SignIn
Kerala Kaumudi Online
Saturday, 26 September 2026 7.11 PM IST

മത വിദ്വേഷത്തിനെതിരായ യോഗ നിലപാട് മാതൃക : മന്ത്രി സജി ചെറിയാൻ

saji-cheriyan

ചേർത്തല : മതവിദ്വേഷവും വെറുപ്പും സമൂഹത്തിൽ വളർത്തുന്നതിനെതിരെ ശ്രീനാരായണ ദർശനം ഉയർത്തിപ്പിടിച്ച് എസ്.എൻ.ഡി.പി യോഗം കൈക്കൊണ്ട നിലപാടുകൾ മാതൃകാപരമാണെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ ധന്യസാരഥ്യ രജത ജൂബിലിയുടെ ഭാഗമായി യോഗം ,എസ്.എൻ ട്രസ്​റ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അദ്ധ്യാപകരും ജീവനക്കാരും ചേർന്ന് നിർമ്മിച്ചു നൽകുന്ന 32 ഭവനങ്ങളുടെ താക്കോൽദാന സമ്മേനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

ജാതിയുടെയും മതത്തിന്റെയും പേരിലെ വിവേചനവും അടിച്ചമർത്തലും ഭ്രാന്താലയമാക്കിയ കേരളത്തെ ഇന്നത്തെ ഉന്നതിയിലേക്ക്‌ ഉയർത്തിയതിൽ ശ്രീനാരായണഗുരുവിന്റെ ഇടപെടൽ പ്രധാനമാണ്‌. അന്ധവിശ്വാസവും അനാചാരവും അവസാനിപ്പിക്കുക മാത്രമല്ല, മനുഷ്യസ്‌നേഹം വളർത്തുക കൂടി​യാണ് ഗുരുദേവ ദർശനം സാദ്ധ്യമാക്കിയത്‌. യോഗവും, ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും മഹത്തായ പാരമ്പര്യം കാത്തുസൂക്ഷിക്കുന്നതിന്റെ തെളിവാണ്‌ മതവിദ്വേഷം വളർത്താനുള്ള നീക്കങ്ങൾക്കെതിരെ ധീരതയോടെ പ്രതികരിച്ചത്. സമ്പൂർണ പാർപ്പിടമെന്ന ലക്ഷ്യം കൈവരിക്കാനുള്ള സർക്കാരിന്റെ പദ്ധതിക്ക് യോഗത്തിന്റെ പൂർണ സഹകരണം ഉണ്ടാകണം. ആധുനിക വിദ്യാഭ്യാസത്തെക്കുറിച്ച് ഗുരു ചിന്തിച്ച ആശയങ്ങളാണ് ഇന്നും നടപ്പാക്കുന്നത്. അതിന്റെ പൂർത്തീകരണത്തിന് കഴിഞ്ഞ 25 വർഷമായി വെള്ളാപ്പള്ളി നടേശന്റെ നേതൃത്വം പ്രതിജ്ഞാബദ്ധമായാണ് മുന്നേറുന്നത്. ക്രൈസ്തവ കുടുംബത്തിൽ പിറന്നെങ്കിലും കർമ്മം കൊണ്ട് ഈഴവനാണെന്ന ജനറൽ സെക്രട്ടറിയുടെ പ്രസ്താവന തനിക്ക് അഭിമാനമാണെന്നും മന്ത്രി പറഞ്ഞു.

പി.സി.ജോർജ് ബി.ജെ.പിക്ക്

നഷ്ടക്കച്ചവടം : വെള്ളാപ്പള്ളി

പി.സി.ജോർജിന്റെ വരവ് ബി.ജെ.പിക്ക് നഷ്ടക്കച്ചവടമാണെന്നും, മതസൗഹാർദ്ദത്തെപ്പറ്റി പറയാൻ ജോർജിന് അവകാശമില്ലെന്നും താക്കോൽ ദാനം നിർവഹിച്ച യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.അഹങ്കാരത്തിന്റെ മൂർത്തീഭാവമാണ് ജോർജ്. നിലപാട‌ില്ലാത്ത ജോർജിനെ എൽ.ഡി.എഫിനും യു.ഡി.എഫിനും വേണ്ടാതായി. .

യോഗത്തിന്റെ നിയമാവലി പരിഷ്കരി​ക്കണമെന്ന ഹൈക്കോടതി വിധി സ്വാഗതം ചെയ്യുന്നു. 120 വർഷം പഴക്കമുള്ളതാണ് നിയമാവലി. 21 വർഷം മുമ്പുള്ള കേസി​ലെ വിധി വെള്ളാപ്പള്ളിക്ക് തിരിച്ച‌ടിയാണെന്ന് ചില മാദ്ധ്യമങ്ങളി​ലും സമൂഹ മാദ്ധ്യമങ്ങളിലും പ്രചരിപ്പിക്കുന്നുണ്ട്. താൻ അവിടെ ഇരുന്നോളൂവെന്നാണ് കോടതിയുടെ നിർദ്ദേശം. ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് തന്നെ മാറ്റണമെന്ന ആവശ്യം കോടതി തള്ളിക്കളഞ്ഞതാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.

മനുഷ്യ സ്നേഹം ഉയർത്തിപ്പിടിക്കുന്ന പ്രവർത്തന ശൈലിയാണ് വെള്ളാപ്പള്ളിയെ വ്യത്യസ്തനാക്കുന്നതെന്ന് അദ്ധ്യക്ഷത വഹിച്ച പി.പി.ചിത്തരഞ്ജൻ എം.എൽ.എ പറഞ്ഞു. ആർക്കും കയറി കൊട്ടാവുന്ന വഴിയിൽ കിടക്കുന്ന ചെണ്ടയല്ല യോഗമെന്ന് വെള്ളാപ്പള്ളി തെളിയിച്ചെന്നും ചിത്തരഞ്ജൻ ചൂണ്ടിക്കാട്ടി. ചേർത്തല ശ്രീനാരായണ കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനത്തിൽ സംഘാടക സമിതി കൺവീനർ സി.പി.സുദർശനൻ സ്വാഗതവും ചേർത്തല എസ്.എൻ.ട്രസ്റ്റ് എച്ച്.എസ്.എസ് പ്രിൻസിപ്പൽ യു.ജയൻ നന്ദിയും പറഞ്ഞു. വെള്ളാപ്പള്ളി കുട്ടികളുമായി സംവദിക്കുകയും ,പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുത്തവർക്ക് ഉഹപാരങ്ങൾ നൽകുകയും ചെയ്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SAJI CHERIYAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA