SignIn
Kerala Kaumudi Online
Tuesday, 13 October 2026 5.41 PM IST

യൂണി. പരീക്ഷാ പരിഷ്കരണ സമിതി റിപ്പോർട്ട് സമർപ്പിച്ചു: മോഡറേഷൻ ഒഴിവാക്കണം, ഉത്തരക്കടലാസുകളിൽ ക്യു.ആർ കോഡ്

exam

 നിർദ്ദേശങ്ങൾ നടപ്പാക്കുമെന്ന് മന്ത്രി ബിന്ദു

തിരുവനന്തപുരം: സർവകലാശാല പരീക്ഷകളിൽ മോഡറേഷൻ, ഗ്രേസ് മാർക്കിന്റെ ഇരട്ട ആനുകൂല്യം തുടങ്ങിയവ ഒഴിവാക്കണം എന്നതടക്കമുള്ള ശുപാർശകളടങ്ങിയ സർവകലാശാല പരീക്ഷാ പരിഷ്കരണ സമിതി റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചു. ഉത്തരക്കടലാസുകളിൽ ഫാൾസ് നമ്പറിടുന്നത് ഉൾപ്പെടെ പരമ്പരാഗത മൂല്യനിർണയ രീതി മാറണമെന്നും പകരം ക്യു.ആർ കോഡ്, ബാർകോഡ് എന്നിവ പതിപ്പിക്കാമെന്നും ശുപാർശയുണ്ട്. മാർക്കും ഗ്രേഡും സർവകലാശാലാ വെബ്പോർട്ടലിലേക്ക് നേരിട്ട് അപ്‌ലോഡ് ചെയ്യണം. എം.ജി സർവകലാശാല പി.വി.സി ഡോ.സി.ടി അരവിന്ദകുമാർ അദ്ധ്യക്ഷനായ സമിതിയുടെ ശുപാർശകൾ എത്രയും വേഗം നടപ്പാക്കുമെന്ന് മന്ത്രി ഡോ.ആർ.ബിന്ദു പറഞ്ഞു. ഇതിനായി നിർവഹണസമിതി രൂപീകരിക്കും.

പരീക്ഷകളുടെ സമയം കുറയ്ക്കണം. മുപ്പത് ദിവസത്തിനകം ഫലം പ്രഖ്യാപിക്കണം. ഇത് ഉടൻ സ്​റ്റുഡന്റ് പോർട്ടൽ വഴി ലഭ്യമാക്കണം. പ്രൊവിഷണൽ സർട്ടിഫിക്കറ്റടക്കം 15 ദിവസത്തിനകം നൽകണം. 30 ദിവസത്തിനകം ബിരുദ സർട്ടിഫിക്കറ്റും. ഇതിൽ കോളേജിന്റെ പേരുവേണം. കോഴ്സുകളുടെ ക്രെഡി​റ്റ് അനുസരിച്ച് സെമസ്​റ്റർ പരീക്ഷകളുടെ ദൈർഘ്യം നിശ്ചയിക്കണം. പ്രായോഗിക, പ്രോജക്ട് വർക്കുകളുടെ മൂല്യനിർണയത്തിന് പരീക്ഷ ഒഴിവാക്കണം.

മുൻ സെമസ്​റ്റർ പരീക്ഷകൾ വിജയിച്ച്, അവസാന സെമസ്​റ്റർ പരീക്ഷകളിൽ 2 വിഷയങ്ങളിൽ പരാജയപ്പെടുന്നവർക്കായി പ്രത്യേക സപ്ലിമെന്ററി പരീക്ഷ നടത്താം. പരീക്ഷാ ഓഡിറ്റിംഗ് നടപ്പാക്കണം.

മറ്റു ശുപാർശകൾ

 ബിരുദ, ബിരുദാനന്തര പ്രവേശനം ജൂൺ, ജൂലായ് മാസത്തിൽ പൂർത്തിയാക്കണം

 പി.ജി പ്രവേശനത്തിന് ദേശീയതലത്തിൽ വിജ്ഞാപനം ചെയ്ത് പ്രവേശന പരീക്ഷ

 പ്രവേശനത്തിന് ടി.സി നിർബന്ധമാക്കരുത്

 പ്രകൃതിക്ഷോഭം കാരണമല്ലാതെ പരീക്ഷകൾ മാറ്റരുത്

 പരീക്ഷാകേന്ദ്രങ്ങളിൽ ഡിജിറ്റൽ നിരീക്ഷണ സംവിധാനം

 അദ്ധ്യാപകർക്കും ആധാറുമായി ബന്ധിപ്പിച്ച് യുണീക്ക് ഐഡി

 ഓൺസ്ക്രീൻ മൂല്യനിർണയം

 സൂക്ഷ്മപരിശോധനയ്ക്ക് ഉത്തരക്കടലാസിന്റെ സ്കാൻ ചെയ്ത പതിപ്പ് വിദ്യാർത്ഥിക്ക് നൽകണം

ക്ലാസ് ഹാജറിന്
വെയി​റ്റേജ് വേണ്ട

ഇന്റേണൽ മാർക്ക് പരാതികൾ പരിഹരിക്കാൻ വകുപ്പ്, കോളേജ്, സർവകലാശാല എന്നിങ്ങനെ ത്രിതല സംവിധാനം വേണം. ബിരുദ, ബിരുദാനന്തര കോഴ്സുകളിൽ ഇന്റേണൽ മാർക്ക് കുറഞ്ഞത് 40 ശതമാനമാക്കണം. ക്ലാസ്റൂം അ​റ്റന്റൻസ് മൂല്യനിർണയ മാനദണ്ഡമാക്കേണ്ടതില്ല. ക്ലാസ് ഹാജറിന് വെയി​റ്റേജ് നൽകുന്ന രീതി നിറുത്തണം.

വിദ്യാർത്ഥികൾക്ക് യുണീക്ക് ഐഡി നമ്പർ നൽകണം. സർവകലാശാലകളിൽ പഠന ലക്ഷ്യത്തെ അടിസ്ഥാനമാക്കിയുള്ള വിദ്യാഭ്യാസ പദ്ധതി നടപ്പാക്കണം. പാഠ്യപദ്ധതിയും ചട്ടങ്ങളും സർവകലാശാലകൾ രൂപീകരിക്കണം. ഭാവിയിൽ സിലബസും മൂല്യനിർണയ രീതികളും കോളേജുകൾ വികസിപ്പിക്കണം. ഇന്റേണൽ അസസ്‌മെന്റിന്റെ ഫലം അവസാന സെമസ്​റ്റർ പരീക്ഷ ആരംഭിക്കുന്നതിന് രണ്ടാഴ്ച മുമ്പ് പ്രസിദ്ധീകരിക്കണം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: UNIVERSITY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA