SignIn
Kerala Kaumudi Online
Monday, 17 August 2026 2.42 AM IST

'ഞങ്ങൾ പറയുന്ന ചോദ്യമേ വരൂ": ഓണപ്പരീക്ഷയിലും ഓൺലൈൻ തരികിട

READ ENGLISH VERSION

school-exam-
സ്കൂൾ പരീക്ഷ

തിരുവനന്തപുരം: 'സ്‌കൂൾ ഓണപ്പരീക്ഷയ്ക്ക് ഞങ്ങൾ പറയുന്ന ചോദ്യങ്ങളേ ചോദിക്കൂ. നാളെ വരുന്ന ചോദ്യപേപ്പർ ഇതുതന്നെയായിരിക്കും. ഇത് മാത്രം പഠിച്ചാൽ മതി. ചോദ്യപേപ്പർ ഞങ്ങൾ തരാം".- ഇത്തരം വ്യാജ വാഗ്ദാനങ്ങളിലൂടെ വിദ്യാർത്ഥികളുടെ പഠിക്കാനുള്ള താത്പര്യം ഇല്ലാതാക്കുന്ന

വീഡിയോകൾ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ നിറയുന്നു. ഇവയ്‌ക്കെതിരെ നടപടിയാവശ്യപ്പെട്ട് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ ഓഫീസ് പൊലീസ് മേധാവിക്ക് പരാതി നൽകി. മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എച്ച്.നിസാറാണ് പരാതി നൽകിയത്. വ്യാജ അവകാശവാദങ്ങളിൽ വീഴാതിരിക്കാൻ ഔദ്യോഗിക മുന്നറിയിപ്പ് നൽകണമെന്നും പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

എഡ്യുപോസ്റ്റ് എന്ന പേരിൽ സൃഷ്ടിച്ച അക്കൗണ്ടുകളിലൂടെയാണ് പ്രധാനമായും വ്യാജപ്രചരണം നടക്കുന്നത്. ഇൻസ്റ്റഗ്രാം, യൂട്യൂബ് തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ നിരവധി അദ്ധ്യാപകരും വിദ്യാഭ്യാസ ചാനലുകളുമാണ് ക്ലാസുകൾ നൽകുന്നത്. ഇതിന്റെ മറവിലാണ് ചോദ്യപേപ്പറിന്റെ ഉള്ളടക്കം ചോർന്നുവെന്ന വീഡിയോകൾ എത്തുന്നത്. വിദ്യാർത്ഥികളുടെ വിവരശേഖരണത്തിനായി ഇത് ഉപയോഗിക്കുന്നതായും സംശയമുണ്ട്.

ആഗസ്റ്റ് പതിമൂന്നിനാണ് പരീക്ഷ തുടങ്ങിയത്. ഓരോ പരീക്ഷയുടെയും തലേദിവസമാണ് ആ വിഷയത്തിന്റെ ചോദ്യങ്ങൾ തരാമെന്ന വാഗ്ദാനവുമായി ഇൻസ്റ്റാഗ്രാമിലടക്കം വീഡിയോകൾ പ്രത്യക്ഷപ്പെടുന്നത്. ചോദ്യം ലഭിക്കാൻ തങ്ങളുടെ ചാനൽ സബ് സ്ക്രൈബ് ചെയ്യണമെന്ന് മാത്രമാണ് ആവശ്യപ്പെടുന്നത്. പണം മുടക്കേണ്ടാത്തതിനാൽ കുട്ടികൾ വഴങ്ങും. പരീക്ഷയുടെ തലേദിവസം ലഭിക്കുന്ന ചോദ്യത്തിനായി കാത്തിരിക്കുന്ന പ്രവണത വിദ്യാർത്ഥികളിൽ സൃഷ്ടിക്കുന്നു.

വിദ്യാർത്ഥികളിൽ തെറ്റായ പ്രതീക്ഷയും പരീക്ഷയെക്കുറിച്ച് തെറ്റിദ്ധാരണയും ഇതുണ്ടാക്കുന്നുവെന്നാണ് സർക്കാർ വിലയിരുത്തൽ. പഠനത്തെയും പരീക്ഷയുടെ വിശ്വസ്യതയെയും നേരിട്ട് ബാധിക്കുന്നതിനാൽ അടിയന്തര ഇടപെടൽ നടത്തണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

നിയമനടപടി സ്വീകരിക്കണം
1.ഉള്ളടക്കത്തിന്റെ യാഥാർത്ഥ്യം പരിശോധിച്ച് നിയമാനുസൃത നടപടി എടുക്കണമെന്നാണ് പൊലീസിനോട് ആവശ്യപ്പെട്ടിരിക്കുന്നത്
2.തെറ്റിദ്ധരിപ്പിക്കുന്ന സോഷ്യൽ മീഡിയ ചാനലുകളെക്കുറിച്ച് അന്വേഷിക്കണം. കടുത്ത നടപടിയെടുക്കുമെന്ന് മുന്നറിയിപ്പ് നൽകണം.

3. വിദ്യാർത്ഥികളുടെ വ്യക്തിഗത വിവരങ്ങൾ ശേഖരിക്കുന്നതിനായി ഉപയോഗിക്കുന്നുണ്ടോയെന്ന് പരിശോധിക്കണം.

4. അദ്ധ്യാപകർ നടത്തുന്ന സാധാരണ പഠന ക്ലാസുകൾക്ക് തടസമുണ്ടാകാത്തവിധം വ്യാജ പ്രചരണം നിയന്ത്രിക്കണം

'വീഡിയോകളിൽ വന്നിട്ടുള്ള എല്ലാ കാര്യങ്ങളും വ്യാജമാണ്. അന്വേഷണം നടക്കട്ടെ. സർക്കാർ ഗൗരവമായാണ് ഇക്കാര്യം കാണുന്നത്. പ്രഥമദൃഷ്ട്യാ കണ്ടെത്തിയ കാര്യങ്ങളിലാണ് പരാതി നൽകിയത്. മറ്റെന്തിലും ഉണ്ടോയെന്ന് അന്വേഷണത്തിൽ കണ്ടെത്തും".

- എൻ. ഷംസുദ്ദീൻ,

പൊതുവിദ്യാഭ്യാസ മന്ത്രി

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ONAMEXAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA