വാർത്താസമ്മേളനത്തിൽ അറിയിച്ചു.
റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനിയുമായി തങ്ങൾക്ക് ബന്ധമില്ല. വിഷയത്തിൽ തങ്ങളുടെ പേര് വലിച്ചിഴയ്ക്കുന്നത് നിലനില്പിന് വെല്ലുവിളിയാണ്. കായിക വകുപ്പിന്റെ അന്വേഷണ റിപ്പോർട്ടിനെക്കുറിച്ച് അറിയിപ്പ് ലഭിച്ചിട്ടില്ല. റിപ്പോർട്ടിനായി സർക്കാരിനു അപേക്ഷ നൽകിയിട്ടുണ്ട്. അതു പരിശോധിച്ച് ആവശ്യമായ നടപടികളെടുക്കും. കായിക മന്ത്രിയെയും മുഖ്യമന്ത്രിയെയും നേരിൽക്കാണാൻ ശ്രമിച്ചെങ്കിലും ഇതുവരെ അവസരം ലഭിച്ചില്ലെന്നും കമ്പനി പ്രതിനിധികൾ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |