
രോഗി ഇച്ഛിച്ചതും വൈദ്യൻ കല്പിച്ചതും എന്നു പറയും പോലെയായിരുന്നു ഇന്നലെ നിയമസഭയിൽ ജി.സുധാകരന്റെ കത്തിക്കയറൽ. 2026ലെ കേരളം മുതിർന്ന പൗരന്മാരുടെ (പരിചരണവും അവകാശസംരക്ഷണവും) ബില്ലിന്റെ പൊതുചർച്ചയിലായിരുന്നു സുധാകരന്റെ ഇരുതല മൂർച്ചയുള്ള വാക്കുകൾ. പ്രായമേറിയാലും അവരുടെ ബുദ്ധിശേഷി കുറയില്ലെന്ന് സമർത്ഥിക്കുന്നതിനിടെ കോൺഗ്രസ് അംഗം എം.വിൻസെന്റാണ് ചില രാഷ്ട്രീയ പാർട്ടികൾ പ്രായപരിധിയുടെ പേരിൽ നേതാക്കളെ ഒഴിവാക്കുന്ന കാര്യം ശ്രദ്ധയിൽ കൊണ്ടുവന്നത്.
എറിയാൻ നിന്നയാളിന് കൊണി കൊടുത്തപോലെയായി കാര്യങ്ങൾ. 'പ്രായപരിധി ശുദ്ധ അസംബന്ധമാണ്, ബുദ്ധിയില്ലായ്മയാണ്, ചരിത്ര നിരാസമാണ്. ഇത് വച്ചവരെല്ലാം അനുഭവിക്കും സർ, അനുഭവിച്ചുകൊണ്ടിരിക്കയാണ് സർ. എന്നെയും മാറ്റിയതാണ് 75 എന്ന് പറഞ്ഞ്. എനിക്കതിൽ വിഷമമില്ല. ഞാൻ പ്രായപരിധിയുടെ രക്തസാക്ഷിയല്ല, അനുഭവ സാക്ഷിയാണ്.' ചങ്കിൽ തറയ്ക്കുന്ന വാക്കുകളാണെങ്കിലും പ്രതിപക്ഷാംഗങ്ങളും സുധാകരൻ സഖാവിന്റെ വാക്കുകൾ ആസ്വദിച്ചു.
പ്രായം ചെന്നവരുടെ ക്ഷേമം ലക്ഷ്യമിട്ടുള്ള ബില്ലായതിനാൽ മുഖ്യമന്ത്രി വി.ഡി.സതീശന്റെ വാക്കുകളിലും ചർച്ചയിൽ പങ്കെടുത്ത മറ്റംഗങ്ങളുടെ പ്രസംഗത്തിലും ആദ്യന്തം ആർദ്രത നിറഞ്ഞു നിന്നു. ഓൾഡ് ഈസ് ഗോൾഡ് എന്ന ചൊല്ലാണ് നമ്മൾ കേട്ടിട്ടുള്ളതെങ്കിലും ഓൾഡ് ഈസ് വേസ്റ്റ് എന്നു ചിന്തിക്കുന്ന ഒരു വിഭാഗം വളർന്നു വരുന്നതിലുള്ള ആശങ്കയും ജി.സുധാകരൻ പ്രകടമാക്കി. ഹെമിംഗ് വേയുടെ ദ ഓൾഡ് മാൻ ആൻഡ് ദ സീയും ഷേക്സ്പിയറിന്റെ കിംഗ് ലിയറും രാമായണവും വേഡ്സ് വർത്തിനെയുമെല്ലാം കൂട്ടുപിടിച്ചാണ് സുധാകരൻ വാർദ്ധക്യത്തിന് വാസന പകർന്നത്.
എഴുപതോ എൺപതോ വയസുവരെ നിശ്ചയമായും ജിവിച്ചിരിക്കുമെന്നുറപ്പുള്ള മുഖ്യമന്ത്രി സതീശനും ഈ നിയമം പ്രയോജനപ്പെടുമെന്നു കൂടി സുധാകരൻ പറഞ്ഞപ്പോൾ മുഖ്യമന്ത്രിയും ചിരിച്ചുപോയി. ആശുപത്രികളിലെ മരുന്നു ക്ഷാമത്തെക്കുറിച്ചും ചികിത്സാപ്പിഴവുകളെക്കുറിച്ചും പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തരപ്രമേയം മന്ത്രി കെ.മുരളീധരനും പ്രതിപക്ഷവും തമ്മിലുള്ള കൊമ്പുകോർക്കലിലേക്കെത്തിച്ചു. റാഗിംഗ് മാനസികാവസ്ഥയുമായാണോ യു.ഡി.എഫ് ഭരിക്കാൻ വന്നതെന്നായിരുന്നു വിഷയം അവതരിപ്പിച്ച കെ.വി.സുമേഷിന്റെ ചോദ്യം. കേരളത്തിന്റെ ആരോഗ്യമേഖല വെന്റിലേറ്ററിലാണെന്ന് കൂടി സുമേഷ് പറഞ്ഞത് മന്ത്രിക്ക് അത്ര ബോധിച്ചില്ല.
അധികാരം നഷ്ടപ്പെട്ട സങ്കടത്തിലുള്ള രോഗത്തിന് ഏതായാലും മരുന്നില്ലെന്ന് മന്ത്രി തിരിച്ചടിച്ചു. സ്വകാര്യ ആശുപത്രികൾക്കായി പ്രതിപക്ഷം പണിയെടുക്കുകയാണെന്ന് കൂടി പറഞ്ഞതോടെ പ്രതിപക്ഷാംഗങ്ങൾ എഴുന്നേറ്റ് ബഹളം തുടങ്ങി. ഭരണപക്ഷവും അതേറ്രുപിടിച്ചു. ഈ ഘട്ടത്തിലാണ് പ്രതിപക്ഷനേതാവ് പിണറായി വിജയൻ പ്രസംഗിക്കാൻ എഴുന്നേറ്റത്. പരിണതപ്രജ്ഞനായ അങ്ങ് ചെയറിലിരിക്കുമ്പോൾ ഇങ്ങനെ ബഹളം കൂട്ടുന്നതിനെതിരെ ഒരു വാക്കു പറയണ്ടേ എന്ന് സ്പീക്കറെ നോക്കി പിണറായി പറഞ്ഞു.
അങ്ങ് സംസാരിക്കാൻ തുടങ്ങിയപ്പോൾ എല്ലാം ശാന്തമായി, ഞാനിടപെടേണ്ട കാര്യമില്ല എന്ന് സരസ ഭാവത്തിൽ സ്പീക്കറുടെ മറുപടിയും. മരുന്നു ക്ഷാമമില്ലെന്നും ചില മരുന്നുകളുടെ കുറവുണ്ടെന്നുമാണ് ആരോഗ്യമന്ത്രി പറയുന്നത്. അതുതന്നെയല്ലേ മരുന്നു ക്ഷാമമെന്ന് പറയുന്നതെന്ന പിണറായി വിജയന്റെ ചോദ്യം മന്ത്രി കേട്ടതായി നടിച്ചില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |