
തൃശൂർ: ശാസ്ത്രത്തെ സാധാരണക്കാരന് പ്രാപ്യമാക്കിയ ശാസ്ത്രജ്ഞനും എഴുത്തുകാരനുമായ ഡോ. എം.പി. പരമേശ്വരന്റെ ഭൗതികദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു. ഇന്നലെ വൈകിട്ട് മൂന്നോടെ പാറമേക്കാവ് ശാന്തിഘട്ടിലെ വൈദ്യുത ശ്മശാനത്തിലായിരുന്നു സംസ്കാരം. മതപരമായ ചടങ്ങുകളില്ലാതെയാണ് പൊതുദർശനവും സംസ്കാരച്ചടങ്ങുകളും നടന്നത്.
പൊതുപ്രവർത്തകരും ശാസ്ത്ര പ്രവർത്തകരും ഉൾപ്പെടെയുള്ളവർ രാവിലെ മുതൽ അന്ത്യോപചാരം അർപ്പിക്കാനെത്തിയിരുന്നു. ഉച്ചയ്ക്ക് 12.30ഓടെ പൊലീസ് ഗാർഡ് ഒഫ് ഓണർ നൽകിയ ശേഷം പരിഷത്ത് പ്രവർത്തകരുടെയും ശാസ്ത്ര പ്രചാരകരുടെയും അഭിവാദ്യഗാനമുയർന്നു. സഹോദരങ്ങളായ എം.പി.കൃഷ്ണൻ, എം.പി.വാസുദേവൻ എന്നിവരും മകൻ വിപിനും കുടുംബാംഗങ്ങളും ഭൗതിക ശരീരത്തിൽ തൊട്ടുവന്ദിച്ച് അന്ത്യോപചാരം അർപ്പിച്ചു. തുടർന്ന് പാറമേക്കാവ് ശാന്തിഘട്ടിലേക്ക് കൊണ്ടുപോയി.
സംസ്ഥാന സർക്കാരിനും മുഖ്യമന്ത്രിക്കുമായി കളക്ടർ ശിഖ സുരേന്ദ്രൻ, സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ, പൊളിറ്റ് ബ്യൂറോ അംഗം എ.വിജയരാഘവൻ, സംസ്ഥാന സമിതിയംഗം പി.കെ.ബിജു, ജില്ല സെക്രട്ടറി കെ.വി.അബ്ദുൾ ഖാദർ, മുൻമന്ത്രിമാരായ തോമസ് ഐസക്, ആർ.ബിന്ദു, എസ്.ശർമ്മ, വി.എസ്.സുനിൽകുമാർ, ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് ബി.ഗോപാലകൃഷ്ണൻ, ടി.വി.ചന്ദ്രമോഹൻ, പി.വി.കൃഷ്ണൻ നായർ, കാവുമ്പായി ബാലകൃഷ്ണൻ, ശാസ്ത്ര സാഹിത്യ പരിഷത്ത് സംസ്ഥാന പ്രസിഡന്റ് സി.രാമകൃഷ്ണൻ, സെക്രട്ടറി വി.മനോജ് കുമാർ, സി.പി.നാരായണൻ തുടങ്ങിയവർ തൃശൂരിലെ വീട്ടിലെത്തി ആദരാഞ്ജലി അർപ്പിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |