
അരീക്കോട്: മുൻ സന്തോഷ് ട്രോഫി ഫുട്‌ബാൾ താരവും കോയമ്പത്തൂർ വിമാനത്താവളത്തിലെ കസ്റ്റംസ് ഇൻസ്‌പെക്ടറുമായ അരീക്കോട് സ്വദേശി അസീം കൊറളിയാടൻ (44) കോയമ്പത്തൂരിൽ വാഹനാപകടത്തിൽ മരിച്ചു. ബുധനാഴ്ച രാത്രി പത്തോടെ ജോലിസ്ഥലത്തേക്ക് പോകവേ അസീം സഞ്ചരിച്ച ബൈക്കിന് പിന്നിൽ ലോറിയിടിച്ചാണ് അപകടം. സന്തോഷ് ട്രോഫിയിൽ മഹാരാഷ്ട്ര (2010), തമിഴ്‌നാട് (2013) ടീമുകൾക്കായി ബൂട്ടണിഞ്ഞിട്ടുണ്ട്. അണ്ടർ 21 കേരള ടീമിൽ അംഗമായിരുന്നു. ഒമ്പത് സീസണുകളിൽ ഐ ലീഗ് കളിച്ചു. ഈസ്റ്റ് ബംഗാൾ, സാൽഗോക്കർ ഗോവ, മഹീന്ദ്ര യുണൈറ്റഡ്, മുംബൈ എഫ്.സി, വാസ്‌കോ ഗോവ എന്നീ പ്രമുഖ ക്ലബ്ബുകൾക്കായി ഫെഡറേഷൻ കപ്പ്, ഡ്യൂറന്റ് കപ്പ്, ഐ.എഫ്.എ ഷീൽഡ് ടൂർണമെന്റുകളിൽ കളിച്ചിട്ടുണ്ട്. കൊറളിയാടൻ മൂസാൻകുട്ടിയുടെയും കാഞ്ഞിരാല സൈനബയുടെയും മകനാണ്. ഭാര്യ: മുംതാസ്. മക്കൾ: സിയ, ഇൽസ. കുടുംബസമേതം കോയമ്പത്തൂരിലായിരുന്നു താമസം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |