SignIn
Kerala Kaumudi Online
Saturday, 26 September 2026 9.45 AM IST

എസ് ഐ പൊതുസ്ഥലത്ത് മദ്യപിച്ചതായി സി ഐ; കള്ളക്കേസെന്ന് പ്രോസിക്യൂഷൻ, സേനയിൽ അസ്വാരസ്യം പുകയുന്നു

kerala-police

തൃശ്ശൂർ: പൊതുസ്ഥലത്ത് മദ്യപിച്ചെന്നാരോപിച്ച് നെടുപുഴ സി ഐ അറസ്റ്റുചെയ്യുകയും തുടർന്ന് സസ്പെൻഷനിലാവുകയും ചെയ്ത എസ് ഐ ആമോദിന്റെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായിട്ടില്ലെന്ന് പ്രോസിക്യൂഷൻ. സി ഐ ദിലീപ് കുമാർ രജിസ്റ്റർ ചെയ്തത് കള്ളക്കേസാണെന്നാണ് പ്രോസിക്യൂഷൻ കോടതിയെ ധരിപ്പിച്ചത്. സി ഐ ആരോപിക്കുന്നത് പ്രകാരം എസ് ഐ ആമോദ് മദ്യപിച്ചിരുന്നില്ല എന്നാണ് രക്തപരിശോധനാഫലവും വ്യക്തമാക്കുന്നത്.

കഴിഞ്ഞ ജൂലായിലാണ് സംഭവം. വടൂക്കരയിൽ താമസിക്കുന്ന ആമോദ് കടയിൽ സാധനം വാങ്ങാൻ പോയതാണ്. എന്നാൽ പൊതുസ്ഥലത്ത് മദ്യപിച്ചു എന്ന് ചൂണ്ടിക്കാട്ടി ഉന്നത ഉദ്യോഗസ്ഥൻ കേസെടുക്കുകയായിരുന്നു. ഒഴിഞ്ഞ മദ്യക്കുപ്പി സമീപത്തെ തടിമില്ലിൽ നിന്ന് എടുത്തുകൊണ്ടുവന്ന് തൊണ്ടിമുതലാക്കിയെന്നും ആമോദ് പറഞ്ഞു.

വടൂക്കര തടിമില്ലിലെ ജീവനക്കാരിൽ ചിലർ മദ്യപിക്കാനുള്ള ഒരുക്കങ്ങൾ ചെയ്തിരുന്നുവെന്ന് സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥരിൽ നിന്ന് അറിഞ്ഞെന്നാണ് ആമോദ് അറിയിക്കുന്നത്. അവരിൽ ചിലർ വെള്ളം വാങ്ങാൻ പോയപ്പോഴാണ് അതുവഴിവന്ന ആമോദിനെ പിടികൂടിയത്. എസ്.ഐയാണെന്ന് പറഞ്ഞിട്ടും കൂട്ടാക്കിയില്ല. അടുത്ത ദിവസം കമ്മിഷണർ അന്വേഷണവിധേയമായി സസ്‌പെൻഡ് ചെയ്തു. എന്നാൽ ആമോദ് പൊതുസ്ഥലത്ത് മദ്യപിച്ചിട്ടില്ലെന്ന് സ്‌പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് നൽകിയിരുന്നു. പിന്നാലെയാണ് രക്തപരിശോധനവും അനുകൂലമായത്. എങ്കിലും ആമോദിനെതിരായ സസ്പെൻഷൻ പിൻവലിച്ചിട്ടില്ല. സിഐയ്ക്കെതിരെ ഇതുവരെ നടപടി സ്വീകരിക്കാത്തതിലും സേനയിൽ തന്നെ അതൃപ്തിയുള്ളതായാണ് റിപ്പോർട്ട്.

അതേസമയം,​ നുണ പറഞ്ഞെന്നു സംശയിച്ചാണ് ആമോദിനെ പിടികൂടിയതെന്നാണ് എസ്. എച്ച്.ഒ ദിലീപ്കുമാറിന്റെ വിശദീകരണം. ബ്രീത്ത് അനലൈസറിൽ മദ്യപിച്ചെന്ന് കണ്ടെത്തുകയും ചെയ്തത്രെ. കീഴുദ്യോഗസ്ഥരോടുള്ള ചില ഉന്നതരുടെ പെരുമാറ്റത്തിൽ ജില്ലാ പൊലീസിൽ അസ്വാരസ്യങ്ങളുണ്ട്. ഈ സംഭവത്തോടെ അത് മറനീക്കിത്തുടങ്ങി. പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ നേതാവാണ് ആമോദ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: POLICE, THRISSUR, FAKE, CASE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA