
ആലപ്പുഴ: പശ്ചിമേഷ്യൻ യുദ്ധത്തെ തുടർന്ന് ടാറിന്റെയും ബിറ്റുമിൻ എമൽഷന്റെയും ക്ഷാമവും വിലവർദ്ധനയും മൂലം സംസ്ഥാനത്തെ റോഡ് ടാറിംഗ് ഉൾപ്പെടെയുള്ള മരാമത്ത് പണികൾ കട്ടപ്പുറത്തായി. ഗ്രാമീണ മേഖലകളിൽ ഉൾപ്പെടെ പലയിടത്തും റോഡുകളുടെ ടാറിംഗ് പാതിവഴിയിലാണ്.
മാർച്ച് ഒന്നിന് ടണ്ണിന് 58,764 രൂപയായിരുന്നത് അഞ്ചിന് 61,126 രൂപയായി. 12ന് 3,500 രൂപ വീണ്ടും കൂടി. ഇപ്പോൾ 18 ശതമാനം ജി.എസ്.ടി ഉൾപ്പെടെ ടണ്ണിന് 89,000യാണ് ടാറിന്റെ വില. മൂന്നു മാസത്തിനിടെ വർദ്ധിച്ചത് 30,236 രൂപ. 2025 ഡിസംബറിൽ ടണ്ണിന് 52,799 രൂപയായിരുന്നു ടാർ വില. റോഡ് പണി എസ്റ്റിമേറ്റുകളിൽ ഒരു ടൺ ടാറിന് 55,259 രൂപയാണ് സർക്കാർ അനുവദിച്ചിട്ടുള്ളത്. ഇപ്പോഴത്തെ വിലയനുസരിച്ച് കരാറുകാർ ടണ്ണിന് 33,741 രൂപ അധികം നൽകേണ്ടി വരുന്നു.
ഗുണനിലവാരം വർദ്ധിപ്പിക്കാൻ ഗ്രാമീണ റോഡുകളുടെയുൾപ്പെടെ നിർമ്മാണം ബി.എം.ബി.സി നിലവാരത്തിലേക്ക് ഉയർത്തിയതോടെ പരമ്പരാഗത നിർമ്മാണ രീതിയേക്കാൾ നാലിരട്ടി ടാറാണ് ആവശ്യമായി വരുന്നത്. മാർച്ച്, ഏപ്രിൽ മാസങ്ങളിലാണ് സംസ്ഥാനത്ത് പ്രധാനമായും റോഡ് നവീകരണ ജോലികൾ നടക്കുന്നത്. പലയിടത്തും ഇത് ഭാഗികമായിപ്പോലും നടന്നില്ല.
വില വർദ്ധന
(ഉത്പന്നം, മാർച്ചിലെ വില, ഇപ്പോഴത്തെ വില, വർദ്ധന)
ടാർ(1ബാരൽ )............................ 58,764......89,000............30,236
റബറൈസ്ഡ് ബിറ്റുമിൻ............86,000.......93,770.............7,700
എമൽഷൻ(ആർ.എസ്.1)........... 11,000.......16,220............5,220
എമൽഷൻ(എസ്.എസ്.1)...........17,000.......23,730.............6,730
തകർന്ന റോഡുകൾ................9,398 എണ്ണം
റണ്ണിംഗ് കോൺട്രാക്ട് റോഡുകൾ.........19,500 കി.മീ
ബി.എം.ബി.സി നിലവാരത്തിൽ നവീകരിക്കാനുള്ളത്.......11,824 കി.മീറ്റർ
ടാറിന്റെ വിലക്കൂടുതലും ക്ഷാമവും കാരണം വേനൽക്കാലത്ത് റോഡ് ടാറിംഗ് ഉൾപ്പെടെ ജോലികൾ ചെയ്യാൻ സാധിക്കാത്ത സ്ഥിതിയാണുണ്ടായത്. വിലക്കൂടുതലനുസരിച്ച് എസ്റ്റിമേറ്റിൽ റേറ്റ് കൂട്ടാൻ സർക്കാർ തയ്യാറാകുന്നില്ല
- വർഗീസ് കണ്ണമ്പള്ളി, ഗവ. കോൺട്രാക്ടേഴ്സ് അസോസിയേഷൻ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |