SignIn
Kerala Kaumudi Online
Tuesday, 06 October 2026 8.24 AM IST

ഐ.എൻ.എസ് വിക്രാന്ത് ആഗസ്റ്റിൽ സജ്ജമാകും

navy

കൊച്ചി: വിമാനവാഹിനിക്കപ്പൽ ഐ.എൻ.എസ് വിക്രാന്ത് അടുത്ത ആഗസ്റ്റിൽ പൂർണ പ്രവർത്തനസജ്ജമാകുമെന്ന് ദക്ഷിണ നാവികത്താവളം മേധാവി വൈസ് അഡ്മിറൽ എം.എ. ഹംപി ഹോളി പറഞ്ഞു. 2047ൽ സേനകൾ സമ്പൂർണ സ്വാശ്രയത്വം നേടുമെന്നും നാവികദിനത്തിന് മുന്നോടിയായി നാവികത്താവളത്തിൽ മാദ്ധ്യമങ്ങളോട് സംസാരിക്കവേ അദ്ദേഹം പറഞ്ഞു.

ഐ.എൻ.എസ് വിക്രാന്തിന്റെ കടൽപരീക്ഷണങ്ങൾ തുടരുകയാണ്. ഹെലികോപ്ടർ ഇറക്കുകയും പറന്നുയരുകയും ചെയ്യുന്ന പരീക്ഷണം പൂർത്തിയായി. യുദ്ധവിമാനങ്ങൾ ഇറങ്ങുന്നതും പറന്നുയരുന്നതും അടുത്തഘട്ടത്തിൽ പരീക്ഷിക്കും. മണിക്കൂറിൽ 200 കിലോമീറ്റർ വേഗത്തിലെത്തുന്ന യുദ്ധവിമാനങ്ങൾ, സഞ്ചരിക്കുന്ന വിക്രാന്തിൽ മൂന്നു നാല് സെക്കൻഡുകൾക്കുള്ളിൽ പറന്നിറങ്ങുകയും ഉയരുകയും വേണം. വിവിധ കാലാവസ്ഥകളിലും സാഹചര്യങ്ങളിലുമുള്ള പരീക്ഷണങ്ങൾ ആഗസ്റ്റിൽ പൂർത്തിയാക്കും. പുതിയൊരു വിമാനവാഹിനി കൂടി ആവശ്യമാണെന്ന് സർക്കാരിനെ അറിയിച്ചിട്ടുണ്ട്. ഐ.എൻ.എസ് വിക്രാന്തിൽ 170 വനിതകളെ നിയമിച്ചു. 29 വിഭാഗങ്ങളിലും വനിതകളുണ്ട്. ഇവർക്കുള്ള പരിശീലനം ഇന്നാരംഭിക്കും.

 വിഴിഞ്ഞം തുറമുഖം പ്രധാനം

വിഴിഞ്ഞം തുറമുഖ പദ്ധതി രാജ്യത്തിന് പ്രധാനപ്പെട്ടതാണ്. രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ ശക്തമാക്കാൻ പദ്ധതിക്ക് കഴിയും. പദ്ധതി മൂലം പ്രശ്നങ്ങൾ നേരിടുന്ന പ്രദേശവാസികളെ സർക്കാർ സഹായിക്കണം. പ്രശ്നങ്ങൾ പരിഹരിക്കാൻ സർക്കാർ മുൻകൈയെടുക്കണം.

 ചൈനയെ നിരീക്ഷിക്കും

ഇന്ത്യൻ സമുദ്രത്തിൽ ചൈനീസ് കപ്പലുകളുടെ സാന്നിദ്ധ്യം സൂക്ഷ്‌മമായി നിരീക്ഷിക്കുന്നുണ്ട്. ഇടയ്ക്കിടെ ചൈനീസ് കപ്പലുകൾ വരുന്നുണ്ട്. അസ്വാഭാവികമായ ഒന്നും കാണാതെ പോകില്ല.

 അഗ്നിവീർ പരിശീലനം

സേനയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട 3000 അഗ്നിവീറുകൾക്കുള്ള പരിശീലനം ഒഡിഷയിലെ ചിൽക്കയിൽ ഇന്നാരംഭിക്കും. 20 ആഴ്ചത്തെ സാധാരണ പരിശീലനം 16 ആഴ്ചയായി കുറച്ചു. നാലുവർഷത്തിന് ശേഷം സേനയിൽ തുടരാൻ തിരഞ്ഞെടുക്കപ്പെടുന്നവർക്ക് വിദഗ്ദ്ധപരിശീലനം നൽകും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: INS VIKRANTH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA