SignIn
Kerala Kaumudi Online
Friday, 12 June 2026 2.17 AM IST

സംരംഭകന് വഴിതുറന്നത് കേരളകൗമുദി , പത്താം ക്ളാസുകാരന്റെ വിറ്റുവരവ് 50 കോടി, പുതിയ പ്ളാന്റ് ആറു മാസത്തിനകം

josh
ജോഷി തോമസും കുടുംബവും

കൊച്ചി: വ്യവസായസംരംഭം ആരംഭിക്കാൻ ഒരുവർഷം താലൂക്ക് ഓഫീസ് കയറിയിറങ്ങിയ പാലക്കാട്ടെ ജോഷി തോമസിന് ഒറ്റദിവസം കൊണ്ട് രേഖകൾ ലഭ്യമാകാൻ വഴിതെളിച്ചത് കേരളകൗമുദിയാണ്. കേരളകൗമുദിയുടെ 115-ാം വാർഷികാഘോഷം ഉദ്ഘാടനം ചെയ്‌ത മുഖ്യമന്ത്രി വി.ഡി. സതീശന്റെ പ്രസംഗത്തിന്റെ വീഡിയോ കേരളകൗമുദിയുടെ ഫേസ്ബുക്ക് പേജിൽ പോസ്‌റ്റ് ചെയ്‌തിരുന്നു. ഇതിന് ജോഷി എഴുതിയ കമന്റാണ് ഇടപെടലിന് കാരണമായത്.

തിരുവനന്തപുരം ഹോട്ടൽ ലെമൺ ട്രീ പ്രീമിയറിലെ ചടങ്ങിൽ മുഖ്യമന്ത്രിയുമായി സംവദിക്കാൻ സംരംഭകർക്ക് അവസരം ഒരുക്കിയിരുന്നു. നിംസ് മെഡിസിറ്റി മാനേജിംഗ് ഡയറക്‌ടർ എം.എസ്. ഫൈസൽ ഖാന്റെ ചോദ്യത്തിന്, ഒരു സംരംഭകനെയും ശത്രുവായി കാണില്ലെന്ന മുഖ്യമന്ത്രിയുടെ മറുപടിയാണ് ജോഷിക്ക് പ്രചോദനമായത്. സ്ഥലത്തിന്റെ സ്‌കെച്ച് ലഭിക്കാൻ താലൂക്ക് ഓഫീസിൽ കയറിയിറങ്ങുന്നതിനെക്കുറിച്ചാണ് കമന്റിൽ വിവരിച്ചത്. ഞായറാഴ്‌ച കമന്റിട്ടതിന് പിന്നാലെ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെടുകയും സ്‌കെച്ച് ലഭ്യമാക്കുകയും ചെയ്‌തു.

സഹായിയിൽ നിന്ന്

സംരംഭകനിലേക്ക്

പത്താം വയസിൽ മാതാപിതാക്കളെ നഷ്‌ടപ്പെട്ട ജോഷി 1991ൽ പത്താംക്ളാസ് പാസായ ശേഷം ബന്ധുവിന്റെ കടയിൽ സഹായിയായി. റബർ സൊല്യൂഷന് വലിയ ഡിമാൻഡ് കണ്ടപ്പോൾ കാലടിയിൽ ചെറിയ നിർമ്മാണ യൂണിറ്റ് തുറന്നു. പച്ചപിടിച്ചപ്പോഴേക്കും മലിനീകരണം പറഞ്ഞ് 2011ൽ പഞ്ചായത്ത് പൂട്ടിച്ചു. കുടുംബം പോറ്റാൻ ഡ്രൈവറായി. പിന്നീട് പാലക്കാട്ടെത്തി പൂട്ടിക്കിടന്ന തിന്നർ നിർമ്മാണ കമ്പനി ഏറ്റെടുക്കാൻ ശ്രമിച്ചു. കേന്ദ്ര സർക്കാരിന്റെ സ്റ്റാൻഡപ് ഇന്ത്യ പദ്ധതിയിൽ വനിതകൾക്ക് വായ്‌പ ലഭിക്കുമെന്നറിഞ്ഞ് ഭാര്യ സൗമ്യയുടെ പേരിൽ അപേക്ഷിച്ചു. ഒരുകോടി രൂപ നിക്ഷേപത്തിൽ സൗമ്യ പോളിമേഴ്സ് ആരംഭിച്ചു. നൂറിലേറെ പെയിന്റ്, അനുബന്ധ ഉത്പന്നങ്ങൾ 'ഫ്ളവേഴ്സ് " ബ്രാൻഡിൽ വിപണിയിലുണ്ട്. 50 കോടിയാണ് വിറ്റുവരവ്. രണ്ടാമത്തെ യൂണിറ്റിന് വാങ്ങിയ 70 സെന്റാണ് ഉദ്യോഗസ്ഥരുടെ ഉടക്കിൽ കുടങ്ങിയത്. ആറു മാസത്തിനകം അലൻ പോളിമേഴ്സ് എന്ന പുതിയ പ്ളാന്റ് സജ്ജമാക്കും. മക്കൾ: അനറ്റ് മരിയ, അൽന മരിയ, അലീന മരിയ, അലൻ ജോഷി.

മുഖ്യമന്ത്രി പറഞ്ഞത്

''കച്ചവടക്കാർ, ബിസിനസുകാർ, വ്യാപാരികൾ ഇവരെല്ലാം സർക്കാരിന്റെ മിത്രങ്ങളാണ്. ഞാനവരെ കാണുന്നത് മാന്യരായ നികുതിദായകരായാണ്. സംരംഭകരുടെ പ്രശ്നങ്ങൾ ഏതുസമയത്തും സർക്കാരിന് മുമ്പാകെ അവതരിപ്പിക്കാം. പരിഹാരമുണ്ടാക്കും."

ചേംബർ ഒഫ്കോമേഴ്സ് ആൻഡ് ഇൻഡസ്ട്രീസ് ചെയർമാൻ ഡോ.ബിജു രമേശ്, ജ്യോതിസ് ഗ്രൂപ്പ് ഒഫ് സ്കൂൾസ് ചെയർമാൻ ജ്യോതിസ് ചന്ദ്രൻ, പി.ആർ.എസ് ഹോസ്പിറ്റൽ ജോയിന്റ് മാനേജിംഗ് ഡയറക്ടർ ഡോ.മിഥുൻ രത്തൻ മുരുകൻ എന്നിവരുടെ ചോദ്യങ്ങൾക്കും മറുപടി നൽകിയിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: FLOWERS, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA