
പത്തനംതിട്ട: വന്യമൃഗങ്ങൾക്ക് ഭക്ഷണമൊരുക്കാൻ വനംവകുപ്പ് കാട്ടിലെറിഞ്ഞ വിത്തുണ്ടകൾ തൈകളായി. ഞാവൽ, കാട്ടുപ്ളാവ്, മാവ്, നെല്ലി, അത്തി, ഇലഞ്ഞി, കറുക തുടങ്ങിയവയാണ് വളർന്നത്. കഴിഞ്ഞവർഷം ജൂണിലാണ് വിത്തിട്ടത്. ചെടികൾ അഞ്ചടിയോളം പൊക്കത്തിൽ വളർന്നു.
ഇവയ്ക്ക് ചുറ്റുമുള്ള കള നീക്കിത്തുടങ്ങി. വിത്തുണ്ടയിട്ട സ്ഥലങ്ങളുടെ വിവരം വനംവകുപ്പിലുണ്ട്. ഇതുപയോഗിച്ചാണ് തൈകൾ കണ്ടെത്തുന്നത്. ഒരു വിത്തുണ്ടയിൽ നിന്ന് രണ്ടു തൈകളെങ്കിലും വളരുമെന്നാണ് പ്രതീക്ഷ. വിതറിയ വിത്തുണ്ടകളിൽ 40 ശതമാനവും പൂർണ വളർച്ചയിൽ എത്തുമെന്നാണ് പ്രതീക്ഷ.
മണ്ണും കമ്പോസ്റ്റ് വളവും കുഴച്ചുരുട്ടി ഫലവൃക്ഷങ്ങളുടെയും പുല്ലുകളുടെയും വിത്തുകൾ വച്ചാണ് വിത്തുണ്ടകൾ തയ്യാറാക്കുന്നത്. കൈതച്ചക്കയുടെയും ചക്കയുടെയും മണംപിടിച്ചാണ് കാട്ടാനകൾ ജനവാസമേഖലയിലിറങ്ങുന്നത്.
അതേസമയം കാട്ടിൽ ഫലവൃക്ഷം വളർത്തിയതുകൊണ്ടു മാത്രം വന്യമൃഗങ്ങൾ ജനവാസമേഖലയിലേക്ക് ഇറങ്ങുന്നത് തടയാനാകില്ലെന്ന് ഒരുവിഭാഗം ഉദ്യോഗസ്ഥർ പറയുന്നത്. തൂക്കുവേലി, കിടങ്ങ്, കൽക്കെട്ട്, ജൈവവേലി, ട്രെയിൻ പാളം കൊണ്ടുള്ള വേലികൾ തുടങ്ങിയവയും ആവശ്യമാണ്.
നാല് ലക്ഷം വിത്തുണ്ടകൾ
സംസ്ഥാനത്തെ 36 വനം ഡിവിഷനുകളിലായി നാലുലക്ഷം വിത്തുണ്ടകളാണിട്ടത്. വനസംരക്ഷണ സമിതികൾ, പരിസ്ഥിതി ക്ളബുകൾ, സ്കൂൾ, കോളേജ് വിദ്യാർത്ഥികൾ, എസ്.പി.സി, എൻ.സി.സി, ഹരിതകർമ്മ സേന എന്നിവരുടെ പങ്കാളിത്തത്തോടെ തയ്യാറാക്കിയതിനാൽ വലിയ ചെലവുമുണ്ടായില്ല.
വിത്തുണ്ട പദ്ധതി ഫലപ്രദമാണ്. 40 ശതമാനത്തിലധികം വിത്തുകൾ വളർന്നു.
വനംവകുപ്പ് അധികൃതർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |