തിരുവനന്തപുരം: സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർ വ്യക്തികൾക്കുമായി സംസ്ഥാന സർക്കാർ നടപ്പാക്കിയ കെ.എസ്.ആർ.ടി.സിയുടെ പ്രിയദർശിനി സൗജന്യ യാത്രാപദ്ധതിക്ക് വൻനേട്ടം. സെപ്തംബർ മാസത്തിലെ സൗജന്യ യാത്രാ പദ്ധതിയുടെ ചെലവിനായി മാത്രം 88.23 കോടി രൂപ സർക്കാർ അനുവദിച്ചു. ഇതുവരെ പദ്ധതിക്കായി 298.63 കോടി രൂപ അനുവദിച്ചു. സെപ്തംബറിൽ മാത്രം 4.16 കോടി സൗജന്യയാത്രകൾ പ്രിയദർശിനിയിൽ നടന്നു. ആഗസ്റ്റിനെ അപേക്ഷിച്ച് 44.28 ലക്ഷം യാത്രകളുടെ വർദ്ധനയാണ് ഉണ്ടായത്. ജൂൺ 15നാണ് പദ്ധതി ആരംഭിച്ചത്.
സ്തീകളുടെ യാത്രാചെലവ് കുറയ്ക്കാനും അവരുടെ സാമ്പത്തിക സുരക്ഷയ്ക്ക് പിന്തുണ നൽകാനും പദ്ധതി വലിയ ആശ്വാസമായി മാറുകയാണെന്ന് സർക്കാർ അറിയിച്ചു. സൗജന്യയാത്രയുടെ ചെലവ് സർക്കാർ വഹിക്കുന്നതിനാൽ യാത്രക്കാർക്ക് സാമ്പത്തിക ബാദ്ധ്യത ഉണ്ടാകില്ലെന്നും സർക്കാർ വ്യക്‌തമാക്കി.
അതേസമയം പ്രിയദർശിനി പദ്ധതി മൂലം ഉണ്ടായ നഷ്ടത്തിൽ സർക്കാർ പരിഹാരം കാണാത്തതിൽ പ്രതിഷേധിച്ച് സ്വകാര്യ ബസുടമകൾ നവംബർ മൂന്നുമുതൽ സമരം പ്രഖ്യാപിച്ചു. സ്വകാര്യ ബസുടമകൾ സെക്രട്ടേറിയറ്റിന് മുന്നിൽ അനിശ്ചിത കാല നിരാഹാര സമംരം ആരംഭിക്കുമെന്നും പ്രഖ്യാപിച്ചു. വിഷയത്തിൽ മുഖ്യമന്ത്രിയെ അടക്കം നേരിട്ട് കണ്ടിട്ടും അനുകൂല നിലപാട് ഉണ്ടായില്ലെന്നാണ് പരാതി. ഈ സാഹചര്യത്തിലാണ് നിരാഹാര സമരത്തിലേക്ക് കടക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |