SignIn
Kerala Kaumudi Online
Friday, 25 September 2026 12.22 PM IST

24കാരിയായ വാർഡ് കൗൺസിലർ, ഇന്ത്യയിലും വിദേശത്തും കസ്റ്റമേഴ്‌സുള്ള ബിസിനസുകാരി; പ്രചോദനമാണ് അധീന

adheena-raju
അധീന രാജു

സാമൂഹിക സേവനത്തിനൊപ്പം സ്വന്തം ബിസിനസ് സംരംഭം ഒറ്റയ്ക്ക് നോക്കി നടത്തി പ്രചോദനമാവുകയാണ് ചേർത്തല നഗരസഭയിലെ മുട്ടം ബസാർ വാർഡ് കൗൺസിലർ അധീന രാജു. ആലപ്പുഴ ചേർത്തല സ്വദേശിയാണ് അധീന. ഇംഗ്ളീഷ് ലിറ്ററേച്ചറിൽ ബിരുദധാരി. വെറും 24 വയസാണ് പ്രായമെങ്കിലും ഭാരിച്ച രണ്ട് ഉത്തരവാദിത്തങ്ങളും അധീന വളരെ ഭംഗിയായിതന്നെ മുന്നോട്ട് കൊണ്ടുപോകുന്നു. ആറ് വർഷമായി ബിസിനസ് രംഗത്തുള്ള അധീനയ്ക്ക് 'ഗിഫ്‌റ്റ്‌സ് ഗാലോർ' എന്ന ആർട്ട് ആന്റ് ക്രാഫ്റ്റ് ബിസിനസ് പാഷനും വാർഡ് കൗൺസിലർ പദവി സമൂഹത്തോടുള്ള ഉത്തരവാദിത്തവുമാണ്. തന്റെ ജീവിതയാത്രയെക്കുറിച്ച് കേരള കൗമുദിയോട് മനസ് തുറക്കുയാണ് അധീന രാജു.

സ്വന്തം ബിസിനസ്

കുട്ടിക്കാലം മുതൽതന്നെ ആർട്ട്, ക്രാഫ്‌ട്, ഡിസൈനിംഗ് എന്നിവയോട് അതിയായ താത്‌പര്യമുണ്ടായിരുന്നു. സ്വന്തമായി എന്തെങ്കിലും സർഗ്ഗാത്മകമായി ചെയ്യണം എന്ന ആഗ്രഹത്തിൽ നിന്നാണ് ബിസിനസ് എന്ന ചിന്ത ഉദിച്ചത്. അങ്ങനെ ക്രാഫ്റ്റ്, ഡിസൈനിംഗ് വർക്കുകളോടുള്ള താല്പര്യം ഒരു സംരംഭമാക്കി മാറ്റാൻ തീരുമാനിക്കുകയായിരുന്നു.


പ്രത്യേകിച്ച് ഇൻസ്റ്റിറ്റ്യൂട്ടുകളിൽ പോയി കോഴ്സുകളൊന്നും പഠിച്ചിട്ടില്ല. ചെറുപ്പം മുതലേ സർഗ്ഗാത്മകമായി എന്തെങ്കിലും ഉണ്ടാക്കിയെടുക്കാൻ വലിയ ഇഷ്ടമായിരുന്നു. സ്‌കൂളിൽ പഠിക്കുന്ന സമയത്ത് കലാമേളകളിലൊക്കെ സജീവമായി പങ്കെടുക്കുമായിരുന്നു. അങ്ങനെ സ്വന്തം താല്പര്യത്താൽ സ്വയം ചെയ്ത് പഠിച്ച പരിചയവും അനുഭവങ്ങളുമാണ് ബിസിനസിന് കരുത്തായത്.


വീടിനടുത്തുള്ള ഒരു ചേട്ടന് ബോട്ടിൽ ആർട്ട് ചെയ്തു നൽകിയിരുന്നു. ഞാൻ ചോദിക്കാതെ തന്നെ, അത് കണ്ടിഷ്ടപ്പെട്ട് അദ്ദേഹം സന്തോഷത്തോടെ എനിക്ക് ഒരു തുക തരികയായിരുന്നു. അതായിരുന്നു എന്റെ ആദ്യത്തെ കസ്റ്റമറും ഏറ്റവും വലിയ പ്രോത്സാഹനവും. ആ നിമിഷത്തിൽ ലഭിച്ച സന്തോഷവും ആത്മവിശ്വാസവുമാണ് ബിസിനസിലേക്ക് ധൈര്യത്തോടെ മുന്നേറാൻ എനിക്ക് പ്രചോദനമായത്.


കൃത്യമായ ഗുണനിലവാരം നിലനിർത്താൻ കഴിഞ്ഞതുകൊണ്ടാണ് ആളുകളുടെ വിശ്വാസ്യത നേടിയെടുക്കാൻ സാധിച്ചത്. ഒപ്പം സോഷ്യൽ മീഡിയ വഴിയുള്ള പ്രൊമോഷനുകളും വലിയ പങ്കുവഹിച്ചു. അതിലൊക്കെ ഉപരി, എന്റെ പ്രോഡക്ട്‌സ് വാങ്ങിയ കസ്റ്റമേഴ്‌സിൽ ഭൂരിഭാഗവും പിന്നീട് വീണ്ടും ഓർഡറുകളുമായി എന്നെത്തന്നെ തേടിയെത്താറുണ്ട്. ആ സ്നേഹവും നല്ല അഭിപ്രായങ്ങളുമാണ് ബിസിനസ് കൂടുതൽ വളർത്താനും വിപുലപ്പെടുത്താനും സഹായിച്ചത്.


കുഞ്ഞുങ്ങളുടെ പേരിടൽ ചടങ്ങുകളിൽ പ്രധാന ആകർഷണമായ ഒന്നാണ് നെയിം റിവീലിംഗ് ബോർഡ്. കുഞ്ഞിന്റെ പേരും മറ്റ് വിശേഷങ്ങളും മനോഹരമായി കസ്റ്റമൈസ് ചെയ്ത് ഡിസൈൻ ചെയ്തെടുക്കുന്ന ബോർഡുകളാണിവ. ആ സുന്ദര നിമിഷങ്ങൾ എന്നും ഓർമ്മയിൽ സൂക്ഷിക്കാൻ ആളുകൾക്കിടയിൽ ഇന്ന് ഇതിന് വലിയ പ്രിയമുണ്ട്. അത്തരമൊരു ബോർഡ് നിർമിച്ച് നൽകിയത് ഇൻസ്റ്റാഗ്രാമിൽ വൈറലായതാണ് ജീവിതത്തിൽ വഴിത്തിരിവായത്.

ഇന്നത്തെ കാലത്ത് ബിസിനസ് വിപുലീകരിക്കുന്നതിൽ സോഷ്യൽ മീഡിയ വലിയ പങ്ക് വഹിക്കുന്നുണ്ട്. ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക് എന്നിവ വഴി ഞങ്ങളുടെ പ്രൊഡക്റ്റുകളുടെ ചിത്രങ്ങളും വീഡിയോകളും പങ്കുവച്ചാണ് പ്രധാനമായും പ്രൊമോഷൻ നടത്തുന്നത്.

adheena-raju
അധീന രാജു

ആദ്യ തൊഴിൽ

ഡിസൈനിംഗും പ്രിന്റിംഗ് സാങ്കേതികവിദ്യകളും കൂടുതൽ അടുത്തറിയാനും പ്രാക്ടിക്കൽ പരിചയം നേടാനുമാണ് പ്രിന്റിംഗ് ഷോപ്പിൽ അപ്രന്റീസ് ആയി ജോലി ചെയ്തത്. അത് ബിസിനസ് കൂടുതൽ പ്രൊഫഷണൽ ആക്കാൻ വളരെ സഹായിച്ചു.

രാഷ്ട്രീയ പ്രവേശനം

പൊതുജനങ്ങളുമായി നിരന്തരം സമ്പർക്കം പുലർത്താനും നാട്ടിലെ പ്രശ്നങ്ങളിൽ ഇടപെടാനും എപ്പോഴും താല്പര്യമുണ്ടായിരുന്നു. നാടിന്റെ വികസനത്തിലും സാമൂഹിക സേവനത്തിലും നേരിട്ട് പങ്കാളിയാകാൻ രാഷ്ട്രീയ പ്രവർത്തനം മികച്ചൊരു മാർഗമായി തോന്നി. എൽഡിഎഫ് (കേരള കോൺഗ്രസ് - എം) പ്രവർത്തകയാണ്.

തിരഞ്ഞെടുപ്പ്

നഗരസഭ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ കഴിഞ്ഞത് വലിയൊരു അനുഭവമായിരുന്നു. വാർഡിലെ ഓരോ വീടുകളിലുമെത്തി ജനങ്ങളുടെ പ്രശ്നങ്ങൾ നേരിട്ട് മനസിലാക്കാനും അവരുടെ പിന്തുണ നേടിയെടുക്കാനും കഴിഞ്ഞു. ചേർത്തല നഗരസഭയിലെ 31-ാം വാർഡായ മുട്ടം ബസാറിൽ നിന്നാണ് ഞാൻ കൗൺസിലറായി വിജയിച്ചത്. നാടിന്റെ വികസനത്തിനും ജനങ്ങളുടെ ആവശ്യങ്ങൾക്കുമായി പ്രവർത്തിക്കാൻ അവർ എന്നിൽ അർപ്പിച്ച വലിയൊരു ഉത്തരവാദിത്തമായിട്ടാണ് ഇതിനെ കാണുന്നത്.

നഗരസഭയിലെ വികസന കാര്യ സ്ഥിരം സമിതി അദ്ധ്യക്ഷയായി (ഡെവലപ്പിംഗ് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ)​ തിരഞ്ഞെടുക്കപ്പെട്ടു. കൂടുതൽ ഉത്തരവാദിത്തത്തോടെ നാടിന്റെ വികസന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ ഇതിലൂടെ സാധിക്കുന്നു.

adheena-raju
അധീന രാജു

ബിസിനസ് നേട്ടങ്ങളും ലക്ഷ്യങ്ങളും

കുറഞ്ഞ സമയം കൊണ്ട് നിരവധിയാളുകളിലേക്ക് പ്രൊഡക്റ്റുകൾ എത്തിക്കാനും ഒരു കൂട്ടം തൃപ്തരായ കസ്റ്റമേഴ്സിനെ ഉണ്ടാക്കിയെടുക്കാനും സാധിച്ചതാണ് പ്രധാന നേട്ടം. അതിലുപരി, ഇന്ന് എനിക്ക് മറ്റൊരാൾക്ക് കൃത്യമായി ശമ്പളം നൽകാൻ കഴിയുന്നുണ്ട് എന്നതും, ഞാൻ കാരണം ഒരു കുടുംബത്തിന് വരുമാനം കണ്ടെത്താൻ സാധിക്കുന്നുണ്ട് എന്നതും വലിയൊരു ആത്മസംതൃപ്തിയും സന്തോഷവും നൽകുന്ന കാര്യമാണ്.

കുട്ടികളുടെ നെയിം റിവീലിംഗ് ബോർഡുകൾ സോഷ്യൽ മീഡിയയിൽ വൈറലായതുകൊണ്ട് അതിനാണ് നിലവിൽ കൂടുതൽ ഓർഡറുകൾ ലഭിക്കുന്നത്. എന്നാൽ അതിൽ മാത്രം ഒതുങ്ങുന്നതല്ല നമ്മുടെ വർക്കുകൾ. പ്രിയപ്പെട്ടവർക്കായി നൽകാവുന്ന വെറൈറ്റി ഗിഫ്റ്റുകൾ, ഫോട്ടോ ഫ്രെയിമുകൾ, എൻഗേജ്‌മെന്റ് ആവശ്യങ്ങൾക്കുള്ള ഐറ്റങ്ങൾ, ഇൻവിറ്റേഷൻ കാർഡുകൾ, ഫോട്ടോ ഫ്രെയിമുകൾ, ബാനറുകൾ തുടങ്ങി നിരവധിയായ പ്രൊഡക്റ്റുകളും കസ്റ്റമൈസ് ചെയ്ത് നൽകുന്നുണ്ട്.


ഇന്ന് കേരളത്തിലെ എല്ലാ ജില്ലകളിലും ഇന്ത്യയിലുടനീളവും നമുക്ക് കസ്റ്റമേഴ്‌സുണ്ട്. അത് മാത്രമല്ല, വിദേശത്തുനിന്നും നിരവധി ഓർഡറുകൾ ലഭിക്കുന്നുണ്ടെന്നത് വലിയ സന്തോഷം നൽകുന്നു. ബിസിനസ് കൂടുതൽ വിപുലീകരിച്ച് പുതിയ ആളുകൾക്ക് തൊഴിലവസരങ്ങൾ നൽകുക എന്നതാണ് ലക്ഷ്യം.

ജനപ്രതിനിധിയെന്ന ഉത്തരവാദിത്തവും ബിസിനസും എങ്ങനെ ഒരുമിച്ച് കൊണ്ട് പോകുന്നു?

കൃത്യമായ ടൈം മാനേജ്‌മെന്റാണ് ഇതിന്റെ പ്രധാന രഹസ്യം. നാട്ടുകാരുടെ ആവശ്യങ്ങൾക്കും വാർഡിലെ സേവന പ്രവർത്തനങ്ങൾക്കുമാണ് ഞാൻ എപ്പോഴും പ്രഥമ മുൻഗണന നൽകുന്നത്. ബിസിനസ് കാര്യങ്ങൾക്കായി പ്രത്യേക സമയം മാറ്റിവച്ചും, എന്റെ സ്ഥാപനത്തിലെ ജീവനക്കാരുടെയും കുടുംബത്തിന്റെയും പിന്തുണയോടെയുമാണ് രണ്ടും ഒരുപോലെ തടസമില്ലാതെ മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കുന്നത്. നിലവിൽ സ്ഥാപനത്തിന്റെ നിയന്ത്രണം ഞാൻ തന്നെയാണ് കൈകാര്യം ചെയ്യുന്നത്. പൂർണ പിന്തുണയുമായി അച്ഛൻ രാജു എബ്രഹാമും അമ്മ ജാനറ്റ് പി എഫും ഒപ്പമുണ്ട്.

രാഷ്ട്രീയ ലക്ഷ്യങ്ങൾ

ഭാവിയിലെ കാര്യങ്ങളെക്കുറിച്ച് ഇപ്പോൾ ചിന്തിക്കുന്നതിനേക്കാൾ നിലവിൽ കൗൺസിലർ എന്ന രീതിയിൽ ജനങ്ങൾ എന്നെ ഏൽപ്പിച്ച ചുമതലകൾ ഏറ്റവും മികച്ച രീതിയിൽ ചെയ്തുതീർക്കാനാണ് ശ്രമിക്കുന്നത്. നാടിന്റെ വികസനവും വാർഡിലെ ജനങ്ങളുടെ ആവശ്യങ്ങളുമാണ് ഇപ്പോഴത്തെ എന്റെ പ്രധാന ലക്ഷ്യം.

വാർഡിലെ അടിസ്ഥാന സൗകര്യ വികസനം, കുടിവെള്ള പ്രശ്നങ്ങൾ പരിഹരിക്കൽ, വഴിവിളക്കുകൾ സ്ഥാപിക്കൽ, അർഹരായവരിലേക്ക് ക്ഷേമ പദ്ധതികൾ കൃത്യമായി എത്തിക്കൽ എന്നിവയ്ക്കാണ് പ്രധാനമായും പ്രാധാന്യം നൽകുന്നത്. കൂടാതെ, സ്കൂൾ തുറക്കുന്ന സമയത്ത് കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്യാനും സാധിച്ചു. ജന പങ്കാളിത്തം ഉറപ്പാക്കുന്നതിനായി വാർഡ് സഭ കൃത്യമായി വിളിച്ചുകൂട്ടുന്നു. നാട്ടുകാരുടെ ആവശ്യങ്ങൾ നേരിട്ട് കേട്ടറിഞ്ഞാണ് പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നത്.

നാടിന്റെയും ജനങ്ങളുടെയും ആവശ്യങ്ങളിൽ എപ്പോഴും ഒപ്പമുണ്ടാകുക, യുവാക്കൾക്കും സ്ത്രീകൾക്കും രാഷ്ട്രീയത്തിലൂടെ മികച്ച മാറ്റങ്ങൾ കൊണ്ടുവരാൻ കഴിയുമെന്ന് തെളിയിക്കുക എന്നതാണ് പ്രധാന ലക്ഷ്യം.

View this post on Instagram

A post shared by Adheena (@_gifts__galore_)


English Summary

At just 24, Cherthala municipal councillor Adeena Raju is successfully balancing social service with running her own business. A graduate in English Literature, she has been in business for six years and runs “Gifts Galore,” an art and craft venture. She views her business as a passion and her role as councillor as a responsibility toward society.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ADHEENA RAJU, ADHEENA RAJU WARD COUNCILLOR, CHERTHALA WARD COUNCILLOR, ENTREPRENEUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA