
തിരുവനന്തപുരം: ശബരിമലയിൽനിന്ന് 2019ൽ സ്വർണ്ണപ്പാളികൾ കടത്തിക്കൊണ്ടുപോയി സ്വർണം കവർന്ന കേസിനൊപ്പം പി.എസ്.പ്രശാന്ത് പ്രസിഡന്റായിരുന്ന 2025 ലെ ക്രമക്കേടുകൾ കൂടി അന്വേഷിച്ച് അധിക കുറ്റപത്രം സമർപ്പിക്കാൻ ആലോചന.
പുതിയ കേസ് എടുക്കുകയോ, അധിക കുറ്റപത്രം നൽകുകയോ ചെയ്യാമെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.
എ.ഡി.ജി.പി എച്ച് വെങ്കിടേശിന്റെ നേതൃത്വത്തിൽ കോടതി ഉത്തരവ് പരിശോധിക്കും. ഹൈക്കോടതിയിൽ ഹാജരായ അന്വേഷണ ഉദ്യോഗസ്ഥൻ എസ്.പി ശശിധരനും ഈ യോഗത്തിൽ പങ്കെടുക്കും. അന്വേഷണം ഏതു തരത്തിൽ വേണമെന്ന് ഈ യോഗത്തിൽ തീരുമാനമെടുക്കും.
ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് രണ്ടു കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇതിൽ കട്ടിളപ്പാളി കേസിൽ അന്വേഷണം പൂർത്തിയായി. 2025 ൽ പി.എസ്.പ്രശാന്ത് പ്രസിഡന്റായിരുന്ന കാലത്തുള്ള ക്രമക്കേടുകളിൽ മൂന്നാമതൊരു കേസ് രജിസ്റ്റർ ചെയ്താൽ കുറ്റപത്രം വൈകുമെന്നൊരു വാദമുണ്ട്. ജൂലായ് 30 വരെയാണ് അന്വേഷണത്തിന് ഹൈക്കോടതി സമയം അനുവദിച്ചിട്ടുള്ളത്. ദ്വാരപാലക ശില്പത്തിന്റെ കാല് പൊട്ടിയതിന്റെ പേരിൽ സ്വർണപ്പാളി കടത്താൻ 2021 മുതൽ ഗൂഢാലോചന തുടങ്ങിയെന്നാണ് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയിട്ടുള്ളത്. ക്രിമിനൽ ഗൂഢാലോചന, വിശ്വാസ വഞ്ചന, വ്യാജ രേഖ ചമയ്ക്കൽ എന്നിവ നടന്നതായാണ് അന്വേഷണ സംഘം ഹൈക്കോടതിയെ അറിയിച്ചത്.
ശബരിമലയിൽ നിന്നു ശേഖരിച്ച സാമ്പിളുകളിൽ ഒരെണ്ണത്തിന്റെ ശാസ്ത്രീയ പരിശോധനാ ഫലം ലഭിക്കാനുണ്ട്. ജംഷഡ്പൂരിലെ നാഷണൽ മെറ്റലർജിക്കൽ ലാബിൽ നിന്നും ഈ ഫലം ലഭിച്ചാലുടൻ തന്നെ ഇപ്പോൾ നടക്കുന്ന അന്വേഷണം പൂർത്തിയാക്കാൻ കഴിയും. ഇതിനു സമാന്തരമായി 2025ലെ കേസും അന്വേഷിക്കാനാണ് നീക്കം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |