SignIn
Kerala Kaumudi Online
Sunday, 20 September 2026 10.39 PM IST

ഷാഫിക്ക് മർദനമേറ്റ സംഭവം; ഇന്നും സംസ്ഥാന വ്യാപക പ്രതിഷേധം, വൈകിട്ട് യുഡിഎഫിന്റെ പ്രതിഷേധ സംഗമം

READ ENGLISH VERSION
shafi

കോഴിക്കോട്: ഷാഫി പറമ്പിൽ എംപിയെ പൊലീസ് മർദിച്ചതിൽ ഇന്നും സംസ്ഥാന വ്യാപകമായി പ്രതിഷേധിക്കാനൊരുങ്ങി കോൺഗ്രസ്. വൈകിട്ട് മൂന്ന് മണിക്ക് പേരാമ്പ്രയിൽ യുഡിഎഫ് പ്രതിഷേധ സംഗമം നടത്തും. കെസി വേണുഗോപാൽ എംപി പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്യും. ഇന്നലെ രാത്രി വൈകിയും പലയിടത്തും പ്രതിഷേധം തുടർന്നിരുന്നു. ഏറെ പണിപ്പെട്ടാണ് പൊലീസ് പ്രതിഷേധക്കാരെ നീക്കിയത്. വിവിധ ജില്ലകളിൽ നടന്ന കോൺഗ്രസ് മാർച്ചിൽ സംഘർഷമുണ്ടായി. പലയിടത്തും ദേശീയപാത ഉപരോധിച്ച പ്രവർത്തകർ ഏറെ നേരത്തിന് ശേഷമാണ് പിന്തിരിഞ്ഞത്.

തലസ്ഥാനത്ത് ഷാഫിക്ക് പിന്തുണ പ്രഖ്യാപിച്ച് യൂത്ത് കോൺഗ്രസ് രംഗത്തിറങ്ങി. സെക്രട്ടേറിയറ്റ് മാർച്ചിൽ വൻ സംഘർഷമുണ്ടായി. കൊല്ലത്തും രാത്രി ഏറെ വൈകി പ്രവർത്തകർ പ്രകടനവും ഉപരോധങ്ങളും നടത്തി. ചവറയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പൊലീസ് സ്റ്റേഷനും റോഡും ഉപരോധിച്ചു. കരുനാഗപ്പള്ളിയിൽ ഹൈവേ ഉപരോധിച്ച യൂത്ത് കോൺഗ്രസുകാരെ പൊലീസ് ബലം പ്രയോഗിച്ച് നീക്കി.

ആലപ്പുഴയിൽ രാത്രി പത്തോളം പ്രവർത്തകർ പ്രതിഷേധവുമായി ദേശീയ പാതയിലേക്കെത്തി. കളർകോട് ജംഗ്ഷനിൽ ദേശീയപാത ഉപരോധിച്ച പ്രവർത്തകർ വാഹനങ്ങൾ തടഞ്ഞത് വാക്കേറ്റത്തിനിടയാക്കി. ആലപ്പുഴ ഹൈവേ പാലത്തിലൂടെയുള്ള ഗതാഗതം പൂർണമായും സ്തംഭിപ്പിച്ചു. സമരം ഒരു മണിക്കൂറോളം നീണ്ടു. പ്രവർത്തകരെ പൊലീസ് ബലമായി അറസ്റ്റ് ചെയ്തു നീക്കി. എറണാകുളത്ത് കളമശേരി എച്ച്എംടി ജംഗ്ഷനിലും ആലുവയിലും യൂത്ത് കോൺഗ്രസ് പ്രവർത്തകർ ദേശീയപാത ഉപരോധിക്കാൻ ശ്രമിച്ചത് സംഘർഷത്തിനിടയാക്കി.

എറണാകുളത്ത് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിന്റെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. പെരുമ്പാവൂരിലും യൂത്ത് കോൺഗ്രസ് പ്രവർത്തകർ പന്തം കൊളുത്തി പ്രകടനം നടത്തി പ്രതിഷേധിച്ചു. തൊടുപുഴയിലും പ്രതിഷേധവുമായി പ്രവർത്തകർ തെരുവിലിറങ്ങി. തൃശൂരിൽ പ്രവ‍ർത്തകരും പൊലീസും തമ്മിൽ ഉന്തും തള്ളും ഉണ്ടായി. പാലക്കാട് മുഖ്യമന്ത്രിക്കെതിരെ മുദ്രാവാക്യം വിളിച്ചാണ് യൂത്ത് കോൺഗ്രസിന്റെ പ്രതിഷേധം നടന്നത്. വയനാട്ടിലെ മാനന്തവാടിയിൽ പ്രവർത്തകർ റോഡ് ഉപരോധിച്ചു.

ഇന്നലെ പേരാമ്പ്രയിൽ യുഡിഎഫ് - എൽഡിഎഫ് പ്രകടനം മുഖാമുഖം വന്നതിനെത്തുടർന്ന് പൊലീസ് നടത്തിയ ലാത്തിച്ചാർജിലാണ് ഷാഫി പറമ്പിൽ എംപിയുടെ മൂക്കിന് ഗുരുതര പരിക്കേറ്റത്. മൂക്കിലെ രണ്ട് എല്ലുകൾ തകർന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഷാഫിയെ ശസ്ത്രക്രിയയ്‌ക്ക് വിധേയനാക്കി. ഡിസിസി പ്രസിഡന്റ് കെ പ്രവീൺകുമാർ, കെഎസ്‌യു മുൻ സംസ്ഥാന പ്രസിഡന്റ് കെഎം അഭിജിത്ത് എന്നിവരടക്കം പത്ത് യുഡിഎഫ് പ്രവർത്തകർക്കും പരിക്കേറ്റു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SHAFI PARAMBIL, ATTACK, PROTEST
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA