തിരുവനന്തപുരം: പാലക്കാട് റെയിൽവേ ഡിവിഷനിൽ നിന്ന് മംഗളൂരു വേർപെടുത്തിയതിന് പിന്നാലെ സംസ്ഥാനത്തെ ഡിവിഷനുകൾ വീണ്ടും വിഭജിച്ചേക്കുമെന്ന് ആശങ്ക ഉയരുന്നുണ്ടെങ്കിലും, ഇതുസംബന്ധിച്ച നിർദ്ദേശങ്ങളൊന്നും നിലവിലില്ലെന്ന് റെയിൽവേ ഡിവിഷണൽ അധികൃതർ.
ഭരണസൗകര്യവും വികസനസാദ്ധ്യതകളും വിലയിരുത്തിയാണ് ഡിവിഷനുകൾ വിഭജിക്കുകയും കൂട്ടിച്ചേർക്കുകയും പുതിയവ രൂപകരിക്കുകയും ചെയ്യുന്നത്. മംഗളരുവിലെ സ്റ്റേഷനുകൾ മൈസൂരു ഡിവിഷനിലേക്ക് മാറ്റിയത് വികസനസാദ്ധ്യതകൾ വിലയിരുത്തിയാണ്. കർണാടകത്തിലെ റെയിൽവേ വികസനത്തിന് സംസ്ഥാന സർക്കാർ ഫണ്ട് വിനിയോഗിക്കാറുണ്ട്. കേരളത്തിലെ റെയിൽവേ വികസനത്തിന് പണം കണ്ടെത്താൻ സർക്കാർ വിഷമിക്കുകയാണ്. പാലക്കാട് ഡിവിഷൻ്റെ ഭൂരിഭാഗം പ്രദേശങ്ങളും കേരളത്തിലായതിനാൽ ഡിവിഷനിലെ വികസനപ്രവർത്തനങ്ങൾക്ക് വേഗം പോരെന്നും മംഗളൂരുവിലെ റെയിൽവേ വികസനം പ്രതിസന്ധിയിലാണെന്നുമായിരുന്നു കർണാടകത്തിലെ ജനപ്രതിനിധികളുടെ പരാതി.
ഇത് കണക്കിലെടുത്താണ് മംഗളൂരുവിനെ മൈസൂരിലേക്ക് കൂട്ടിച്ചർത്തത്.
ഭാവിയിൽ കൊങ്കൺ റെയിൽവേ കോർപറേഷനെ ഇന്ത്യൻ റെയിൽവേ ഏറ്റെടുക്കുന്ന സാഹചര്യത്തിൽ മംഗളൂരുവിലെ റെയിൽവേ ഭരണസംവിധാനത്തിൽ വീണ്ടും മാറ്റമുണ്ടാകും. സമാനപ്രശ്നങ്ങൾ പാലക്കാട്, തിരുവനന്തപുരം റെയിൽവേ ഡിവിഷനുകളുടെ കീഴിലുള്ള പൊള്ളാച്ചി,നാഗർകോവിൽ,കന്യാകുമാരി പ്രദേശങ്ങൾക്കുണ്ടെങ്കിലും വികസന ആവശ്യങ്ങൾ പരാതികളില്ലാതെ കൈകാര്യം ചെയ്യാനാകുന്നുണ്ട്. തിരുവനന്തപുരം നഗരത്തെ കേന്ദ്രമാക്കി നാഗർകോവിൽ, ചെങ്കോട്ട റെയിൽപ്പാതകളുടെ വികസനവും അതിവേഗത്തിൽ നടക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ ഇവിടെ ഭരണപരമായോ, വികസനപരമായോ ഡിവിഷൻ പുനക്രമീകരണത്തിന്റെ ആവശ്യം വരുന്നില്ല. ഇക്കാര്യത്തിൽ തമിഴ്നാട്ടിലെ ജനപ്രതിനിധികൾ പരാതികളുന്നയിച്ചിട്ടുമില്ല. പാലക്കാട് ഡിവിഷൻ നേരത്തെ വിഭജിച്ച് കുറച്ചുഭാഗങ്ങൾ സേലം ഡിവിഷനിലേക്ക് ചേർത്തത് ഭരണസൗകര്യം പരിഗണിച്ചായിരുന്നു. സമാനസാഹചര്യം പൊള്ളാച്ചി സ്റ്റേഷനിൽ ഇല്ലെന്നാണ് വിലയിരുത്തൽ. പൊള്ളാച്ചി പാതയിലൂടെ പരമാവധി ട്രെയിനുകൾ ഇപ്പോൾ സർവ്വീസ് നടത്തുന്നുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |