SignIn
Kerala Kaumudi Online
Thursday, 13 August 2026 2.42 AM IST

സിനിമയെ വെല്ലുന്ന ചേസിംഗുമായി രജനി: മോഷ്ടാവിന്റെ സ്‌കൂട്ടറിൽ തൂങ്ങി മാല വീണ്ടെടുത്തു

rajani

ആലപ്പുഴ: മാല പൊട്ടിച്ച് സ്‌കൂട്ടറിൽ പായുന്ന മോഷ്ടാവ്. സ്‌കൂട്ടറിന് പിന്നിൽ പിടിച്ചു തൂങ്ങിക്കിടന്ന് നിലവിളിക്കുന്ന യുവതി. നിയന്ത്രണംവിട്ട സ്‌കൂട്ടറിൽ നിന്ന് തെറിച്ചുവീണ മോഷ്ടാവിൽ നിന്ന് അവൾ മാല വീണ്ടെടുത്തു. ഓടിയെത്തിയ നാട്ടുകാർ മോഷ്‌ടാവിനെ പിടിച്ച് കായംകുളം പൊലീസിനു കൈമാറി. കഴിഞ്ഞ ദിവസം കായംകുളം കൃഷ്ണപുരത്താണ് സിനിമയെ വെല്ലുന്ന രംഗങ്ങളുണ്ടായത്.

കൃഷ്ണപുരം കാപ്പിൽ കിഴക്ക് ഐശ്വര്യയിൽ എൻ. രജനിയാണ് (47) മോഷ്ടാവായ ഭരണിക്കാവ് ഇലപ്പിക്കുളം സ്വദേശി നെൽസണിൽ നിന്ന് മാല വീണ്ടെടുത്തത്. സംഭവ സമയത്ത് രജനി മാത്രമേ സ്ഥാപനത്തിലുണ്ടായിരുന്നുള്ളൂ. 10 വർഷമായി കൃഷ്ണപുരം ഗ്രാപഞ്ചായത്തിന് സമീപം ആർ.ആർ ബിൽഡിംഗ് ആൻഡ് ഡിസൈനിംഗ് സ്ഥാപനം നടത്തുകയാണ് രജനി. പ്ലാൻ വരയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് നെൽസണെത്തിയത്. ഇരിക്കാൻ ആവശ്യപ്പെട്ടെങ്കിലും നിന്നോളാമെന്ന് പറഞ്ഞ് മേശയിൽ കൈകുത്തി നിന്നു.

വിവരങ്ങൾ ചോദിക്കുന്നതിനിടെ ജീൻസിന് പിന്നിൽ കരുതിയ സ്‌ക്രൂഡ്രൈവറെടുത്ത് രജനിയുടെ കഴുത്തിൽ കുത്താൻ ശ്രമിച്ചു. തടഞ്ഞപ്പോൾ താലിയും ലോക്കറ്റുമടക്കമുള്ള രണ്ടുപവന്റെ മാല പൊട്ടിച്ചു. ആദ്യം പേടിച്ചെങ്കിലും രജനി പിന്നാലെയോടി. രക്ഷപ്പെടാൻ ശ്രമിച്ച നെൽസണിന്റെ സ്‌കൂട്ടറിന് പിന്നിൽ തൂങ്ങിക്കിടന്നു. രജനിയെ വലിച്ചിഴച്ച് സ്‌കൂട്ടർ മൂന്നുമീറ്റർ മുന്നോട്ടുപോയി. ബഹളമുണ്ടാക്കിയതോടെ മറ്റ് സ്ഥാപനങ്ങളിലുള്ളവർ ഓടിയെത്തി. തുടർന്ന് നിയന്ത്രണം വിട്ട് സ്‌കൂട്ടർ പാർക്ക് ചെയ്തിരുന്ന കാറിൽ ഇടിച്ച് മറിഞ്ഞു. നാട്ടുകാർ നെൽസണെ പിടിച്ചു.

 'വിട്ടുകളയാൻ മനസുവന്നില്ല"

ഞാൻ അധ്വാനിച്ചുണ്ടാക്കിയ മുതലാണ് പൊട്ടിച്ചെടുത്തത്. അത് വിൽക്കുമ്പോൾ അവന് വിഷമമുണ്ടാകില്ല. ആ ചിന്തയാണ് പിന്നാലെ ഓടാൻ പ്രേരിപ്പിച്ചത്. നടുവിനും കഴുത്തിനുമൊക്കെ നല്ല വേദനയുണ്ട്. രാത്രി 10 മണിവരെ ഒറ്റയ്ക്ക് ജോലി ചെയ്തിട്ടുണ്ട്. പക്ഷേ ഇത്തരമൊരു അനുഭവം ആദ്യമാണ്"- രജനി പറയുന്നു. സമീപത്തെ ബാർബർ ഷോപ്പ് തുറന്നിരുന്നില്ല. അടുത്ത് മറ്റാരുമുണ്ടായിരുന്നില്ല. രണ്ടുമിനിറ്റോളം സ്ഥിതിഗതികൾ മനസിലാക്കിയാണ് നെൽസണെത്തിയത്. രജനിയുടെ സ്ഥാപനമുള്ള 18-ാം വാർഡിലെ പഞ്ചായത്തംഗമാണ് ഭർത്താവ് റാം കിഷോർ. എൻജിനിയറിംഗ് വിദ്യാർത്ഥി ഐശ്വര്യയാണ് മകൾ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CHAIN SNATCHING
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA