കൊച്ചി: മിനി കൂപ്പർ പാഞ്ഞുകയറി മൂന്ന് പേർ മരിച്ച സംഭവത്തിൽ കൂടുതൽ നടപടികളിലേക്ക് കടന്ന് പൊലീസ്. അപകടസമയം സുഹൈലിനൊപ്പം മിനികൂപ്പറിലുണ്ടായിരുന്ന രണ്ടുപേർ മറ്റൊരു വാഹനത്തിൽ കയറി രക്ഷപ്പെട്ടിരുന്നു. ഇവരെ ആലപ്പുഴ പൊലീസിന്റെ സഹായത്തോടെയാണ് കസ്റ്റഡിയിലെടുത്തതെന്ന് നെടുമ്പാശേരി എസ്എച്ച്ഒ വ്യക്തമാക്കി. സുഹൈലിനൊപ്പമുണ്ടായിരുന്ന മൂന്ന് പേർക്കെതിരെയും പൊലീസ് പ്രേരണാകുറ്റം ചുമത്തി കേസ് രജിസ്റ്റർ ചെയ്‌തിട്ടുണ്ട്. നിനവ്, അമീർ, ജോയൽ എന്നിവർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.
ശനിയാഴ്‌ച ഉച്ചമുതൽ സുഹൈലിനൊപ്പമുണ്ടായിരുന്ന സുഹൃത്ത് നിനവാണ് കേസിലെ രണ്ടാം പ്രതി. നിനവിന്റെ സുഹൃത്തുക്കളായ അമീറും ജോയലും തങ്ങളുടെ മറ്റൊരു സുഹൃത്തിനെ കൂട്ടാനായാണ് വിമാനത്താവളത്തിൽ എത്തിയത്. എന്നാൽ വിമാനമെത്താൻ വൈകുമെന്നറിഞ്ഞതോടെ അതുവഴി വന്ന സുഹൈലിനൊപ്പം മിനികൂപ്പറിൽ ഒരു റൈഡ് പോകാൻ തീരുമാനിക്കുകയായിരുന്നു. ഇവരൊന്നിച്ച് ബാറിൽ പോയി മദ്യപിച്ചതിനുശേഷമാണ് അമിതവേഗത്തിൽ കാറിൽ പാഞ്ഞത്. സുഹൈലും നിനവും നേരത്തെതന്നെ രണ്ട് ബാറുകളിൽനിന്നായി മദ്യപിച്ചിട്ടുണ്ടായിരുന്നു.
കസ്റ്റഡിയിലുള്ള ജോയലിനെയും അമീറിനെയും അപകടസ്ഥലത്തെത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തി. വാഹനം അമിതവേഗത്തിലായിരുന്നെന്ന് ഇരുവരും സമ്മതിച്ചിട്ടുണ്ട്. അപകടവുമായി ബന്ധപ്പെട്ട ശാസ്‌ത്രീയ തെളിവുകൾ ശേഖരിക്കുന്നതിന്റെ ഭാഗമായി മിനിക്കൂപ്പറിന്റെ ഇഡിആർ എടുക്കാനാണ് പൊലീസിന്റെ നീക്കം. വാഹനങ്ങളിൽ ഘടിപ്പിച്ചിട്ടുള്ള ഒരു സുരക്ഷാ ഉപകരണമാണ് ഇഡിആർ. വാഹനാപകടങ്ങൾ നടക്കുമ്പോൾ അതിന് തൊട്ടുമുൻപും ശേഷവും നടന്ന പ്രധാനപ്പെട്ട വിവരങ്ങൾ ഈ ഉപകരണങ്ങളിൽ ശേഖരിച്ച് വച്ചിട്ടുണ്ടാകും.
Police detain two more in the Kochi Mini Cooper crash that killed three, as the probe intensifies.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |