
നെയ്യാറ്റിൻകര: മാർത്താണ്ഡത്തെ ബത്‌ലഹേം നഴ്സിംഗ് കോളേജ് കെട്ടിടത്തിന്റെ മുകളിൽ നിന്ന് ചാടി ആത്മഹത്യക്ക് ശ്രമിച്ച വിദ്യാർത്ഥിനി മരിച്ചു. വെള്ളറട കത്തിപ്പാറ പി.എ.എൻ ഹൗസിൽ അനിൽരാജിന്റേയും സോണിയയുടെയും മകളും നഴ്സിംഗ് മൂന്നാം വർഷ വിദ്യാർത്ഥിനിയുമായ അൻസിജിയാണ് (21) മരിച്ചത്.
മോശം ഭക്ഷണത്തിനെതിരെ സമരം നടത്തിയതിനുൾപ്പെടെ പ്രിൻസിപ്പൽ ഉൾപ്പെടെയുള്ള മാനേജ്‌മെന്റിൽ നിന്നുമുണ്ടായ മാനസിക പീഡനത്തെ തുടർന്നാണ് ആത്മഹത്യയെന്ന് രക്ഷിതാക്കൾ ആരോപിച്ചു. രക്ഷിതാക്കളുടെ പരാതിയിൽ തമിഴ്‌നാട് കരിങ്കൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
വെള്ളിയാഴ്ച വൈകിട്ട് മൂന്നോടെ, കെട്ടിടത്തിന്റെ മൂന്നാം നിലയിൽ നിന്ന് ചാടി കൈകാലുകൾക്കും ശരീരമാകെയും ഗുരുതരമായി ഒടിവും പരിക്കുമേറ്റ നിലയിൽ കണ്ടെത്തിയ അൻസിജിയെ തൊട്ടടുത്ത കരിങ്കലിലെ ശാലോം ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് നെയ്യാറ്റിൻകരയിലെയും നഗരത്തിലെയും സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. വിദഗ്ദ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രക്ഷിക്കാനായില്ല. അതേസമയം മരണത്തിൽ പങ്കില്ലെന്ന വാദവുമായി കോളേജ് അധികൃതർ രംഗത്തെത്തി. വിദ്യാർത്ഥിനി കോളേജിൽ വിലക്ക് ലംഘിച്ച് മൊബൈൽ ഫോണുമായി എത്തിയത് ചോദിച്ചിരുന്നു. മറ്റ് ആരോപണളെല്ലാം അടിസ്ഥാനരഹിതമാണെന്നും അവർ അറിയിച്ചു.
ഇളയ സഹോദരി അമരവിളയിലെ സ്‌കൂളിലെ പ്ലസ് ടു വിദ്യാർത്ഥിയാണ്. ഉദിയൻകുളങ്ങരയിലാണ് താമസം. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ. ഇന്ന് പോസ്റ്റുമോർട്ടത്തിന് ശേഷം കത്തിപ്പാറയിലെ വീട്ടിലേക്ക് കൊണ്ടുപോകും.
പകയ്ക്ക് പിന്നിൽ 'ഭക്ഷണ സമര'മെന്ന്
കോളേജ് ഹോസ്റ്റലിൽ താമസിച്ചിരുന്ന അൻസിജി ഉൾപ്പെടെയുള്ള വിദ്യാർത്ഥികൾ മോശം ഭക്ഷണം നൽകിയതിനെതിരെ സമരം നടത്തിയിരുന്നു. സമരം ചെയ്ത വിദ്യാർത്ഥികളെ ഹോസ്റ്റലിൽ നിന്ന് പുറത്താക്കി. ശേഷം സ്വകാര്യ ഹോസ്റ്റലിൽ തങ്ങി പഠിച്ചുവന്ന വിദ്യാർത്ഥികൾ തമിഴ് ടെലിവിഷൻ ചാനലിന് നൽകിയ അഭിമുഖത്തിൽ മോശം ഭക്ഷണത്തെ കുറിച്ച് പരാമർശിച്ചു. ഇത് സോഷ്യൽമീഡിയയിൽ പ്രചരിച്ചു. തുടർന്ന് അദ്ധ്യാപകരും മാനേജ്‌മെന്റും വേട്ടയാടുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തതായി രക്ഷിതാക്കൾ കരിങ്കൽ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |