SignIn
Kerala Kaumudi Online
Thursday, 03 September 2026 7.04 PM IST

ഓപ്പറേഷൻ തൂഫാൻ: സംസ്ഥാനത്ത് ഇതുവരെ 170 കോടിയുടെ ലഹരിമരുന്ന് പിടികൂടിയെന്ന് ആഭ്യന്തരമന്ത്രി

ramesh-chennithala
ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

ഇടുക്കി: ലഹരിക്കെതിരായ പോരാട്ടം പൊലീസിന്റെ മാത്രം ഉത്തരവാദിത്വമല്ലെന്നും ഓരോ വ്യക്തിയും കുടുംബവും ഈ പോരാട്ടത്തിന്റെ ഭാഗമാകണമെന്നും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. മുരിക്കാശ്ശേരി പാവനാത്മ കോളേജ് ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ഇടുക്കി ജില്ലാതല 'തൂഫാൻ ജാഗരൺ' പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ലഹരി ഉപയോഗം നിയമപ്രശ്നം മാത്രമായി കാണാതെ കുടുംബപ്രശ്നമായി കൂടി കാണണം. അമ്മയുടെ ശ്രദ്ധയിൽനിന്നും അച്ഛന്റെ കരുതലിൽനിന്നും അധ്യാപകരുടെയും സുഹൃത്തുക്കളുടെയും ഇടപെടലിൽനിന്നുമാണ് ലഹരിവിരുദ്ധ പ്രതിരോധം ആരംഭിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

ലഹരിക്കെതിരായ പോരാട്ടം ശക്തമാക്കി കേരള പൊലീസ്. 'ഓപ്പറേഷൻ തൂഫാൻ ദി നാർക്കോഹണ്ട്'ന്റെ ഭാഗമായി ഇതുവരെ 10,748 പേരെ അറസ്റ്റ് ചെയ്യുകയും 9,000ത്തിലധികം കേസുകൾ രജിസ്റ്റർ ചെയ്യുകയും 170 കോടിയോളം രൂപയുടെ മയക്കുമരുന്ന് പിടികൂടുകയും ചെയ്തതായി മന്ത്രി വ്യക്തമാക്കി. ലഹരി മാഫിയയുടെ സാമ്പത്തിക ശൃംഖലയിലേക്കും അന്വേഷണം വ്യാപിപ്പിക്കും. കോയമ്പത്തൂരിൽ നിന്ന് 13 കിലോ എം.ഡി.എം.എയും കൊച്ചിയിൽ നിന്ന് 18 കോടിയുടെ ഹൈബ്രിഡ് കഞ്ചാവും പിടികൂടിയത് ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നടന്ന പ്രധാന വേട്ടകളാണ്.

ലഹരി ഇടപാടുകളിൽ നിന്ന് ലഭിക്കുന്ന പണം എവിടെ നിന്നാണ് വരുന്നത്, ആരാണ് നൽകുന്നത്, സാമ്പത്തിക ശൃംഖല എവിടേക്കാണ് നീളുന്നത് തുടങ്ങിയ കാര്യങ്ങളിലേക്കാണ് പൊലീസ് അന്വേഷണം വ്യാപിപ്പിക്കുന്നത്. ഇതിന്റെ ഭാഗമായി നാല് ജില്ലകളിൽ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) പരിശോധന നടത്തുന്നതായും ചെന്നിത്തല പറഞ്ഞു. മയക്കുമരുന്നിന് പിന്നാലെ സ്വർണക്കടത്തുമായി ബന്ധപ്പെട്ട സാമ്പത്തിക ശൃംഖലയിലേക്കും അന്വേഷണം വ്യാപിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

കേസ് രജിസ്റ്റർ ചെയ്യുമ്പോൾ ആരുടെയും മുഖം നോക്കില്ലെന്നും ലഹരി ഇടപാടിൽ ഉൾപ്പെട്ടവർക്ക് രാഷ്ട്രീയ സംരക്ഷണം ഉണ്ടാകില്ല. തലമുറയെ തകർക്കാൻ ശ്രമിക്കുന്ന ലഹരി മാഫിയയുടെ കൈയിൽ വിലങ്ങുവീഴും. രാസലഹരിയാണ് ഇപ്പോൾ കുട്ടികളിലേക്ക് കൂടുതലായി എത്തുന്നത്. ലഹരി മാഫിയയുടെ പ്രവർത്തനരീതികൾ മാറുന്നതിനനുസരിച്ച് പൊലീസ് അന്വേഷണ രീതികളും മാറ്റുകയാണ്. മയക്കുമരുന്ന് വേട്ടയ്ക്കായി ഡോഗ് സ്‌ക്വാഡിന് പ്രത്യേക പരിശീലനം നൽകിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

English Summary

Home Minister Ramesh Chennithala emphasized that the fight against drugs requires individual and family participation, alongside police efforts. Kerala Police's 'Operation Toofan' has resulted in 10,748 arrests, over 9,000 cases, and ₹170 crore worth of drug seizures. Investigations are now expanding to target drug mafia financial networks, with the Enforcement Directorate also conducting inspections.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: OPERATION THOOFAN, DRUG SEIZURE KERALA, KERALA DRUG CASES, 170 CRORE DRUGS SEIZED, LAHARI MARUNNU KERALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA