SignIn
Kerala Kaumudi Online
Friday, 14 August 2026 1.27 AM IST

ഗുണ്ടാസേവകർക്കും ജാമ്യമില്ലാത്ത പൂട്ട്

goonda

തിരുവനന്തപുരം: കൊലവിളിയുമായി നാടുവിറപ്പിക്കുന്ന ഗുണ്ടകളെ 'കാപ്പ" ചുമത്തി അകത്താക്കാനും പണവും സഹായങ്ങളും നൽകുന്നവർക്കെതിരെ ജാമ്യമില്ലാ കേസെടുക്കാനും തീരുമാനം. ഗുണ്ടകളെ സഹായിക്കുന്ന വ്യക്തികളും സംഘടനകളും ഇതിൽ ഉൾപ്പെടും.

ഗുണ്ടകൾക്ക് പണംനൽകുന്നവരെ കുറ്റംചെയ്യാൻ പ്രേരിപ്പിക്കുന്നവരായി കണക്കാക്കും. ഗുണ്ടാസംഘങ്ങളുടെ കുറ്റകൃത്യങ്ങൾക്ക് ഒത്താശ ചെയ്യുകയോ സഹായിക്കുകയോ ചെയ്താൽ ജീവപര്യന്തംവരെ ശിക്ഷയും 5ലക്ഷംവരെ പിഴയും ചുമത്തുന്ന തരത്തിലാവും നടപടി. ഒളിവിൽ താമസിപ്പിക്കുകയോ സംരക്ഷിക്കുകയോ ചെയ്താൽ 3വർഷംമുതൽ ജീവപര്യന്തംവരെ തടവുകിട്ടാം. അതിനും 5ലക്ഷം പിഴയുണ്ടാവും. കുറ്റകൃത്യത്തിന് ബോധപൂർവം സഹായം ചെയ്തെന്ന് തെളിഞ്ഞാൽ ഗുണ്ടകൾക്ക് ലഭിക്കുന്ന അതേശിക്ഷയാവും കിട്ടുക. 'ഓപ്പറേഷൻ-ഗ്രിപ്പ്' എന്ന ഗുണ്ടാവേട്ട പദ്ധതിയുമായി ബന്ധപ്പെട്ട് അഡി.ഡി.ജി.പി പി.വിജയൻ പുറത്തിറക്കിയ മാർഗ്ഗനിർദ്ദേശത്തിലാണ് ഇക്കാര്യങ്ങളുള്ളത്.

5വർഷം ശിക്ഷകിട്ടാവുന്ന ഒരു കേസ്, ഒന്നു മുതൽ അഞ്ചുവർഷം വരെ ശിക്ഷിക്കാവുന്ന രണ്ട് കേസുകൾ എന്നിവയോ മൂന്ന്കേസുകൾ വിചാരണഘട്ടത്തിലോ ആണെങ്കിൽ ഗുണ്ടാനിയമം(കാപ്പ) ചുമത്തി വിചാരണയില്ലാതെ 6മാസം കരുതൽ തടങ്കലിലാക്കാം. ജയിലിൽ നിന്നിറങ്ങി വീണ്ടും അക്രമം കാട്ടുന്നവരെ സ്വന്തംജില്ലയിൽനിന്ന് നാടുകടത്താം. വിലക്ക് ലംഘിച്ചാൽ വാറണ്ടില്ലാതെ അറസ്റ്റ്ചെയ്യാം. ഇതിന് മൂന്നുവർഷം തടവുശിക്ഷകിട്ടാം. നാടുകടത്തിയവർ തിരികെ സ്വന്തംസ്ഥലത്തെത്തുന്നില്ലെന്ന് ഉറപ്പാക്കും. നാടുകടത്തൽ കാലാവധി കഴിയുമ്പോൾ കുറ്റകൃത്യത്തിലേർപ്പെടില്ലെന്ന് ബോണ്ടുവാങ്ങും. അത് ലംഘിച്ചാൽ വീണ്ടുംതടങ്കലിലാക്കും. ഗുണ്ടാലിസ്റ്റ് തയ്യാറാക്കേണ്ട ചുമതല ഡിവൈ.എസ്.പിമാർക്കാണ്. സ്റ്റേഷൻതലത്തിൽ ഗുണ്ടാലിസ്റ്റ് പുതുക്കും.

സജീവ ഗുണ്ടകൾ 800

1. ഇരുപത് പൊലീസ് ജില്ലകളിലും ശരാശരി 40വീതം സജീവമായ ഗുണ്ടകളുണ്ട്. നൂറിലേറെ കേസുകളുള്ളവരും ഇക്കൂട്ടത്തിലുണ്ട്. കൊച്ചിയിലാണേറെയും. കൊടുംക്രിമിനലുകളായ ഇവരെ ഉടൻ അകത്താക്കും

2. ഗുണ്ടാപ്രവർത്തനം ജീവിത വൃത്തിയായി നടത്തുന്നവരും, രാഷ്ട്രീയസ്വാധീനമടക്കം ഉപയോഗിച്ച് കേസുകളിൽ പെടാത്തവരുമായി ഇതിന്റെ ഇരട്ടിപ്പേരുണ്ട്. കേസ്‌രേഖകൾ ശരിയാക്കി ഇവർക്കെതിരേ കാപ്പ ചുമത്തി അകത്താക്കും.

3. പൊലീസിന്റെ ഗുണ്ടാലിസ്റ്റിൽ 6000പേരുണ്ട്. ഇതിൽ ബഹുഭൂരിപക്ഷവും ഗുണ്ടാപ്പണി നിറുത്തിയവരാണ്. ഇവരുടെ സമകാലിക നീക്കങ്ങൾ വിലയിരുത്തി ലിസ്റ്റിൽനിന്നൊഴിവാക്കും. എങ്കിലും പൊലീസിന്റെ നിരീക്ഷണവലയത്തിലുണ്ടാവും. ഇവരുടെ പട്ടിക ഇടയ്ക്കിടെ പുതുക്കും.

''ഗുണ്ടകൾക്ക് സഹായമെത്തുന്ന ശൃംഖല പൊളിക്കും. ഇന്റലിജൻസ് വിവരത്തിന്റെയും നിരന്തര നിരീക്ഷണത്തിന്റെയും അടിസ്ഥാനത്തിലാണ് ഗുണ്ടാവേട്ട. 750 ഗുണ്ടകളെ ഓപ്പറേഷൻ ഗ്രിപ്പിൽ ഇതിനകം പിടികൂടി.

-പി.വിജയൻ,

അഡി.ഡി.ജി.പി, ക്രമസമാധാനം

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA