SignIn
Kerala Kaumudi Online
Saturday, 30 May 2026 7.51 PM IST

കൽപ്പാക്കത്തിന് കരുത്താകാൻ കൊല്ലം തീരത്തെ തോറിയം നിധി

READ ENGLISH VERSION
nuclear

കൊല്ലം: കൽപ്പാക്കത്തെ ആണവ വൈദ്യുതി നിലയത്തിൽ പ്രവർത്തനം തുടങ്ങിയ 500 മെഗാവാട്ട് ഫാസ്റ്റ് ബ്രീഡർ റിയാക്ടറിൽ തോറിയം ഇന്ധനമാക്കുമ്പോൾ, കൊല്ലം തീരമേഖല വീണ്ടും രാജ്യത്തിന്റെ ശ്രദ്ധാകേന്ദ്രമാവുന്നു. തോറിയം അടക്കമുള്ള അപൂർവ ധാതുക്കൾ കൂടുതലുള്ള കരിമണൽ നിക്ഷേപത്തിന്റെ കേന്ദ്രമാണ് നീണ്ടകര മുതൽ കായംകുളം വരെയുള്ള തീരപ്രദേശം. സുനാമിക്കുശേഷം കടലിലെ ഒഴുക്കിലുണ്ടായ മാറ്റത്തിന്റെ ഫലമായി തീരമേഖലയിലെ ധാതുനിക്ഷേപം ആലപ്പുഴ ജില്ലയിലെ തോട്ടപ്പള്ളി ഭാഗത്തേക്കും വ്യാപിച്ചിട്ടുണ്ട്.

സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ കെ.എം.എം.എൽ തോറിയം വേർതിരിച്ചെടുക്കാനുള്ള സാങ്കേതികവിദ്യതേടി ആഗോള ടെൻഡർ വിളിച്ചിരിക്കുകയാണ്. കേന്ദ്രസ്ഥാപനമായ ഇന്ത്യൻ റെയർ എർത്ത് പരിമിതമായ തോതിൽ ഇതു വേർതിരിച്ച് എടുക്കുന്നുണ്ട്.

കരിമണലിൽ നിന്ന് വേർതിരിച്ചെടുക്കുന്ന മോണോസൈറ്റ് സംസ്കരിക്കുമ്പോഴാണ് തോറിയം ലഭിക്കുന്നത്.

ഒരുടൺ കരിമണലിൽ 0.6% തോറിയമുണ്ടെന്നാണ് കെ.എം.എം.എല്ലിന്റെ കണക്ക്.

കേന്ദ്ര പൊതുമേഖല സ്ഥാപനമായ ഐ.ആ‌ർ.ഇ, സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ കെ.എം.എം.എൽ എന്നിവ മാത്രമാണ് നിലവിൽ ധാതുഖനനം നടത്തുന്നത്.

കരിമണലിൽ നിന്ന് ഇൽമനൈറ്റ്, റൂട്ടയിൽ, സിലിമിനൈറ്റ്, സിർക്കോൺ തുടങ്ങിയ ധാതുക്കൾ കെ.എം.എം.എൽ വേർതിരിച്ചെടുക്കുന്നുണ്ട്.

ഇൽമനൈറ്റിൽ നിന്ന് പെയിന്റ് നിർമ്മാണത്തിനുള്ള അസംസ്കൃത വസ്തുവായ ടൈറ്റാനിയം ഡയോക്സൈഡ് പിഗ്‌മെന്റാണ് പ്രധാനമായും നിർമ്മിക്കുന്നത്. ഐ.ആർ.ഇ മോണോസൈറ്റിൽ നിന്ന് റെയർ എർത്ത് വേർതിരിച്ച് വിവിധ വ്യവസായ സംരംഭങ്ങൾക്ക് കൈമാറുന്നുണ്ട്.

മണ്ണിനടിയിൽ ശേഖരിച്ചു

ഒന്നരലക്ഷം ടൺ മണൽ

# ഇൽമനൈറ്റ്, റൂട്ടെയിൽ, സിലിമിനൈറ്റ്, സിർക്കോൺ തുടങ്ങിയ ധാതുക്കൾ വേർതിരിച്ച് ബാക്കിവരുന്ന കരിമണലിൽ ഏകദേശം 10 % മോണസൈറ്റ് അടങ്ങിയിട്ടുണ്ട്. ഇത്തരത്തിലുള്ള ഒന്നരലക്ഷത്തോളം ടൺ മണൽ, ഫാക്ടറിക്ക് സമീപം ഭീമൻ കുഴികളെടുത്ത് കെ.എം.എം.എൽ സംഭരിച്ചിരിച്ചിട്ടുണ്ട്.

#ഇത് സംസ്കരിച്ച് ലഭിക്കുന്ന മോണോസൈറ്റിൽ നിന്ന്

40 % തോറിയം ലഭിക്കും. ഇത്തരത്തിൽ 6000 ടൺ അസംസ്കൃത തോറിയം വേർതിരിക്കാനുള്ള മണൽ കെ.എം.എം.എല്ലിന്റെ പക്കലുണ്ട്. അതിൽ നിന്ന് 3000 ടൺ ശുദ്ധ തോറിയം ലഭിക്കും.

# കെ.എം.എം.എൽ പ്രതിദിനം 5-10 ടൺ മോണോസൈറ്റ് മണൽ വേർതിരിക്കുന്നു. ആണവ റിയാക്ടറുകളിൽ ഇന്ധനമായി ഉപയോഗിക്കുന്നതിന് പുറമേ പ്രതിരോധം, ബഹിരാകാശ പര്യവേക്ഷണം, വ്യോമയാനം എന്നീ മേഖലകളിലും ഇലക്ട്രിക് വാഹനങ്ങളുടെയും കാറ്റാടി യന്ത്രങ്ങളുടെയും മോട്ടോറുകളുടെ സ്ഥിരകാന്തങ്ങൾ നിർമ്മിക്കാനും മോണോസൈറ്റിൽ നിന്ന് വേർതിരിക്കുന്ന ധാതുക്കൾ ഉപയോഗിക്കുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NUCLEAR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA