
തിരുവനന്തപുരം: ദുർബലമായ തെക്കുപടിഞ്ഞാറൻ കാലവർഷം ശനിയാഴ്ച മുതൽ ശക്തമാകും. കേരളത്തിലേക്കുള്ള പടിഞ്ഞാറൻകാറ്റ് ശക്തിപ്രാപിക്കുന്നതോടെ വ്യാപക മഴലഭിക്കുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ വിലയിരുത്തൽ.ഒരാഴ്ചവരെ സജീവമായി തുടരാനാണ് സാദ്ധ്യത.
ജൂൺ ആദ്യവാരം കാലവർഷമെത്തിയെങ്കിലും ദിവസങ്ങൾക്കകം ദുർബലമായിരുന്നു. വേനൽക്കാലത്തിന് സമാനമായി മിക്ക ജില്ലകളിലും അന്തരീക്ഷം ചൂടുപിടിക്കുകയും വൈദ്യുതി ഉപഭോഗവും വർദ്ധിക്കുകയും ചെയ്തു. ഇത് വൈദ്യുതി നിയന്ത്രണത്തിന് കാരണമായി. വൈദ്യുതി ഉപഭോഗം കുറയുമെന്നും ഡാമുകളിലെ ജലനിരപ്പ് ഉയരുമെന്നും പ്രതീക്ഷവച്ച കെ.എസ്.ഇ.ബിയാണ് പ്രതിസന്ധിയിലായത്.
തെക്കൻ കേരളത്തെ അപേക്ഷിച്ച് വടക്കൻ ജില്ലകളിൽ സാമാന്യം ശക്തമായ മഴ ലഭിച്ചേക്കും. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ശനിയാഴ്ച യെല്ലോ അലർട്ടാണ്. ഞായറാഴ്ച തിരുവനന്തപുരം, കൊല്ലം ഒഴികെ എല്ലാ ജില്ലകളിലും കനത്ത മഴയ്ക്ക് സാദ്ധ്യതയുണ്ട്. തിങ്കളാഴ്ച ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാദ്ധ്യതയുള്ളതിനാൽ കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ശനി മുതൽ തിങ്കൾ വരെ കേരള-കർണ്ണാടക-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിനും വിലക്കുണ്ട്.
മഴ കുറവ് 33%
ജൂൺ ഒന്നു മുതൽ 25 വരെ സംസ്ഥാനത്ത് മഴയുടെ അളവിൽ 33 ശതമാനത്തിന്റെ കുറവുണ്ടായി. 532.5 മി.മീ മഴ പ്രതീക്ഷിച്ചെങ്കിലും 355.6 മി.മീ മഴയാണ് ലഭിച്ചത്. വയനാടായിരുന്നു ഏറ്റവും കുറവ് . 67 ശതമാനമാണ് കുറഞ്ഞത്. പത്തനംതിട്ട, മലപ്പുറം, കോട്ടയം ഒഴികെ എല്ലാ ജില്ലകളിലും ഗണ്യമായ കുറവുണ്ടായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |