
തിരുവനന്തപുരം: മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെ പുറത്താക്കാൻ ഡൽഹിയിൽ പ്രതിപക്ഷവും വിദ്യാർത്ഥി സംഘടനകളും സമരം തുടരവേ, കേരള നിയമസഭ അദ്ദേഹത്തിനെതിരെ പ്രമേയം പാസാക്കി.
ഗ്യാനേഷ് കുമാറിനെ മാറ്റണമെന്നും ഭരണകൂടത്തിന്റെ താൽപര്യങ്ങൾക്ക് വഴങ്ങാതെ നിഷ്പക്ഷമായി കമ്മിഷൻ പ്രവർത്തിക്കണമെന്നും പ്രമേയത്തിൽ ആവശ്യപ്പെട്ടു. അർഹരായ എല്ലാവർക്കും വോട്ടവകാശം ലഭിക്കാൻ നടപടി എടുക്കണം.
മുഖ്യമന്ത്രി വി.ഡി സതീശൻ അവതരിപ്പിച്ച പ്രമേയത്തെ പ്രതിപക്ഷമായ എൽ.ഡി.എഫ് പിന്തുണച്ചു. ബി.ജെ.പി അംഗങ്ങൾ എതിർത്തു. ബി.ജെ.പിയും എൽ.ഡി.എഫും രണ്ടു ഭേദഗതികൾ വീതം നിർദേശിച്ചെങ്കിലും സ്വീകരിച്ചില്ല.പ്രതിപക്ഷ നേതാവ് പിണറായി വിജയൻ വാക്കാൽ അവതരിപ്പിച്ച ഭേദഗതി സ്വീകരിച്ചു. രാജ്യത്താദ്യമായാണ് ഒരു സംസ്ഥാനം മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർക്കെതിരെ പ്രമേയം പാസാക്കുന്നത്. ചട്ടം 118 അനുസരിച്ചായിരുന്നു പ്രമേയം.
പുതിയ വോട്ടർമാരെ ചേർക്കുന്ന ഫോം 6ൽ മാറ്റം വരുത്തിയതിലൂടെ കോടിക്കണക്കിന് വോട്ടർമാർക്ക് വോട്ടവകാശം നിഷേധിച്ചുവെന്ന്
പ്രമേയത്തിൽ പ്രമേയത്തിൽ ചൂണ്ടിക്കാട്ടി. കമ്മിഷനിലെ മറ്റു രണ്ട് അംഗങ്ങളും വിയോജിപ്പ് രേഖപ്പെടുത്തിയെന്ന മാദ്ധ്യമ റിപ്പോർട്ടുകളും ഉൾപ്പെടുത്തി.
വോട്ടർ പട്ടിക തയ്യാറാക്കാൻ ഉപയോഗിച്ച സോഫ്റ്റ് വെയർ സുതാര്യമായി പ്രവർത്തിപ്പിക്കുന്നതിൽ കമ്മിഷൻ പരാജയപ്പെട്ടു.
തിരഞ്ഞെടുപ്പ് കമ്മിഷണർമാരെ തിരഞ്ഞെടുക്കുന്ന സമിതിയിൽ മാറ്റം വരുത്തിയത് നിഷ്പക്ഷത തകർത്തു. പ്രധാനമന്ത്രി, ലോക്സഭാ പ്രതിപക്ഷ നേതാവ്, സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എന്നിവരെ ഉൾപ്പെടുത്തി സമിതി പുനഃസംഘടിപ്പിക്കണം. എസ്.ഐ.ആറിലെ അപാകത പരിഹരിക്കണം, ബി.ജെ.പി അംഗങ്ങളായ വി.മുരളീധരൻ, ബി.ഗോപകുമാർ, സി.പി.എം അംഗങ്ങളായ വിജിൻ,സജി ചെറിയാൻ എന്നിവരാണ് ഭേദഗതികൾ നിർദേശിച്ചത്. സഭയ്ക്ക് പുറത്ത് പ്രമേയം കത്തിച്ച് ബി.ജെ.പി പ്രതിഷേധിച്ചു. എസ്.ഐ.ആർ തട്ടിപ്പാണെങ്കിൽ കേരളത്തിൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പ് റദ്ദാക്കുമോയെന്ന് ബി.ജെ.പി കക്ഷിനേതാവ് ബി.ബി.ഗോപകുമാർ ചോദിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |