SignIn
Kerala Kaumudi Online
Friday, 16 October 2026 10.56 PM IST

ഒറ്റ മാവിൽ 30 ഇനം മാമ്പഴം,​ എന്നും മധുര സീസൺ

mango

കോഴിക്കോട്: സിവിൽ എൻജിനിയറായ കാരശ്ശേരി പൊയിലിൽ അബ്ദുവിന്റെ പുരയിടം ബഡ്ഡ് ചെയ്ത വിവിധ ഇനങ്ങളിലുള്ള മാവുകളുടെ വിസ്മയലോകമാണ്. ഒരു മാവിൽ പതിനഞ്ചും മുപ്പതും ഇനം മാങ്ങകൾ! എല്ലാം അബ്ദു പല സീസണുകളിൽ ബ‌ഡ്ഡ് ചെയ്തവ. നമ്മുടെ കാലാവസ്ഥയിൽ നിറയെ മാങ്ങ ലഭിക്കുന്ന കാട്ടുമാവും നാട്ടുമാവും മാതൃവൃക്ഷമാക്കി അതിലാണ് 'വരത്തൻ" മാവുകളുടെ കൊമ്പ് ബഡ്ഡ് ചെയ്ത് ചേർക്കുന്നത്. അഞ്ച് വർഷം മുമ്പ് "വൈറ്റ് മോണ്ടൻ' മാവ് ബഡ്ഡ് ചെയ്തായിരുന്നു തുടക്കം. പിന്നെ കിട്ടുന്ന ഇനങ്ങളെല്ലാം ബഡ്ഡ് ചെയ്യാൻ തുടങ്ങി.

സാധാരണ മാവ് പൂക്കാൻ പത്തു വർഷമെങ്കിലുമെടുക്കും. ബഡ്ഡ് ചെയ്താൽ പിറ്റേവർഷം തന്നെ മാങ്ങകൾ ലഭിക്കുമെന്നതാണ് ബഡ്ഡിംഗിനോട് താത്പര്യം കൂടാൻ കാരണം.

ഇത്തരത്തിൽ ബഡ്ഡ് ചെയ്തെടുത്ത 150 വ്യത്യസ്ത ഇനങ്ങളിലുള്ള മാവുകളാണ് ഒന്നരയേക്കർ കൃഷിയിടത്തിലുള്ളത്. ഓരോന്നിന്റെയും സീസൺ പലതായതിനാൽ വീട്ടിൽ മാമ്പഴം ഒഴിഞ്ഞ ദിവസമില്ലെന്ന് അബ്ദു പറയുന്നു. മാവ് കൃഷിയെക്കുറിച്ച് ശാസ്ത്രീയമായി പഠിക്കുന്നതിന് ഇന്തോനേഷ്യയിലും തായ്ലൻഡിലും പോയപ്പോൾ കണ്ട ബഡ്ഡിംഗ് രീതി വീട്ടുപറമ്പിലും പരീക്ഷിക്കുകയായിരുന്നു. അവിടങ്ങളിൽ സ്കൂൾപാഠ്യപദ്ധതിയിലും കൃഷി ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് അബ്ദു പറയുന്നു.

നാം ദോക്ക് മായി, നൂർജഹാൻ, ഒളോർ, ആപ്പിൾ റൊമേനിയൻ, കാലാപ്പാടി, വൈറ്റ് മാൽഡ, കോട്ടപ്പറമ്പൻ, നീലൻ, രത്നഗിരി, കറുത്ത മാങ്ങ, മല്ലിക തുടങ്ങി പാകിസ്ഥാൻ, ഇന്തോനേഷ്യ, കൊൽക്കത്ത, തായ്ലൻഡ് എന്നിവിടങ്ങളിൽ നിന്നെല്ലാം കൊണ്ടുവന്ന ഇനങ്ങളുമുണ്ട്.

ലഭിക്കുന്ന മാങ്ങകൾ വീട്ടിലെത്തുന്ന അതിഥികൾക്കും നഴ്സറിയിലെത്തുന്നവർക്കും സൗജന്യമായി നൽകുമെന്നല്ലാതെ മാമ്പഴം വിറ്റ് വരുമാനമുണ്ടാക്കാൻ അബ്ദു ആഗ്രഹിക്കുന്നില്ല. കാട്ടുമാവിലും (അട്ടപ്പാടിയിലും മറ്റും കാണപ്പെടുന്നു. കടുത്ത പുളിയായിരിക്കും മാങ്ങയ്ക്ക്) നാട്ടുമാവിലുമായി ബഡ്ഡ് ചെയ്ത് പിടിപ്പിച്ച 5000ത്തോളം തൈകൾ ഒരോ വർഷവും വിൽക്കുന്നുണ്ട്. കൂടാതെ എല്ലാ വർഷവും പരിസ്ഥിതി ദിനത്തിൽ സുഹൃത്തുക്കളുമായി ചേർന്ന് വാട്ട്സ്ആപ്പ് കൂട്ടായ്മയ്ക്ക് 2,500 തൈകളും നൽകും. ഒപ്പം കുട്ടികൾക്ക് കൃഷിയെക്കുറിച്ചും ബഡ്ഡിംഗിനെക്കുറിച്ചും ക്ലാസെടുക്കും.

കൺസ്ട്രക്ഷൻ രംഗത്ത് പ്രവർത്തിക്കുന്ന ഈ അമ്പത്തിനാലുകാരന് ചെറുപ്പത്തിലേ തുടങ്ങിയതാണ് കൃഷിക്കമ്പം. എല്ലാറ്റിനും സഹായികളായി ഭാര്യ സുബീനയും മക്കളായ ഫാത്തിമ തമന്ന, തൻസി ഹലി, ദിൽഷ നിയ, ഫിയ എന്നിവരും കൂടെയുണ്ട്.

ഫോൺ: 9846300215.

 ബഡ്ഡിംഗ് രീതി

ഒരു ചെടിയിലെ മുകുളം അതേ വർഗ്ഗത്തിൽപ്പെട്ട മറ്റൊരു ചെടിയിൽ ഒട്ടിക്കുന്നതാണ് ബഡ്ഡിംഗ്.

ഒട്ടിക്കുന്ന തൈയുടെ അടിഭാഗത്തു നിന്ന് 15 സെ.മീ മുകളിലായി T ആകൃതിയിൽ ഒരു കീറലുണ്ടാക്കി തൊലി അൽപ്പം വിടർത്തി ഷീൽഡ് ആകൃതിയിൽ മുകുളത്തിലെ തൊലി ചെത്തി ചേർത്ത് വച്ച് ചുറ്റിക്കെട്ടി നിറുത്തണം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MANGO
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA