SignIn
Kerala Kaumudi Online
Friday, 26 June 2026 3.36 PM IST

ലോകത്തിലെ പ്രധാനപ്പെട്ട അക്രമി ജീവികളിലൊന്ന്, താമസം നമ്മുടെ കേരളത്തിലെ ഗ്രാമനഗരങ്ങളിൽ, നശിപ്പിക്കാനിറങ്ങി ജനം

invasive-species-

പയ്യന്നൂർ: നഗരസഭയിലെ വെള്ളൂർ, കിഴക്കുമ്പാട് പ്രദേശങ്ങളിൽ ജനങ്ങൾക്ക് ശല്യമായി ആഫ്രിക്കൻ ഒച്ചുകൾ. ആഫ്രിക്കൻ ഒച്ചിനെ നിർമ്മാർജനം ചെയ്യുന്നതിനായി നാട്ടുകാർ ഒന്നായി രംഗത്ത്. കൗൺസിലർമാരായ സി. ചന്ദ്രൻ, കെ.വി. ജ്യോതി എന്നിവരുടെ നേതൃത്വത്തിൽ ചേർന്ന നാട്ടുകാരുടെ യോഗത്തിൽ, വ്യക്തികൾ സ്വന്തം വീടുകളുടെയും പരിസരങ്ങളുടെയും ശുചീകരണത്തോടൊപ്പം, പൊതുസ്ഥലങ്ങൾ കൂട്ടായ്മയുടെ അടിസ്ഥാനത്തിൽ ഒച്ച് മുക്തമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കുവാൻ തീരുമാനിച്ചു.


വെള്ളൂർ ജനകീയ കലാസമിതി പരിസരത്തും കുടക്കത്ത് ക്ഷേത്ര പരിസരത്തും വാർഡ് കൗൺസിലർ സി. ചന്ദ്രൻ മാസ്റ്ററുടെ നേതൃത്വത്തിൽ ഒച്ച് നിർമ്മാർജന പ്രവർത്തനങ്ങൾ നടത്തി. തെങ്ങ്, വാഴ, പപ്പായ, ചേമ്പ്, ചേന തുടങ്ങിയ കാർഷിക വിളകൾ മുഴുവൻ തിന്ന് നശിപ്പിക്കുന്ന ഇവ രാത്രി ഇരുട്ടി കഴിഞ്ഞാൽ മാത്രമാണ് പുറത്തിറങ്ങുന്നത്. ഇതുകൊണ്ട് തന്നെ ഇവയെ നേരിട്ട് കണ്ടെത്തി നശിപ്പിക്കുന്നതിനു പ്രയാസം നേരിടുന്നുണ്ട്. ഒച്ച് അധികമുള്ള സ്ഥലത്ത് ഒരു കുഴിയെടുത്ത് അതിൽ കാബേജ്, പപ്പായ ഇല തുടങ്ങിയവ നിക്ഷേപിച്ച് ഇവയെ ആകർഷിച്ച് ഉപ്പ്, കുമ്മായം എന്നിവ വിതറിയും, ഇത് കൂടാതെ കോപ്പർ സൾഫേറ്റ്, പുകയില മിശ്രിതം സ്‌പേ ചെയ്തുമാണ് ഇവയെ നശിപ്പിക്കുന്ന പ്രവർത്തനങ്ങൾ നടത്തുന്നതെന്ന് കൗൺസിലർ സി.ചന്ദ്രൻ മാസ്റ്റർ പറഞ്ഞു.


ഒച്ചിനെ നശിപ്പിക്കുന്നത് സംബന്ധിച്ച് പരിസ്ഥിതി പ്രവർത്തകൻ ഇ. ഉണ്ണികൃഷ്ണൻ ബോധവത്കരണ ക്ലാസ് എടുത്തു. കൃഷിക്കും പരിസ്ഥിതിക്കും നാശകരമായ ആഫ്രിക്കൻ ഒച്ചിനെ നശിപ്പിക്കുന്നതിന് പ്രത്യേക ഇടപെടൽ ഉണ്ടാകണമെന്ന് ജനങ്ങൾ ആവശ്യപ്പെട്ടു.

നൂറ് അക്രമി ജീവികളിലൊന്ന്
ലോകത്തിലെ ഭീകരരായ നൂറ് അക്രമി ജീവിവർഗങ്ങളിൽപ്പെട്ട ഭീമൻ ആഫ്രിക്കൻ ഒച്ച് കാർഷികലോകത്തെ വിറപ്പിക്കാൻ മഴക്കാലത്താണെത്തുക. കേരളത്തിലെ പല സ്ഥലങ്ങളും ഇവയുടെ ആക്രമണത്തിൽ വലിയ കൃഷിനാശം സംഭവിക്കുന്നു. വിളകളടക്കമുള്ള വിവിധ സസ്യങ്ങളെ മുച്ചൂടും തിന്നു നശിപ്പിക്കുക മാത്രമല്ല, കുടിവെള്ള സോതസ്സുകൾ, വീടുകളിലെ താരതമ്യേന തണുപ്പും ജലാംശവുമുള്ള സ്ഥലങ്ങൾ എന്നിവിടങ്ങളിൽ കൂട്ടമായെത്തി കാഷ്ഠവും സ്രവവും കൊണ്ട് മലിനമാക്കുകയും ചെയ്യും. ചത്ത ഒച്ചുകൾ ചീയുമ്പോൾ അസഹ്യമായ ദുർഗന്ധമുണ്ടാകും. കാർഷികലോകത്തിനും പരിസ്ഥിതിക്കും ഇവയേൽപ്പിക്കുന്ന ആഘാതം വളരെ വലുതാണ്.

ഉപ്പ്, കുമ്മായം എന്നിവ വിതറിയും, കോപ്പർ സൾഫേറ്റ്, പുകയില മിശ്രിതം സ്‌പേ ചെയ്തുമാണ് ഇവയെ നശിപ്പിക്കുന്ന പ്രവർത്തനങ്ങൾ നടത്തുന്നത്.
കൗൺസിലർ സി.ചന്ദ്രൻ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: AFRICAN SNAIL, RURAL AREAS, CROPS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA